വസ്ത്രധാരണ സ്വാതന്ത്ര്യം ഹനിക്കുന്ന കാട്ടുനീതിക്കെതിരെ ഇറാനിലെ യൂണിവേഴ്‌സിറ്റിയില്‍ വസ്ത്രമൂരി അടിവസ്ത്രത്തില്‍ നിന്ന് പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ലെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. ഇറാന്റെ കര്‍ശനമായ ഡ്രസ് കോഡിനെതിരെ ടെഹ്റാന്‍ യൂണിവേഴ്സിറ്റിയില്‍ ധരിച്ചിരുന്ന വസ്ത്രമൂരി അടിവസ്ത്രത്തില്‍ നടന്നു പ്രതിഷേധിച്ച സ്ത്രീയെ ഇറാന്റെ സെക്യൂരിറ്റി സംഘം ക്രൂരമായി മര്‍ദ്ദിച്ച് തടവിലാക്കിയ ശേഷം അവരെ കുറിച്ച് യാതൊരുവിവരവും ലഭ്യമല്ല. യുവതിയെ കാണാതായതോടെ പ്രതിഷേധം കനത്തപ്പോള്‍ ടെഹ്‌റാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ യുവതിയുടേത് ഹിജാബ് വിരുദ്ധ പ്രതിഷേധം ആയിരുന്നില്ലെന്നും മാനസികാരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് അവര്‍ അങ്ങനെ ക്യാമ്പസില്‍ പ്രകടനം നടത്തിയതെന്നും പറഞ്ഞു തടിയൂരാനുള്ള ശ്രമമാണ്. എന്നാല്‍ രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഹിജാബ് നിയമങ്ങള്‍ക്കെതിരായ പ്രതിഷേധമായാണ് ടെഹ്‌റാന്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ നടന്ന പ്രതിഷേധത്തെ ഇറാനിലെ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീ സമൂഹം കാണുന്നത്.
രണ്ട് ദിവസം മുമ്പാണ് ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയിലെ വൈറല്‍ ദൃശ്യങ്ങള്‍ക്ക് ആധാരമായ സംഭവമുണ്ടായത്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ അടിവസ്ത്രം ധരിച്ച് നടക്കുന്ന ഒരു യുവതിയുടെ വീഡിയോയായിരുന്നു വ്യാപകമായി പ്രചരിച്ചത്. രാജ്യത്തെ മതഭരണകൂടവും സദാചാര സുരക്ഷാസംഘവും ചേര്‍ന്ന് അടിച്ചേല്‍പ്പിക്കുന്ന കഠിന ഇസ്ലാമിക വസ്ത്രധാരണ രീതിയ്‌ക്കെതിരെയാണ് ടെഹ്‌റാന്‍ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പേരറിയാത്ത യുവതി പ്രതിഷേധിച്ചത്. ഇറാനിലെ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയെ ‘അനുചിതമായ’ രീതിയില്‍ ഹിജാബ് ധരിച്ചുവെന്ന് പറഞ്ഞു ‘മതപൊലീസ്’ ഉപദ്രവിച്ചതോടെ യുവതി വസ്ത്രങ്ങള്‍ അഴിച്ചെറിഞ്ഞ് അടിവസ്ത്രം മാത്രം ധരിച്ച് കാമ്പസിനു മുന്നില്‍ നടക്കാന്‍ തുടങ്ങി.
Campuses in Iran becoming increasingly fed up with the regime policies and oppressive gender apartheid. Here at Iran’s University of Science and Research, a student was harassed over her “improper” hijab, so she stripped down to her underwear in protest and started pacing in… pic.twitter.com/mTEfQPuEYM
— Emily Schrader – אמילי שריידר امیلی شریدر (@emilykschrader) November 2, 2024
പ്രതിഷേധത്തെത്തുടര്‍ന്ന് കാമ്പസില്‍ നിന്ന് 4 സുരക്ഷാ സൈനികര്‍ അവളെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കാറില്‍ വലിച്ചിഴച്ച് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ക്രൂരമായി സുരക്ഷ ഉദ്യോഗസ്ഥര്‍ യുവതിയെ മര്‍ദിച്ചതായി സംഭവത്തിന് ദൃക്‌സാക്ഷിയായവര്‍ പറയുന്നു. ഒരു ദൃക്സാക്ഷി പറയുന്നതനുസരിച്ച്, പെണ്‍കുട്ടിയെ മതപൊലീസ് ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ കാറിന്റെ ഡോറില്‍ തലയിടിക്കുകയും അമിതമായി രക്തം വാര്‍ന്നൊഴുകുകയും ചെയ്തിരുന്നു. കാറിന്റെ ടയറുകളില്‍ രക്തത്തിന്റെ അംശം കാണുന്നുണ്ടായിരുന്നുവെന്നും തട്ടിക്കൊണ്ടുപോകുന്നത് പോലെയാണ് യുവതിയെ അവര്‍ അവിടെ നിന്ന് കടത്തിയതെന്നും പറയുന്നു. എന്തായാലും നിലവില്‍ ഈ യുവതിയുടെ അവസ്ഥയേ കുറിച്ചും എവിടെയുണ്ടെന്നുമുള്ള വിവരം ലഭ്യമല്ല.
ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി വക്താവ് അമീര്‍ മഹ്‌ജോബ് പറയുന്നത് പോലീസ് സ്റ്റേഷനിലെത്തിച്ച യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും വസ്ത്രമൂരിയെറിഞ്ഞത് മാനസിക വിഭ്രാന്തിയിലാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നുമാണ്. സ്ത്രീയുടെ നിലവിലെ അവസ്ഥ അവ്യക്തമാണെങ്കിലും ഹംഷാഹ്രി ദിനപത്രം പറയുന്നത് അനുസരിച്ച് മതപൊലീസ് കൂടുതല്‍ അന്വേഷണത്തിന് ശേഷം അവളെ മാനസിക ആശുപത്രിയിലേക്ക് മാറ്റിയേക്കാമെന്ന് അനൗദ്യോഗിക വൃത്തങ്ങളില്‍ നിന്ന് സൂചന കിട്ടിയിട്ടുണ്ടെന്നാണ്.
ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളെ കൊന്നൊടുക്കാന്‍ മടിയില്ലാത്ത മതഭരണകൂടവും മതപൊലീസും ക്യാമ്പസില്‍ പ്രതിഷേധിച്ച യുവതിയെ ഇല്ലായ്മ ചെയ്തോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 2022-ല്‍, ഹിജാബ് നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായ ഇറാനിയന്‍ കുര്‍ദിഷ് വനിത മഹ്‌സ അമിനിയെ തച്ചുകൊന്നതിന് പിന്നാലെ ഇറാനില്‍ രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇറാനിലുടനീളം സ്ത്രീ പ്രതിഷേധക്കാര്‍ തങ്ങളുടെ ശിരോവസ്ത്രം നീക്കം ചെയ്യുകയും കത്തിക്കുകയും ചെയ്തുകൊണ്ട് അധികാരികളേയും മതഭരണത്തേയും പിന്നാലെ വെല്ലുവിളിച്ചു. മര്‍ക്കടമുഷ്ടി ഉപയോഗിച്ച് ഇറാനിയന്‍ ഭരണകൂടം പ്രതിഷേധം അടിച്ചമര്‍ത്തി. 551 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. മഹ്‌സ അമിനിയുടെ ചോരകൊണ്ട് ഒതുങ്ങിയില്ല ഇറാനിലെ കാടന്‍ രീതികള്‍. 2023 ഒക്ടോബര്‍ 1 ന് ടെഹ്റാന്‍ മെട്രോയില്‍ വെച്ച് ഇസ്ലാമിക ഹിജാബ് നിര്‍ബന്ധമാക്കിയിട്ടും ധരിച്ചില്ലെന്ന് ആരോപിച്ച് 16 വയസുകാരി അര്‍മിത ഗരവന്ദിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കോമയിലായ അര്‍മിതയെ ഒരു ആര്‍മി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പാര്‍പ്പിച്ചു ചികില്‍സിച്ചു. പക്ഷേ ഒക്ടോബര്‍ 22-ന് മസ്തിഷ്‌കമരണം സംഭവിച്ചതായി അറിയിക്കുകയും ഒക്ടോബര്‍ 28-ന് മരിച്ചതായി മതഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തു.
🚨 🚨 🚨
She, 16, is now in a coma!after being attacked by the immoral law enforcement in the subway in Tehran.
Her name is Amrita Gravand.
*The narrator is a propagandist for disinformation pic.twitter.com/a3xsZLNgbb
— Iranian American 🇺🇸 (@IranLionness) October 3, 2023
തെരിവുകളില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തി ഹിജാബ് -പരിശുദ്ധി ബില്ല് എന്ന ഡ്രാക്കോണിയന്‍ നിയമം ഇറാന്‍ നടപ്പാക്കിയിരുന്നു. മഹ്സാ അമിനിയെ ഇറാനിയന്‍ മതകാര്യ പൊലീസ് കൊന്നതിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനങ്ങള്‍ പോലും തടഞ്ഞതിന് ശേഷമാണ് ഇറാനിയന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയെടുത്തത്. ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇറാനിയന്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയായ സ്ത്രീകളും പെണ്‍കുട്ടികളും ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണമെന്നത് നിര്‍ബന്ധിതമാണ്.
Read more
മഹ്‌സ അമിനിയ്ക്കും അര്‍മിതയ്ക്കും ശേഷം ഇറാനില്‍ വീണ്ടും കത്തിജ്വലിക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് കാരണമായിരിക്കുന്നത് ഇന്ന് പേര് പുറത്തുവരാത്ത ക്യാമ്പസിലെ ആ പെണ്‍കുട്ടിയാണ്. ഇറാനിലെ ‘മതപൊലീസി’ന്റേയും സദാചാര സുരക്ഷാസേനയുടേയും ഡ്രസ് കോഡ് മര്‍ക്കട മുഷ്ടിയില്‍ രാജ്യത്ത് തെരുവില്‍ പോരാടുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്ക് നാള്‍ കൂടിവരുകയാണ്. അതിന്റെ ഒരു മുഖമാണ് വസ്ത്രമൂരിയെറിഞ്ഞ് അടിവസ്ത്രത്തില്‍ പ്രതിഷേധമറിയിച്ച ആ യുവതി.