ഇന്ത്യന്‍ ജഴ്‌സിയില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്ന് ഇറങ്ങും ; രാജ്യത്തിന്റെ കുപ്പായത്തിനായി കഠിനാദ്ധ്വാനം ചെയ്തതിന്റ ഫലമെന്ന് പോസ്റ്റ്

പ്രിയപ്പെട്ട താരം ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങുന്നത് കാണാന്‍ കാതോര്‍ത്ത് മലയാളികള്‍. രാത്രി ഒമ്പതരയ്ക്ക് ഇന്ത്യ ബഹ്‌റിനുമായി സൗഹൃദ മത്സരം കളിക്കുമ്പോള്‍ മലയാളിതാരം വി പി സുഹൈര്‍ ഇന്ത്യയ്ക്ക വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും. ഐഎസ്എല്‍ ആരവങ്ങള്‍ക്ക് പിന്നാലെ ബഹ്‌റിനില്‍ സന്നാഹ മത്സരം കളിക്കാനിറങ്ങൂന്ന ഇന്ത്യന്‍ ടീമില്‍ വിപി സുഹൈറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കുപ്പായത്തിനായി താന്‍ ഏറെ കഠിനാദ്ധ്വാനം ചെയ്തതായും രാജ്യത്തിന് വേണ്ടി കളിക്കാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയെന്നും താരം കുറിച്ചു.

ഇന്‍സ്റ്റാഗ്രാമിലെ കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം. ഇന്ത്യന്‍ ദേശീയ ഫു്ട്‌ബോള്‍ ടീമിന്റെ ദേശീയ ജഴ്‌സി ധരിച്ചുള്ള ഫോട്ടോയോടൊപ്പമാണ് താരത്തിന്റെ കുറിപ്പ്. വര്‍ഷങ്ങള്‍ നീണ്ട ആഗ്രഹത്തിന്റെയും സ്വപ്‌നത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കാത്തിരിപ്പിന്റെ സാക്ഷാത്ക്കാരമാണ് ഇതെന്ന് താരം പറഞ്ഞു. സുഹൈര്‍ ഉള്‍പ്പടെ ഏഴ് പുതുമുഖങ്ങളുമായാണ് ബഹറിനെ ഇന്ത്യ നേരിടാനിറങ്ങുന്നത്. ഐഎസ്എല്ലില്‍ നോര്‍ത്തീസ്റ്റിനായി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ടീമില്‍ എത്തിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ഡണ്‍ ഗ്ലൗ ജേതാവ് പ്രഭ്സുഖന്‍ ഗില്‍, ഹോര്‍മിപാം, റോഷന്‍ സിങ്, ഡാനിഷ് ഫാറൂഖ്, അനികേത് യാദവ്, അന്‍വര്‍ അലി എന്നിവരാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ടീമില്‍ ഉള്‍പ്പെടുത്തിയ മറ്റ് പുതുമുഖങ്ങള്‍. ഐഎസ്എല്ലില്‍ മികവ് തെളിയിച്ച യുവനിരയുമായിട്ടാണ് ഇന്ത്യന്‍ പരിശീലകന്‍ ബഹ്‌റിനില്‍ എത്തിയിരിക്കുന്നത്.

അതേസമയം പരിക്കേറ്റ മലയാളികളുടെ സഹലും ആഷിക് കുരുണിയനും ടീമില്‍ ഇല്ല. പരിക്കേറ്റ നായകന്‍ സുനില്‍ ഛേത്രിയും കളിക്കുണ്ടാകില്ല. ഗുര്‍പ്രീത് സിംഗ് സന്ധു, പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗാന്‍, പ്രണോയ് ഹാള്‍ഡര്‍, ജീക്‌സണ്‍ സിംഗ്, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, മന്‍വീര്‍ സിംഗ്, ലിസ്റ്റണ്‍ കൊളാസോ, റഹീം അലി തുടങ്ങിയവര്‍ ടീമിലുണ്ട്. ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്, ഡിഫന്‍ഡര്‍ ചിങ്ലെന്‍സാന സിങ്, ആകാശ് മിശ്ര, മിഡ്ഫീല്‍ഡര്‍മാരായ അനിരുദ്ധ് ഥാപ്പ, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ്, അനികേത് യാദവ്, ബിപിന്‍ സിങ് എന്നിവര്‍ക്ക് വിസ കിട്ടാത്തതിനാല്‍ ടീമിനൊപ്പം ചേരാനായിട്ടില്ല. ഈ താരങ്ങള്‍ ഇന്ന് വൈകിട്ടോടെ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എഎഫ്സി കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ബഹറിനെ നേരിടുന്നത്. ശനിയാഴ്ച ബെലാറൂസിനയും ഇന്ത്യ നേരിടും. എഎഫ്സി കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ജൂണ്‍ എട്ടിന് കംബോഡിയയെയും 11ന് അഫ്ഗാനിസ്ഥാനെയും 14ന് ഹോങ്കോങിനെയും നേരിടും.