ഒടുവില്‍ സൂപ്പര്‍ താരത്തെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കുന്നു

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു കടുത്ത തീരുമാനത്തിന് ഒരുങ്ങുന്നു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് മുന്‍ പരിശീലകന്‍ റെനെ മ്യുലെന്‍സ്റ്റീനെ പുറത്താക്കിയതിന് പിന്നാലെ മ്യുലന്‍സ്റ്റീന്‍ മുന്‍കൈ എടുത്ത് ടീമില്‍ എത്തിച്ച ദിമിതാര്‍ ബെര്‍ബറ്റോവിനെ ഒഴിവാക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് ഒരുങ്ങുന്നു. സ്പോര്‍ട്സ് കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ആഴ്ച ഒടുവില്‍ നടക്കുന്ന യോഗത്തില്‍ സുപ്രധാന തീരുമാനം ഉണ്ടാവുമെന്നാണ് സൂചന.

വമ്പന്‍ പ്രതീക്ഷയോടെ സീസണ് തുടക്കമിട്ട ബ്ലാസ്റ്റേഴ്‌സിന് ബെര്‍ബറ്റോവിന്റെയും യുണൈറ്റഡിലെ സുഹൃത്തായിരുന്ന വെസ് ബ്രൗണിന്റെയും സേവനം വൈകിയാണ് ലഭിച്ചു തുടങ്ങിയത്. എന്നിട്ടും ടീമിന്റെ വിജയങ്ങളില്‍ പങ്കാളികളാകാന്‍ അവര്‍ക്ക് സാധിച്ചില്ല. ബെര്‍ബയായിരുന്നു കൂടുതല്‍ നിരാശപ്പെടുത്തിയത്. പന്തിന് പുറകെ ഓടാന്‍ പോലും ഈ 36-കാരന് സാധിച്ചില്ല.

ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ബെര്‍ബറ്റോവിന് ലീഗില്‍ ബ്ലാസ്റ്റേഴ്സ് കളിച്ച 12 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമാണ് മൈതാനത്ത് ഇറങ്ങാന്‍ കഴിഞ്ഞത്. ഇതില്‍ തന്നെ ശ്രദ്ധേയമായ ഒരു പ്രകടനം കാഴ്ച്ച വെക്കാന്‍ താരത്തിന് സാധിച്ചതുമില്ല. മധ്യനിരയിലെ പോരായ്മയാണ് ഇതിന് കാരണമായി പ്രധാനമായും വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ പരുക്കും താരത്തിന് പ്രധാന വെല്ലുവിളിയാണ്.

ഡേവിഡ് ജെയിംസ് പരിശീലകനായതിന് ശേഷം ഒരു കളിയില്‍ മാത്രമാണ് ബെര്‍ബ ആദ്യ പതിനൊന്നില്‍ ഇറങ്ങിയത്. ആറു മത്സരങ്ങളില്‍ നിന്ന് മൂന്ന് ഷോട്ടുകളും രണ്ട് ക്രോസുകളുമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ബെര്‍ബറ്റോവിന്റെ സംഭാവന. മാത്രമല്ല, അടിക്ക് മേല്‍ തിരിച്ചടിയായി ജനുവരി ആദ്യവാരം ടീമിലെത്തിച്ച കെസിറോണ്‍ കിസീറ്റോയെന്ന സൂപ്പര്‍ താരത്തിനേറ്റ പരുക്കും ടീമിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പേരിനും പകിട്ടിനും അപ്പുറത്തു കളത്തില്‍ ബെര്‍ബ തീര്‍ത്തും മങ്ങിയതാണ് ബ്ലാസ്റ്റേഴ്‌സ് മനേജ്‌മെന്റിനെ പുതിയ തീരുമാനത്തില്‍ എത്തിച്ചത്. പകരം മറ്റൊരു വിദേശ താരത്തെ എത്തിച്ചേക്കും. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഇത് ഉണ്ടാവുമെന്നാണ് സൂചന.