തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി പ്രതിപക്ഷപാര്‍ട്ടികള്‍. ഫെബ്രുവരി അഞ്ചിനു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ബിജെപിയും പിന്മാറിയതോടെയാണ് ഡിഎംകെ വന്‍ വിജയം നേടുമെന്ന് ഉറപ്പായത്.
അണ്ണാ ഡിഎംകെ, ഡിഎംഡികെ, ടിവികെ. തുടങ്ങിയ കക്ഷികള്‍ നേരത്തെ തന്നെ ഡിഎംകെയ്ക്ക് എതിരെ മത്സരിക്കാനില്ലെന്ന് നിലപാട് എടുത്തിരുന്നു. ഒടുവില്‍ ബിജെപിയും കൂടി പിന്മാറിയതോടെ ഭരണകക്ഷിയായ ഡിഎംകെയുടെ ഏകപക്ഷീയ വിജയത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് ഇവികെഎസ്. ഇളങ്കോവന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഈറോഡ് ഈസ്റ്റില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ഡിഎംകെ മുതിര്‍ന്ന നേതാവായ വി.സി. ചന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
Read more
കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്ന ബിജെപി. നേതൃയോഗമാണ് ഉപതിരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. ഭരണകക്ഷിക്ക് അധികാര ദുര്‍വിനിയോഗത്തിന് അവസരം ലഭിക്കുന്ന ഉപതിരഞ്ഞെടുപ്പ് നീതിപൂര്‍വമായിരിക്കില്ലെന്ന് ഉറപ്പാണെന്നും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും യോഗത്തിനു ശേഷം ബിജെപി അറിയിച്ചു.