ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണിലെ തങ്ങളുടെ പതിനാറാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് എഫ്‌സി ഗോവയെ നേരിടും. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കപ്പുറം ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിനും തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ നേരിടുന്ന എഫ്‌സി ഗോവക്കും മത്സരം ഏറെ നിര്‍മായകമാണ്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മളനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം രാഹുല്‍ കെപി പങ്കെടുത്തു.
ഞാന്‍ എന്തുകൊണ്ടാണ് സ്‌കോര്‍ ചെയ്യാത്തതെന്ന് എനിക്കറിയില്ല. പക്ഷെ ഞാനതില്‍ വിഷമിക്കുന്നില്ല. ഞാന്‍ ദിവസവും ഈ പ്രോസസ്സ് ആസ്വദിക്കുകയാണ്. സീസണിന്റെ ആദ്യ ഘട്ടത്തില്‍ സ്‌കോര്‍ ചെയ്ത പല താരങ്ങളും ഇപ്പോള്‍ സ്‌കോര്‍ ചെയ്യുന്നില്ല. ഗോള്‍ നേടുന്നത് വഴിയേ വരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്നു. അതാണ് ദിവസവും എനിക്ക് സാധിക്കുക. എന്റെ ശാരീരിക മാനസീക ആരോഗ്യം നിലനിര്‍ത്താന്‍ ഞാന്‍ ദിനംപ്രതി പരിശ്രമിക്കുന്നു. അതാണ് പ്രധാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗോള്‍ നേടുന്നത് ചിലപ്പോള്‍ വേഗത്തിലോ വൈകിയോ വരാം. ഞാനിപ്പോള്‍ അതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നില്ല.
ഈ വര്‍ഷം എന്റെ സാഹചര്യങ്ങള്‍ കഠിനമാണെന്ന് മറ്റാരേക്കാളും എനിക്കറിയാം. എങ്കിലും എനിക്ക് ചില നല്ല മത്സരങ്ങളും ലഭിച്ചു. എന്നാല്‍ സ്‌കോര്‍ ചെയ്യുന്നത് മാത്രമല്ല, ടീമിനുവേണ്ടി പരിശ്രമിക്കുന്നതും പ്രധിരോധിക്കുന്നതുമെല്ലാം വലുതാണ്. എനിക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനായി കളിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എനിക്കത് മാത്രമാണ് പ്രധാനം. എല്ലാ ദിവസവും ഇതിനെല്ലാം മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ജീവിക്കുന്നത്. അതെത്ര ദിവസമായാലും കുഴപ്പമില്ല, ഞാന്‍ പരിശ്രമിക്കുന്നത് തുടരും.
ഇപ്പോഴുള്ളത് വളരെ കഠിനമായ സാഹചര്യമാണ്. ആദ്യ പകുതിയിലുടനീളം മത്സരങ്ങള്‍ ജയിച്ചതിന് ശേഷം ടീം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഈ സാഹചര്യം ആരാധകരെയും കളിക്കാരെയുമെല്ലാം ബാധിക്കുന്നതാണ്. ഒരു ടീമിനും തോല്‍ക്കാന്‍ ഇഷ്ടമല്ല, പ്രത്യേകിച്ചും തുടര്‍ച്ചയായ തോല്‍വികള്‍. എല്ലാ മത്സരത്തെയും പോസിറ്റീവ് മാനസീകാവസ്ഥയോടെയാണ് സമീപിക്കുന്നത്. ഒരു കളിക്കാരനും ഒരു താരവും തോല്‍ക്കാന്‍ വേണ്ടി കളിക്കാനിറങ്ങില്ല. ഇത്രയധികം പിന്തുണയും ആരാധകരുമുള്ള ടീം ഒരിക്കലും തോല്‍ക്കാന്‍ ആഗ്രഹിക്കില്ല. തോല്‍ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങള്‍ ഒരു ടീമാണ്, കളിക്കാരാണ്, ഞങ്ങള്‍ക്ക് കളിയല്ലാതെ മറ്റൊന്നുമറിയില്ല. എല്ലാ ദിവസവും ജീവിക്കുന്നത് കളിയ്ക്കാന്‍ വേണ്ടിയാണ്. ഓരോ ദിവസവും പ്രതീക്ഷയോടെയാണ് പരിശീലനത്തിന് പോകുന്നത്.
Read more
കഴിഞ്ഞ സീസണില്‍ ഞാന്‍ ഗോളിലേക്കെത്തിയിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ ഞാന്‍ ഗോളുകള്‍ മിസ് ചെയ്തിട്ടുണ്ട്. ഗോളടിക്കാമായിരുന്ന ആറോളം ഓപ്പണ്‍ ചാന്‍സുകള്‍ ഞാന്‍ നഷ്ടപ്പെടുത്തി. ഗോളുകളുടെ അടുത്തേക്കുന്ന സാഹചര്യത്തിലേക്ക് ഞാന്‍ എത്തി. ഞാന്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. അത് ഞാന്‍ പോസിറ്റീവായി കാണുന്നു. ആരൊക്കെ കുറ്റപ്പെടുത്തിയാലും എനിക്ക് സ്വയം കുറ്റപ്പെടുത്താനാകില്ല. എന്റെ തയ്യാറെടുപ്പുകള്‍, എന്റെ മാനസികാവസ്ഥ ഇതെല്ലം ഞാന്‍ തന്നെ നോക്കണം. ഏതവസ്ഥയിലും ഞാന്‍ പോസിറ്റീവ് കണ്ടെത്താന്‍ ശ്രമിക്കുന്നു. ട്രെയിനിങ്ങില്‍ അതിനായി പരിശ്രമിക്കുന്നു- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.