വാര്‍ത്തകള്‍ സത്യം തന്നെ; റൊണാള്‍ഡോയ്ക്ക് മാഡ്രിഡ് നല്‍കുന്ന പ്രതിഫലം പുറത്ത്

ലാലീഗയില്‍ കിരീട പ്രതീക്ഷ ഏകദേശം അസ്തമിച്ച റയല്‍ മാഡ്രിഡിനെ വലയ്ക്കുന്ന മറ്റൊരു പ്രതിസന്ധിയാണ് റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ റൂമറുകള്‍. മൈതാന വൈരികളായ മെസ്സിക്കും നെയ്മറിനും ലഭിക്കുന്ന പ്രതിഫലം അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ തനിക്ക മാഡ്രിഡില്‍ ലഭിക്കുന്നില്ലെന്ന പരാതി റൊണാള്‍ഡോ ഉന്നയിച്ചതായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതനുസരിച്ച് കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ക്ലബ്ബുകളിലേക്ക് റൊണാള്‍ഡോ പോകുമെന്ന വാര്‍ത്തകള്‍ സജീവമാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പാരിസ് സെന്റ് ജെര്‍മന്‍ എന്നീ ക്ലബ്ബുകളുമായാണ് റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ സജീവമാകുന്നത്. എന്നാല്‍, മാഡ്രിഡില്‍ റൊണാള്‍ഡോയ്ക്ക് ശമ്പളം കുറവാണെന്നുള്ള വാര്‍ത്തകള്‍ വിശ്വസിക്കാന്‍ ആരാധകര്‍ തയാറായിരുന്നില്ല. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകളനുസിരിച്ച് ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ റൊണാള്‍ഡോയ്ക്ക് ആദ്യ അഞ്ചില്‍ പോലും സ്ഥാനമില്ലെന്നാണ് വ്യക്തമാക്കുന്നത്.

355,000 പൗണ്ട് ആണ് പോര്‍ച്ചുഗല്‍ താരത്തിന് പ്രതിവാരം റയല്‍ മാഡ്രിഡില്‍ ലഭിക്കുന്നത്. അതേസമയം, മെസ്സിക്ക് ബാഴ്‌സ നല്‍കുന്ന പ്രതിഫലം ആഴ്ചയില്‍ 8 ലക്ഷം പൗണ്ടാണ്. ലോക റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് കൂടുമാറിയ നെയ്മറിനാകട്ടെ ആറ് ലക്ഷം പൗണ്ടും. സ്‌സ്പാനിഷ് മാധ്യമം മാര്‍ക്കയാണ് ഏറ്റവും പണം വാങ്ങുന്ന കളിക്കാരുടെ പട്ടിക പുറത്തിറക്കിയത്.

ചൈനീസ് ക്ലബ് ഷാങ്ങ്ഹായ് ഷെന്‍ഹുയ്ക്ക് കളിച്ചിരുന്ന അര്‍ജന്റീനയുടെ കാര്‍ലോസ് ടെവസ്, ഷാങ്ങ്ഹായ് എസ്.ഐ.പി.ജിക്ക് കളിക്കുന്ന ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ഓസ്‌കാര്‍ അര്‍ജന്റീന താരം ലാവെസ്സി എന്നിവര്‍ക്കും പിന്നിലാണ് പ്രതിഫല കാര്യത്തില്‍ റൊണാള്‍ഡോ.