ഇന്ന് ലാലിഗയിൽ അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾക്കാണ് ലോക ഫുട്ബോൾ സാക്ഷ്യം വഹിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് റയൽ മാഡ്രിഡ്. വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്‌ഹാം, റോഡ്രി, എംബപ്പേ, എൻഡ്രിക്ക് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ. പക്ഷെ ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനങ്ങൾ നടത്താൻ ടീമിലെ താരങ്ങൾക്ക് സാധിച്ചില്ല. റയൽ മാഡ്രിഡ് ലാസ് പാൽമാസിനെതിരെ സമനിലയിൽ കളി അവസാനിപ്പിക്കേണ്ടി വന്നു.
മത്സരത്തിൽ മികച്ച പ്രകടനമാണ് ലാസ് പാൽമാസ് നടത്തിയത്. ആദ്യ പകുതിയിൽ തന്നെ അവർ ഗോൾ നേടി ലീഡ് എടുത്തിരുന്നു. രണ്ടാം പകുതിയിലെ 69 ആം മിനിറ്റിൽ കിട്ടിയ പെനാൽറ്റിയിൽ വിനീഷ്യസ് നേടിയ ഗോൾ നേടിയതോടെ ആണ് മത്സരം സമനിലയിൽ അവസാനിക്കാൻ കാരണമായത്. മത്സരത്തെ പറ്റി റയൽ പരിശീലകൻ കാർലോ അഞ്ചലോട്ടി സംസാരിച്ചിരുന്നു.
കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:
”ഞങ്ങളുടെ ആദ്യപകുതി മോശമായിരുന്നു. ഗോൾ കണ്ടെത്താൻ ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്നു. ഞങ്ങൾ മത്സരത്തിൽ ബുദ്ധിമുട്ടി എന്നത് ഒരു വസ്തുതയാണ്. ടീം സന്തുലിതമായിരുന്നില്ല. അതിവേഗത്തിലുള്ള മുന്നേറ്റങ്ങൾ നടത്താൻ കഴിഞ്ഞില്ല. ബോൾ തിരികെ പിടിക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ടീമിനകത്ത് യാതൊരുവിധ ഇമ്പ്രൂവ്മെന്റും സംഭവിച്ചിട്ടില്ല എന്നത് വ്യക്തമായി. ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഇമ്പ്രൂവ് ആവേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന സോളിഡിറ്റി ഇത്തവണ കണ്ടെത്താൻ കഴിയുന്നില്ല. ഞങ്ങൾ ഒരിക്കലും ഇത് ന്യായീകരിക്കില്ല. എത്രയും പെട്ടെന്ന് പുരോഗതി പ്രാപിക്കേണ്ടതുണ്ട്.
‘കാർലോ അഞ്ചലോട്ടി തുടർന്നു’:
എനിക്ക് വളരെ വ്യക്തമായ സ്ട്രാറ്റജി ഉണ്ട്. പക്ഷേ കളത്തിൽ അത് നടപ്പിലാകുന്നില്ല. ഞങ്ങൾ നല്ല രൂപത്തിൽ അല്ല പോകുന്നത് എന്നത് ഈ മൂന്നു മത്സരങ്ങളിൽ നിന്നും വളരെ വ്യക്തമായിട്ടുണ്ട്. ഞങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ പരിഹാരം കാണും. ഈ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു “ഇതാണ് റയൽ കോച്ച് പറഞ്ഞിട്ടുള്ളത്.
ലാലിഗയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണവും റയൽ മാഡ്രിഡ് സമനിലയിൽ ആണ് കളി അവസാനിപ്പിച്ചത്. ഫ്രഞ്ച് താരമായ കൈലിയൻ എംബാപ്പയ്ക്ക് ഇന്നത്തെ മത്സരത്തിലും ഗോൾ നേടാൻ സാധിച്ചില്ല. ലാലിഗ തുടങ്ങിയിട്ട് മൂന്നു മത്സരങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന് തന്റെ ഗോൾ അക്കൗണ്ട് തുറക്കാൻ പറ്റിയില്ല എന്നത് ആരാധകർക്ക് ഇടയിൽ വൻ വിമർശനത്തിന് കാരണമായിട്ടുണ്ട്. നിലവിൽ റയൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. അടുത്ത മത്സരത്തിൽ ബെറ്റിസാണ് മാഡ്രിഡിന്റെ എതിരാളികൾ.