കുളിക്കാറില്ല, ആഴ്ചയില്‍ ഒരിക്കല്‍ ഗംഗാജലം ദേഹത്ത് തളിക്കും; ഭര്‍ത്താവിന്റെ ദുര്‍ഗന്ധം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വിവിധ കാരണങ്ങളാല്‍ വിവാഹ മോചനം നേടുന്ന ദമ്പതികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവ് കുളിക്കാത്തതിന്റെ പേരില്‍ വിവാഹ മോചനം ആവശ്യപ്പെട്ട യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവതിയാണ് കുളിക്കാത്ത ഭര്‍ത്താവിന്റെ അസഹനീയമായ ദുര്‍ഗന്ധം കാരണം വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ ഈ 40 ദിവസങ്ങള്‍ക്കിടിയില്‍ ഇയാള്‍ ആകെ ആറ് തവണ മാത്രമാണ് കുളിച്ചത്. ഇയാള്‍ മാസത്തില്‍ രണ്ട് തവണ മാത്രമേ കുളിക്കാറുള്ളൂവെന്നാണ് യുവതി പറയുന്നത്. യുവാവ് പതിവായി കുളിക്കാത്തതിനാല്‍ അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും യുവതി പറയുന്നു.

തനിക്ക് ദുര്‍ഗന്ധം താങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ കഴിയില്ലെന്നും യുവതി പറയുന്നു. എന്നാല്‍ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവായ രാജേഷിന്റെ വാദമാണ് ഏറെ രസകരം. താന്‍ ഗംഗാജലം ഉപയോഗിച്ച് ശരീരം ശുദ്ധിയാക്കാറുണ്ടെന്നും അതിനാല്‍ കുളിക്കേണ്ട ആവശ്യമില്ലെന്നുമാണ് രാജേഷ് പറയുന്നത്.

Read more

ആഴ്ചയില്‍ ഒരു തവണ ഗംഗാജലം തളിച്ച് ശരീരം ശുദ്ധീകരിക്കാറുണ്ടെന്നായിരുന്നു രാജേഷ് പറയുന്നത്. അതിനാല്‍ കുളിക്കേണ്ട ആവശ്യമില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. യുവതി ഭര്‍ത്താവിന്റെ വൃത്തിയില്ലായ്മ കാരണം നേരത്തെ തന്നെ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്. സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.