"എനിക്ക് അൽ-നാസറിനേക്കാളും ഇഷ്ടം ആ ടീമിനോടാണ്"; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകളിൽ ഞെട്ടലോടെ ഫുട്ബോൾ ആരാധകർ

ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റെക്കോഡുകൾ നേടുകയും, അത് സ്വയം മറികടക്കുകയും ചെയ്യുന്നത് ശീലമാക്കിയ താരം എന്നാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. നിലവിൽ സൗദി ലീഗിലെ ക്ലബായ അൽ നാസറിലാണ് റൊണാൾഡോ കളിക്കുന്നത്. ഈ സീസണിൽ തന്നെ അദ്ദേഹം കളിച്ച എല്ലാ കളിയിലും ഗോൾ കരസ്ഥമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ സാധിച്ച ടീം ആണ് റയൽ മാഡ്രിഡ്. 15 തവണ അവർ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയിട്ടുണ്ട്. മാത്രമല്ല ഏറ്റവും കൂടുതൽ ലാലിഗ ട്രോഫികളും നേടിയിട്ടുള്ളത് റയൽ മാഡ്രിഡ് ആണ്. ടീമിന് വേണ്ടി ഒരുപാട് നാൾ കളിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ റയൽ മാഡ്രിഡ് ടീമിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത് ഇങ്ങനെ:

“റയൽ മാഡ്രിഡ് ഇപ്പോഴും മികച്ച ടീമാണ്. സമ്മർദ്ദ ഘട്ടങ്ങളിൽ ഒരിക്കൽ പോലും അവർ പതറാറില്ല. അവർ തിരക്ക് കാണിക്കാറുമില്ല. അതുകൊണ്ടുതന്നെ പലരും പറയുന്നത് റയൽ മാഡ്രിഡ് വലിയ ഭാഗ്യമുള്ളവരാണ് എന്നാണ്. എന്നാൽ അത് ഭാഗ്യമല്ല. ഇത്തരം ഘട്ടങ്ങളെ അതിജീവിക്കാൻ തയ്യാറായവരാണ് അവർ. ബെർണാബുവിന് വളരെ വ്യത്യസ്തമായ ഓറ തന്നെയുണ്ട്. അവിടുത്തെ എനർജി വ്യത്യസ്തമാണ്. റയൽ മാഡ്രിഡ് മത്സരത്തിന്റെ അവസാനങ്ങളിൽ ഗോളടിക്കും. സമ്മർദ്ദത്തെ തരണം ചെയ്യാൻ കഴിവുണ്ട് ആയതുകൊണ്ടാണ് അത്. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീം റയൽ മാഡ്രിഡ് ആണ്. ഇപ്പോൾ അവിടെ എംബപ്പേയുമുണ്ട്. ഒരു മികച്ച ടീം തന്നെയാണ് അവർ. കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാകുമോ എന്നുള്ളതൊന്നും എനിക്കറിയില്ല. പക്ഷേ ഏറ്റവും മികച്ച ക്ലബ്ബുകളിൽ മുൻപന്തിയിൽ അവർ തന്നെ ഉണ്ടാകും ” റൊണാൾഡോ പറഞ്ഞു.

റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോഡ് റൊണാൾഡോയുടെ പേരിലാണ്. 450 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ അദ്ദേഹം ചാമ്പ്യൻസ് ലീഗ് ട്രോഫികൾ ഉയർത്തിയതും, ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയതും എല്ലാം റയലിൽ നിന്നപ്പോഴായിരുന്നു.