ബ്രസീലിന് ഇത് എന്ത് പറ്റി; സമനിലയിൽ തളച്ച് ഉറുഗ്വേ; നിരാശയോടെ ആരാധകർ

അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിരുന്ന ടീമായിരുന്ന ബ്രസീലിന് ഇപ്പോൾ മോശ സമയമാണ്. ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലിന് വീണ്ടും സമനില കുരുക്ക്. ഉറുഗ്വേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി കളി അവസാനിപ്പിച്ചു.

ഉറുഗ്വേയ്ക്ക് വേണ്ടി ഫെഡറിക്കോ വാല്‍വെര്‍ഡെയും, കാനറികൾക്ക് വേണ്ടി ഗെർസനുമാണ്‌ സമനില ഗോളുകൾ ഇരു ടീമുകൾക്കും വേണ്ടി നേടിയത്. ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് ബ്രസീൽ ശ്രമിച്ചെങ്കിലും അതിനൊന്നും ഫലം കണ്ടില്ല.

മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയത് ബ്രസീൽ തന്നെയായിരുന്നു. 64 ശതമാനവും പൊസേഷനും അവരുടെ കൈയ്യിലായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 55 ആം മിനിറ്റിൽ ഫെഡറിക്കോ വാല്‍വെര്‍ഡെ ഉറുഗ്വേയ്‌യുടെ ലീഡ് ഗോൾ നേടി.

ഗോൾ വഴങ്ങിയ ബ്രസീൽ പിന്നീട് 62 ആം മിനിറ്റിൽ ഗെർസസന്റെ മികവിൽ സമനില ഗോൾ കണ്ടെത്തി. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീൽ രണ്ട് സമനിലകളാണ് വഴങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയും ബ്രസീലിനെ സമനിലയില്‍ തളച്ചിരുന്നു. 12 മത്സരങ്ങളില്‍ 18 പോയിന്റുള്ള ബ്രസീല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് നിലവിൽ നിൽക്കുന്നത്.