ലൂണയുടെ പൊന്നുമകൾ യാത്രയായി, കുടുംബത്തിനായി പ്രാർത്ഥിച്ച് ഫുട്ബോൾ ലോകം

മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ ടീമിനായി ഈ സീസണിൽ താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ വിജയങ്ങളിൽ അമിതമായി സന്തോഷിക്കാതെ തോൽവികളിൽ തളരാതെയുള്ള പോസിറ്റീവ് സമീപനം കോച്ചിനെ കൂടാതെ കൊണ്ടുവന്ന ഒരു രക്ഷകൻ ഉണ്ട് , ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്ക് – അഡ്രിയാൻ ലൂണ. ഇപ്പോഴിതാ അഡ്രിയാന്‍ ലൂണയുടെ ആറു വയസുകാരിയായ മകള്‍ ജൂലിയെറ്റ അന്തരിച്ച വാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയ വഴി ലൂണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ശ്വാസകോശത്തെയും മറ്റു ആന്തരികാവയങ്ങളുടെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിക്കുന്ന ‘സിസ്റ്റിക് ഫൈബ്രോസിസ്’ ബാധിച്ചാണ് ലൂണയുടെ മകൾ ജൂലിയേറ്റ ഇക്കഴിഞ്ഞ ഏപ്രിലിൽ വിടപറഞ്ഞത്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് ലൂണ തിങ്കളാഴ്ച പുലർച്ചെ ഇക്കാ​ര്യം വെളിപ്പെടുത്തിയത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ;

”വലിയ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. ആറു വയസ്സുകാരിയായ എന്റെ മകൾ ജൂലിയേറ്റ ഈ വർഷം ഏപ്രിൽ ഒമ്പതിന് ഞങ്ങളെ വിട്ടുപിരിഞ്ഞിരിക്കുന്നു. അവളുടെ വേർപാട് എനിക്കും കുടുംബത്തിനും സൃഷ്ടിച്ചത് അതിരുകളില്ലാത്ത വേദനയാണ്. അതൊരിക്കലും ഞങ്ങളെ വിട്ട് ​പോവുകയുമില്ല.

ജീവിതത്തിലെ ഏറ്റവും വലിയ മാതൃകയായി ഞങ്ങളെ​പ്പോഴും അവളെ ഓർമിച്ചുകൊണ്ടേയിരിക്കും. പ്രതിസന്ധികളിലും വേദനകളിലും കരുണയും സ്നേഹവും പ്രസരിപ്പിച്ച കുലീനയായ പെൺകുട്ടിയായിരുന്നു അവൾ. നൊമ്പരങ്ങളലട്ടുമ്പോഴും നിറപുഞ്ചിരി അവൾ മുഖത്ത് കാത്തുവെച്ചിരുന്നു. അതല്ലെങ്കിൽ ‘ഐ ലവ് യൂ’ എന്ന വാക്കുകൾ കൊണ്ട് നിങ്ങളുടെ ദിവസങ്ങളെ അവൾ ഊഷ്മളമാക്കും.

ജൂലിയേറ്റ, നിന്നോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറയാൻ എന്റെ ഈ ജീവിതം മതിയാകില്ല. മറ്റുള്ളവരെ എങ്ങനെ സ്‌നേഹിക്കണം എന്ന് എന്നെ നീ പഠിപ്പിച്ചു. സങ്കടങ്ങളിൽ ഏതുവിധം നിലയുറപ്പിക്കേണ്ടതെന്ന പാഠങ്ങളും നീയാണ് പകർന്നുതന്നത്. എല്ലാറ്റിലുമുപരി കടുത്ത പ്രതിസന്ധികളെ തളരാതെ അതിജയിക്കേണ്ടത് എങ്ങനെയാണെന്ന ഏറ്റവും വലിയ പാഠവും എനിക്ക് പകർന്നതും നീ തന്നെയാണെന്ന് സംശയമില്ലാതെ പറയാനാകും.

നാശംപിടിച്ച സിസ്റ്റിക് ഫൈബ്രോസിസ് രോഗത്തിനെതിരെ അവസാന ശ്വാസംവരെ നീ പോരാടി. എന്നെ, വിശ്വസിക്കൂ.. ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കാത്ത ഒന്നായിരിക്കും അത്’ കുറിപ്പ് അവസാനിപ്പിച്ചു.

താരത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ബ്ലാസ്റ്റേഴ്‌സ് കുടുംബം മുഴുവൻ കൂടെയുണ്ടെന്ന് ക്ലബും ആരാധകരും പറഞ്ഞു.

View this post on Instagram

A post shared by Adrian Luna (@a.luna21)

രണ്ട് വര്‍ഷത്തെ കരാറിൽ ഉറുഗ്വേയിൽ നിന്നെത്തി അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, മെല്‍ബണ്‍ സിറ്റി എഫ് സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കൊപ്പം ചേരുമ്പോൾ ” കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് , ഇത് പോലെ പല സൈനിങ്ങുകളും കേട്ടിട്ടുണ്ട് എന്ന കിലുക്കത്തിലെ ഇന്നസെന്റിനെ പോലെയായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാവങ്ങൾ .ക്ലബ് അത്‌ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡോ വാണ്ടറേഴ്‌സ്, ഉറുഗ്വേയിലെ ഡിഫെന്‍സര്‍ സ്‌പോര്‍ട്ടിങ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലായിരുന്നു താരത്തിന്റെ കരിയര്‍ തുടക്കം. ഗോളടിക്കാനും ഗോളടിപ്പിക്കാനുമുളള താരത്തിന്റ കഴിവ് കളിച്ച എല്ലാ ക്ലബുകളിലും താരത്തിന്റെ കീർത്തി വർദ്ധിപ്പിക്കാൻ കാരണമായി.

സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്‍യോള്‍, ജിംനാസ്റ്റിക്, സിഇ സബാഡെല്‍ എന്നിവര്‍ക്കായി വായ്പ അടിസ്ഥാനത്തില്‍ കളിച്ച് 2013ല്‍ ഡിഫെന്‍സറിലേക്ക് മടങ്ങിയെത്തി. ഉറുഗ്വേ ക്ലബ്ബിനൊപ്പമുള്ള രണ്ട് സീസണുകള്‍ക്ക് ശേഷം മെക്സിക്കോയില്‍ ടിബു റോണ്‍സ് റോജോസ്, വെനാഡോസ് എഫ് സി എന്നീ ക്ലബുകള്‍ക്കായി ബൂട്ടു കെട്ടി. 2019 ജൂലൈയിലാണ് ഓസ്ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയുമായി കരാറിലെത്തുന്നത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ മെല്‍ബണ്‍ ക്ലബ്ബിനായി 51 മത്സരങ്ങള്‍ കളിച്ചു.

Read more

ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് കരോളിസ് സ്കിൻകിസ് യാതൊരു സൂചനകളും കൊടുക്കാതെ ടീമിലെത്തിച്ച താരം ക്രിയേറ്റിവ് മിഡ്ഫീൽഡർ എന്ന നിലയിൽ പ്രീ സീസൺ മുതൽ മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന്റെ ക്യാപ്റ്റൻ അല്ലെങ്കിൽ പോലും സഹതാരങ്ങൾക്ക് നിരന്തരം പ്രചോദനമായി ലൂണ മികച്ച് നിൽക്കുന്നു. ത്രൂ ബോളുകൾ കരുത്താക്കിയ താരം 90 മിനിറ്റും ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നു. ഒരു പ്രായമെത്തുമ്പോൾ കളി മനസ്സിലാക്കാനാവുമെന്നു കൂട്ടുകാരുടെ സ്ഥാനവും എതിരാളികളുടെ നിലയും പിടികിട്ടുമെന്നുള്ള താരത്തിന്റെ വാക്കുകളിലുണ്ട് പരിചയസമ്പത്തിന്റെ വില.