ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കെതിരെ ഗുരുതര ആരോപണം

ഐഎസ്എല്ലില്‍ ആരാധ കരുത്ത് കൊണ്ട് എതിരാളികളുടെ വെല്ലുവിളികളെ അനായാസം മറികടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ തേടി ഗുരുതര ആരോപണവുമായി ചെന്നൈയിന്‍ എഫ്‌സി ആരാധകര്‍. ഈയാഴ്ചത്തെ ഐഎസ്എല്‍ ഗോള്‍ ഓഫ് ദി വീക്ക് കേരള ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീതിനു ലഭിച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഐഎസ്എല്‍ വെബ് സൈറ്റ് ഹാക്ക് ചെയ്തതിനാലാണെന്നാണ് ചെന്നൈ ആരാധകരുടെ പരാതി.

ചെന്നൈയിന്‍ എഫ്‌സിയുടെ താരം ധന്‍പാല്‍ ഗണേഷിനു ലഭിക്കേണ്ട അവാര്‍ഡ് തട്ടിയെടുത്തു എന്നാണ് ചെന്നൈ ഫാന്‍സ് പറയുന്നത്.

ഒന്നിനൊന്നു മികച്ച ഗോളുകളായിരുന്നു സികെ വിനീതിന്റെയും ധന്‍പാല്‍ ഗണേഷിന്റെയും. ഫാന്‍സ് ഗോള്‍ ഓഫ് ദി വീക്ക് അവാര്‍ഡിനുള്ള വോട്ടിങ്ങില്‍ ഇരുതാരങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടവും നടന്നു. ഒടുവില്‍ അന്‍പത്തിയെട്ടു ശതമാനം വോട്ടുകള്‍ നേടി സികെ വിനീത് വിജയം സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ ഇതാണ് ചെന്നൈ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഒരു ഘട്ടത്തില്‍ വോട്ടിങ്ങില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ അവസാന സമയമായപ്പോഴേക്കും സി.കെ വിനീത് വളരെ മുന്നിലായതില്‍ ക്രമക്കേടുണ്ടെന്നാണ് ഇവര്‍ വാദിക്കുന്നത്.

ഐഎസ്എല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ധന്‍പാല്‍ ഗണേഷിനു കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇല്ലാതാക്കിയെന്നാണ് ചെന്നൈയിന്‍ എഫ്‌സി ആരാധകര്‍ പറയുന്നത്. മാത്രമല്ല, സ്ഥിരമായി ഫാന്‍സ് ഗോള്‍ ഓഫ് ദി വീക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സ്വന്തമാക്കുന്നതും ഇത്തരത്തിലാണെന്നും അവര്‍ പറയുന്നുണ്ട്.