"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറാണ് അർജന്റീനൻ താരമായ എമിലിയാനോ മാർട്ടിനെസ്. മെസി തന്റെ സ്വപ്നസാക്ഷാത്കാരമായ ട്രോഫികൾ നേടിയെടുത്തത് എമിയുടെയും കൂടെ മികവിലൂടെയാണ്. ക്ലബ് ലെവലിൽ അസ്റ്റൻ വില്ലയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിക്കുന്നത്. പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.1-1 എന്ന സ്കോറിന് ബേൺമൗത്തായിരുന്നു അവരെ സമനിലയിൽ കുരുക്കിയത്.

ഇതോടെ എമിക്ക് ക്ലീൻ ഷീറ്റ് നഷ്ടപ്പെടുകയായിരുന്നു. മത്സരത്തിൽ നിരാശനായ താരം മാധ്യമങ്ങളോട് സംസാരിച്ചു. ബാലൺ ഡി ഓർ ചടങ്ങിന് പോകുന്ന സമയത്ത് പോലും ആ ഗോൾ വഴങ്ങിയതിനെ കുറിച്ചാണ് താൻ ചിന്തിച്ചത് എന്നാണ് എമി പറഞ്ഞിട്ടുള്ളത്.

എമി മാർട്ടിനെസ്സ് പറയുന്നത് ഇങ്ങനെ:

”ഞാനൊരു രോഗിയാണ്. ബാലൺ ഡി ഓർ ചടങ്ങിന് പോയ സമയത്ത് പോലും ഞാൻ ആ ഗോളിനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. 96ആം മിനുട്ടിലാണ് ആ ഗോൾ വഴങ്ങേണ്ടി വന്നത്. ഞങ്ങൾ വിജയത്തിന്റെ തൊട്ടരികിലെത്തിയിരുന്നു എന്നൊക്കെയായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്”

എമി തുടർന്നു:

“പക്ഷേ ഇത് എന്റെ ജോലിയാണ്. എല്ലാ ദിവസവും ഞാൻ ചെയ്യുന്നത് ഇതാണ്. എന്നെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്നത് ഇതാണ്. ഡിഫൻഡർമാരുടെ തലയിൽ ഞാൻ ക്ലീൻ ഷീറ്റ് മാത്രമാണ് കുത്തി നിറച്ചിട്ടുള്ളത്. അവരും അക്കാര്യത്തിൽ ഒരു ഫാനാറ്റിക്സ് ആയി മാറിയിട്ടുണ്ട്” എമിലിയാനോ മാർട്ടിനെസ്സ് പറഞ്ഞു.