എതിരാളിയെ ബഹുദൂരം പിന്നിലാക്കി കിരീടവും കുറച്ച് റെക്കോഡുകളും, ചാമ്പ്യൻസ് ലീഗ് കിരീടം അടുത്ത ലക്‌ഷ്യം

എതിരില്ലാത്ത നാലു ഗോളുകൾക്കു എസ്പാന്യോളിനെ തകർത്ത് സ്പാനിഷ് ലാ ലിഗ കിരീടം 35ാം തവണ ഉയർത്തി റയൽമാഡ്രിഡ്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി കളത്തിലിറങ്ങിയ റയൽമാഡ്രിഡ് അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയാ നിർണായക മത്സരം വരുന്നതിനാൽ തന്നെ പ്രമുഖ താരങ്ങൾ പലരും ആദ്യ പകുതിയിൽ ഇറങ്ങിയില്ല. എന്തായാലും പകരക്കാരും മോശമാക്കിയില്ല. ബ്രസീലിയൻ യുവതാരം റോഡ്രിഗോയുടെ ഇരട്ട ഗോളും, ഈ സീസണിലെ റയൽമാഡ്രിഡ് ഗോളടി മെഷീൻ കരീം ബെൻസിമയുടെ ഗോളിലും, സ്പാനിഷ് താരം അസൻസിയോടെ ഗോളിലുമാണ് വയൽ മാഡ്രിഡ് എസ്പാന്യോളിനെ തകർത്തത്.

സീസണിന്റെ തുടക്കം മുതൽ റയലിന്റെ ആധിപത്യം തന്നെയായിരുന്നു. അതിനാൽ തന്നെയാണ് 4 മത്സരങ്ങൾ ബാക്കിനിൽക്കെ മുഖ്യ എതിരാളിയായ ബാഴ്‌സലോണയെ ബഹുദൂരം പിന്നിലാക്കി ജയിക്കാൻ റയലിന് സാധിച്ചത്.

രണ്ട് അപൂർവ റെക്കോർഡുകൾക്കും ഇന്നലെ ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചു. ലാലിഗ നേട്ടത്തോടെ സ്പെയിൻ, ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗ് കിരീടം ഉയർത്തിയ പരിശീലകൻ എന്ന അപൂർവ നേട്ടമാണ് കാർലോ സ്വന്തമാക്കിയത്. അതേസമയം റയൽമാഡ്രിഡ് കരിയറിൽ ഇരുപത്തിനാലാമത്തെ കിരീടം നേടി ബ്രസീൽ താരം മാഴ്സലോയും ചരിത്രം കുറിച്ചു. ടീമിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരമാകാൻ ബ്രസീലിയൻ സൂപ്പർ താരത്തിനായി.

ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ച് പൂർണാധിപത്യത്തോടെ കിരീടം നേടാനാകും റയൽ ശ്രമിക്കുക. അതിനിടയിൽ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യൻസ് ലീഗ് സെമിയും റയലിനെ കാത്തിരിപ്പുണ്ട്.