ഇന്ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കരുത്തരായ അർജന്റീന ലോകകപ്പിലേക്ക് രാജകീയമായി യോഗ്യത നേടി. മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഹൂലിയൻ ആൽവരസായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും ആണ് താരം നേടിയത്. കൂടാതെ മാക്ക് ആല്ലിസ്റ്റർ, ദിബാല എന്നിവർ ഓരോ ഗോളുകളും നേടി.
മെസിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ പത്താം നമ്പർ ജേർസി അണിഞ്ഞത് ദിബാലയായിരുന്നു. ഇന്നത്തെ മത്സരത്തിൽ ദിബാല പകരക്കാരന്റെ വേഷത്തിലാണ് ഇറങ്ങിയത്. കഴിഞ്ഞ കോപ്പയിൽ ദിബാലയ്ക്ക് ടീമിൽ സ്ഥാനം ലഭിച്ചിരുന്നില്ല. അതിനെ കുറിച്ച് പരിശീലകൻ ലയണൽ സ്കൈലോണി സംസാരിച്ചു.
ലയണൽ സ്കൈലോണി പറഞ്ഞത് ഇങ്ങനെ:
“പൗലോ ദിബാലയുടെ കാര്യത്തിൽ സന്തോഷവും സങ്കടവുമുണ്ട്. കോപ്പ അമേരിക്കയിൽ അദ്ദേഹം ഇല്ലാതിരുന്നത് ശരിയായില്ല എന്നൊരു തോന്നൽ എനിക്കുണ്ടായി. പക്ഷേ ഇത്തരം കാര്യങ്ങൾ ഫുട്ബോളിൽ സംഭവിക്കുന്നതാണ്. പല രീതിയിലും ടീമിനെ കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്ന താരമാണ് അദ്ദേഹം. ടെക്നിക്കൽ ഡിസിഷൻസ് കാരണമാണ് അദ്ദേഹത്തെ കോപ്പ അമേരിക്കയിൽ ഉൾപ്പെടുത്താതിരുന്നത്. മാത്രമല്ല കോപ്പ അമേരിക്ക ലിസ്റ്റ് പ്രഖ്യാപിക്കുന്ന സമയത്ത് ഞങ്ങൾ റിസ്ക് എടുക്കാനുള്ള ഒരു സാഹചര്യത്തിൽ അല്ലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഉൾപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനമെടുക്കാൻ നിർബന്ധിതനാവുകയായിരുന്നു.
ലയണൽ സ്കൈലോണി തുടർന്നു;
ഇനി അദ്ദേഹത്തെ ഉൾപ്പെടുത്തുക എന്നുള്ളതാണ് ചെയ്യാൻ പറ്റുന്ന കാര്യം. മികച്ച പ്രകടനം നടത്തിക്കൊണ്ട് അദ്ദേഹം റിക്കവർ ആവുകയും ചെയ്തു. ഗോൾ നേടി എന്നുള്ളത് മാത്രമല്ല,മറ്റു പല കാര്യങ്ങളിലും അദ്ദേഹം കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തോട് നന്ദിയല്ലാതെ മറ്റൊന്നും ഇപ്പോൾ പറയാനില്ല “ ലയണൽ സ്കൈലോണി പറഞ്ഞു.
ഇത്തവണ ആദ്യ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ദിബാലയെ പരിഗണിച്ചിരുന്നില്ല. പിന്നീട് പരിശീലകന്റെ നിർദേശ പ്രകാരം സിലക്ടർമാർ അദ്ദേഹത്തെ വീണ്ടും വിളിക്കുകയായിരുന്നു. ഏതായാലും പത്താം നമ്പർ ജേഴ്സി അണിഞ്ഞുകൊണ്ട് ഗോൾ നേടാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.