COPA AMERICA 2024: വിനീഷ്യസ് ജൂനിയർ 70 മിനിറ്റിൽ കഷ്ടപ്പെടുന്നത് അവൻ 20 മിനിറ്റ് കൊണ്ട് ചെയ്യും, യുവതാരത്തെ വാഴ്ത്തി ഫുട്‍ബോൾ ലോകം

കോസ്റ്റ റിക്കയുമായുള്ള ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ബ്രസീൽ ഫുട്ബോൾ ടീം ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും, പുതിയൊരു താരത്തിന്റെ ഉദയത്തെ കുറിച്ചാണ് ഇപ്പോൾ ബ്രസീൽ ആരാധകർ സംസാരിച്ചു കൊണ്ടിരിക്കുന്നത്. കളിയുടെ എഴുപതാം മിനുറ്റിൽ റയൽ മാഡ്രിഡിന്റെ സൂപർ താരം വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി ഇറങ്ങിയ സാവിയോയാണ് നിലവിൽ ആരാധകരുടെ മനം കവരുന്നത്.

കളിയുടെ തുടക്കം മുതലേ ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും വിജയത്തിലേക്കെത്തിക്കാൻ അവർക്ക് സാധിച്ചില്ല. മുപ്പതാം മിനുട്ടിൽ മാർക്വിനോസ് തൊടുത്ത് വിട്ട ഗോൾ ആയെന്ന് തോന്നിച്ചെങ്കിലും വാർ അത് സൂക്ഷ്മ പരിശോധനയിൽ ഓഫ് സൈഡ് വിധിക്കുകയായിരുന്നു. പിന്നീട് ഒരു ഗോൾ നേടാൻ കഠിന ശ്രമം നടത്തിയെങ്കിലും ഒരു പ്രോപ്പർ സ്‌ട്രൈക്കർ ഇല്ലാതെ കളത്തിലിറങ്ങിയ ബ്രസീലിന് സ്കോർ ചെയ്യാൻ സാധിച്ചില്ല.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിക്കുന്ന സാവിയോ മികച്ച കളിയാണ് തനിക്ക് ലഭിച്ച കുറഞ്ഞ സമയത്തിൽ പുറത്തെടുത്തത്. 15 പാസുകൾ നടത്തിയ സാവിയോ 14 എണ്ണം 93% കൃത്യതയോടെ പൂർത്തീകരിച്ചു. ആറ് വിജയകരമായ ഡ്രിബിളുകൾ പൂർത്തിയാക്കിയ സാവിയോ ഏഴ് ഡ്യൂവലുകൾ വിൻ ചെയ്യുകയും ഒരു വലിയ ഗോൾ സ്കോറിങ്ങ് അവസരം ഉണ്ടാക്കുകയും ചെയ്തു.

2024 കോപ്പ അമേരിക്ക കിരീടം നേടാനുള്ള ഫേവറിറ്റുകളിൽ ഒന്നായി ബ്രസീലിനെ കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അവർ ആക്രമണത്തിൽ മോശം പ്രകടനം കാഴ്ചവെക്കുന്നതായി കാണപ്പെട്ടു. നിലവിൽ ഒരു കളിയിൽ നിന്നും കേവലം ഒരു പോയിന്റ് നേടി കൊളംബിയക്ക് താഴെ രണ്ടാം സ്ഥാനത്താണ് ബ്രസീൽ. ഡോറിവൽ ജൂനിയറിന് കീഴിൽ കളിക്കുന്ന ബ്രസീൽ ടീമിന് തുടർന്നുള്ള കളികൾ അറ്റാക്കിങ്ങ് മെച്ചപ്പെടുത്തിയാൽ മാത്രമേ പ്രതീക്ഷക്ക് വകയുള്ളു എന്ന് പണ്ഡിറ്റുകൾ വിലയിരുത്തുന്നു