ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവ എഫ്‌സിക്കെതിരായ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. തുടർച്ചയായ മൂന്ന് മത്സരങ്ങളുടെ തോൽവിക്ക് ശേഷം ഹോം ഗ്രൗണ്ടിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ വിജയം ബ്ലാസ്റ്റേഴ്സിന്റെ മെന്റാലിറ്റി വീണ്ടെടുക്കുന്നതിൽ നിർണയകമായിരുന്നു. കഴിഞ്ഞ മത്സരത്തിന്റെ ഫലം വലിയ ആത്മവിശ്വാസം നിലനിർത്തുമ്പോഴും അത്ര മികച്ച രീതിയിലല്ല ഇന്നത്തെ മത്സരത്തിൽ ആരാധക സാന്നിധ്യം. പ്രവർത്തി ദിവസത്തിന്റെ കാരണത്താലോ തുടർതോൽവിയുടെ ഹാങ്ങ് ഓവർ കൊണ്ടോ സീറ്റുകൾ അത്ര വേഗം നിറഞ്ഞിരുന്നില്ല. എങ്കിലും ചെന്നൈയിൻ എഫ്‌സിക്കെതിരായ വിജയവും ഹോം ഗ്രൗണ്ടിന്റെ അനൂകൂല്യവും ഉപയോഗപ്പെടുത്താൻ ഉറച്ചു കൊണ്ടാണ് ഗോവക്കെതിരായ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്.
ബ്ലാസ്റ്റേഴ്‌സ് നിരയിൽ കഴിഞ്ഞ മത്സരത്തിൽ സ്കോർ ചെയ്ത എല്ലാ താരങ്ങളെയും ഫസ്റ്റ് ഇലവനിൽ തന്നെ പരീക്ഷിക്കാൻ കോച്ച് തീരുമാനിച്ചു. എന്നാൽ കെപി രാഹുൽ, ജീസസ് ജിമെനെസ്, നോഹ സദോയി കൂട്ടുകെട്ട് ആദ്യ പകുതിയിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. മാത്രമല്ല നാല്പതാം മിനുട്ടിൽ ബോറിസ് സിംഗ് ഗോവക്കായി സ്കോർ ബോർഡ് തുറക്കുകയും ചെയ്തു. തുടർന്ന് രണ്ടാം പകുതിയുടെ പത്താം മിനുട്ടിൽ പ്രധാന അറ്റാക്കർമാരായ രാഹുലിനെയും ജിമെനെസിനെയും പിൻവലിച്ച് യഥാക്രമം പെപ്രയെയും കൊറോ സിങ്ങിനെയും ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചു. എങ്കിലും ഗോൾ മാത്രം അന്യം നിന്നു.
സച്ചിൻ സുരേഷിൻ്റെ മോശം ഗോൾകീപ്പിംഗ് ഒരിക്കൽക്കൂടി തുറന്നുകാട്ടി ബോറിസ് സിങ്ങിൻ്റെ 40-ാം മിനിറ്റിലെ സ്‌ട്രൈക്ക്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിന് സീസണിലെ നാലാം തോൽവി സമ്മാനിക്കാൻ അത് പര്യാപ്തമായിരുന്നു. 12 ഐഎസ്എൽ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് സ്‌കോർ ചെയ്യാതെ പോകുന്നത് ഇതാദ്യമാണ്. 2024 ഏപ്രിൽ 6ന് ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് (2-0) മഞ്ഞപ്പട അവസാനമായി ഐഎസ്എല്ലിൽ സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടത്.
Read more
ഈ സീസണിൽ കഴിഞ്ഞ ഒമ്പത് ഐഎസ്എൽ മത്സരങ്ങളിൽ ഓരോ ഗോളെങ്കിലും ബ്ലാസ്റ്റേഴ്സ് നേടിയിരുന്നു. 10 മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റും -2 എന്ന ഗോൾ വ്യത്യാസവുമായി ബ്ലാസ്റ്റേഴ്‌സ് പോയിൻ്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. അതേസമയം ഒമ്പതിൽ നിന്ന് 15 പോയിൻ്റുമായി ഗോവ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.