ഹിറ്റ്‌ലറെ അമ്പരപ്പിച്ച വിസാര്‍ഡ്, ഹോക്കി ഇതിഹാസത്തിന് ജന്മദിനാശംസകള്‍

കളി തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹത്തിന് ചെറിയ ഒരു സംശയം അക്കാര്യത്തില്‍ തോന്നിയിരുന്നു. ഫസ്റ്റ് ഹാഫ് കഴിഞ്ഞിട്ടും തന്റെ സ്റ്റിക്കിന് ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ പറ്റാഞ്ഞതോടെ തന്റെ കഴിവില്‍ അത്രയേറെ വിശ്വാസമുള്ള അയാള്‍ റഫറിയുടെ അടുത്തു ചെന്നു .

‘ഈ ഗോള്‍ പോസ്റ്റിന്റെ അളവുകള്‍ തെറ്റാണ്. ഒന്ന് പരിശോധിക്കണം ,സര്‍ ‘ ഹോക്കിയിലെ മഹാ മാന്ത്രികനായ ഒരാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ തിരിച്ചൊന്നും പറയാന്‍ റഫറിക്ക് പറ്റുമായിരുന്നില്ല. പരിശോധന കഴിഞ്ഞപ്പോള്‍ ധ്യാന്‍ചന്ദ് എന്ന അതുല്യപ്രതിഭയുടെ നിഗമനം വളരെ കൃത്യമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അനുപാതികമായിരുന്ന അളവുകള്‍ ചേര്‍ന്നതായിരുന്നില്ല ആ ഗോള്‍ പോസ്റ്റ്. ‘Dhanam

Major Dhyanchand one of the greatest hockey player

ഒരു കളിക്കാരന് തന്റെ കഴിവില്‍ എത്രത്തോളം ആത്മവിശ്വാസം ഉണ്ടെന്നതിനും കളിയെ സൂക്ഷ്മമായി മനസില്‍ കണ്ട് വിശകലനം ചെയ്യാനുമുള്ള കഴിവിനും ഇതിനേക്കാള്‍ വലിയ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാനില്ല .

ഇന്ന് ആഗസ്ത് 29 . ധ്യാന്‍ചന്ദ് എന്ന ‘ഹോക്കി വിസാര്‍ഡി’ന്റെ ജന്‍മദിനം. ദേശീയ കായിക ദിനം. ഇന്ത്യക്ക് ഒളിംപിക്‌സ് പോലൊരു വിശ്വ വേദിയില്‍ മേല്‍വിലാസം ഉണ്ടാക്കിത്തന്ന മഹാന്റെ പേരിലല്ലാതെ ഈ ദിനം അറിയപ്പെടേണ്ടതെങ്ങനെ? രാജീവ് ഗാന്ധി ഖേല്‍രത്‌ന, അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡുകള്‍ സമ്മാനിക്കപ്പെടുന്ന ദിനം രാജ്യത്തെ കായിക പ്രതിഭകള്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഓരോ വര്‍ഷവും ധ്യാന്‍ചന്ദ് കൂടുതല്‍ കൂടുതല്‍ മഹാനായിക്കൊണ്ടേയിരിക്കുന്നു.

How Major Dhyan Chand stood up to Adolf Hitler after beating Germany 8-1?

വെറുമൊരു കളിക്കാരന്‍ മാത്രമല്ല ധ്യാന്‍ചന്ദ്. ദേശസ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ് ആര്‍മിയില്‍ മേജര്‍ റാങ്കില്‍ വിരമിച്ച അദ്ദേഹം. 1936 ലെ ബര്‍ലിന്‍ ഒളിംപിക്‌സില്‍ ധ്യാന്‍ചന്ദിന്റെ മിന്നും പ്രകടനങ്ങള്‍ കണ്ട് അമ്പരന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മ്മന്‍ പൗരത്വവും ,ജര്‍മന്‍ സൈന്യത്തില്‍ വിശേഷ പദവിയും വാഗ്ദാനം ചെയ്തപ്പോള്‍ ചിരിച്ചു കൊണ്ട് ആ ക്ഷണം നിരസിച്ച ധ്യാന്‍ചന്ദ് ഒരു ജനതയ്ക്ക് തന്നെ അഭിമാനമായി .Dhanam

റണ്‍സുകള്‍ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച സര്‍ ഡോണാള്‍ഡ് ബ്രാഡ്മാന്‍ ധ്യാന്‍ചന്ദിനെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ‘ ധ്യാന്‍ചന്ദ് , നിങ്ങള്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നത് ഞങ്ങള്‍ റണ്‍സെടുക്കുന്നത് പോലെയാണ്. അത്ഭുതകരമാണ് താങ്കളുടെ പ്രകടനങ്ങള്‍ ‘

1928 ,1932 ,1936 ഒളിംപ്കസുകളിലായി 3 സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍ അതിന്റെ കുന്തമുന ധ്യാന്‍ചന്ദ് ആയിരുന്നു . 1928 ല്‍ ആംസ്റ്റര്‍ഡാമില്‍ 14 ഗോളുകളുമായി ടോപ് സ്‌കോറര്‍ ആയപ്പോള്‍ ഒരു പത്രം എഴുതിയത് ഇത് ഹോക്കിയല്ല, മാജിക്കാണ് എന്നാണ്. ധ്യാന്‍ചന്ദ് ഒരു കണ്‍കെട്ടുകാരനെന്നും .

Dhyan Chand Anniversary, remembering magician of hockey in 10 points

ധ്യാന്‍ചന്ദിന്റെ പ്രകടനത്തില്‍ വിശ്വാസിക്കാനാകാതെ, സംശയം തോന്നിയ ഹോളണ്ട് ഹോക്കി അതോറിറ്റി ചന്ദിന്റെ ഹോക്കി സ്റ്റിക് പൊട്ടിച്ചു നോക്കി അതില്‍ മാഗ്‌നറ്റ് ഉണ്ടോ എന്ന് പരിശോധിച്ച സംഭവം മാത്രം മതി അയാളുടെ മാന്ത്രിക പ്രകടനം എന്തായിരുന്നു എന്നതിന് തെളിവ്. ഒരു പക്ഷെ ലോകത്തിലെ ഒരു കായിക ഇനത്തിലും ഇതു പോലൊരു സംഭവം നടന്നിട്ടുണ്ടാകില്ല .

1932 ല്‍ അമേരിക്കയെ 24 -1 നും ജപ്പാനെ 11-1 നും തകര്‍ത്ത ഒളിംപിക്‌സില്‍ ഇന്ത്യ ആകെ 35 ഗോളുകള്‍ നേടിയപ്പോള്‍ ധ്യാന്‍ ചന്ദ് 12 ഗോളുകള്‍ നേടിയപ്പോള്‍ സഹോദരന്‍ രുപ് സിംഗ് കുറിച്ചത് 13 ഗോളുകള്‍ . ‘ഹോക്കിയിലെ സവിശേഷ ഇരട്ടകള്‍ ‘ എന്നറിയപ്പെട്ട ഇവരെ കൂടാതെ 1975 ല്‍ ക്വാലാലാംപുരില്‍ ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഗോള്‍ നേടിയ ധ്യാന്‍ചന്ദിന്റെ മകന്‍ അശോക് ധ്യാന്‍ചന്ദും കുടുംബ പാരമ്പര്യം ഊട്ടിയുറപ്പിച്ചത് പിന്നീട് കണ്ടു .

At the 1936 Olympics, hockey wizard Dhyan Chand led by example

രണ്ട് ദശാബ്ദം നീണ്ടു നിന്ന കരിയറില്‍ 400 ലധികം ഗോളുകള്‍ നേടി ചരിത്രം സൃഷ്ടിച്ചു എന്നതിനേക്കാളേറെ രാജ്യത്തിന് ലോക വേദിയില്‍ നിരന്തരം തലയുയര്‍ത്തി നില്‍ക്കാന്‍ അവസരം നല്‍കി എന്നതാണ് കായിക ചരിത്രത്തില്‍ ധ്യാന്‍ ചന്ദിന്റെ പ്രസക്തി .Dhanam

ധ്യാന്‍ സിങ് എന്ന യഥാര്‍ത്ഥ പേരുള്ള ആള്‍ ധ്യാന്‍ചന്ദ് ആയതിന് പിന്നിലും ഒരു കഥയുണ്ട് . കുട്ടിക്കാലത്ത് രാത്രിയില്‍ നിലാവെളിച്ചത്തില്‍ സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്ന ചെറുപ്പക്കാരനെ സുഹൃത്തുക്കള്‍ ചന്ദ്രന്റെ ഹിന്ദി വാക്കായ ‘ ചന്ദ്’ എന്ന് വിശേഷണം നല്‍കി .

എന്നാല്‍ ഹോക്കിയേക്കാള്‍ റെസ് ലിങ്ങിനെ പ്രേമിച്ച ചന്ദ് 16 ആം വയസില്‍ ആര്‍മിയില്‍ എത്തിയതോടെ ചരിത്രം തുടങ്ങി. 1921 വരെ കാര്യമായി ഹോക്കിയില്‍ ശ്രദ്ധിക്കാഞ്ഞ ആള്‍ 1928 ഒളിംപിക്‌സോടെ ഇതിഹാസമായി ഉയര്‍ന്നു .

The best Indian hockey players: From Dhyan Chand to Dhanraj Pillay

ലോക മഹായുദ്ധങ്ങള്‍ ധ്യാന്‍ചന്ദിന്റെ കരിയറിന് മാത്രമല്ല നഷ്ടമുണ്ടാക്കിയത് ഇന്ത്യക്ക് ഉറച്ച കുറെ സ്വര്‍ണമെഡലുകള്‍ കൂടിയായിരുന്നു. തന്റെ അവസാന നാളുകളില്‍ ഇന്ത്യയിലെ ഹോക്കിയിലെ ഭാവിയെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് , ‘ഇന്ത്യയില്‍ ഹോക്കി മരിച്ചു ‘ എന്നാണ്. സത്യമായിരുന്നു. കാരണം ഇന്ത്യ കണ്ട ഏറ്റവും മികച്ച കായിക താരത്തിന് ‘ ഖേല്‍ രത്‌ന ‘ നല്‍കണമെന്ന് എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടും ചെവിക്കൊള്ളാത്ത കായിക അധികാരികള്‍ക്ക് ഹോക്കിയെ വളര്‍ത്താനോ, കുട്ടികളെ ഹോക്കിയിലേക്ക് ആകര്‍ഷിക്കുന്നതിനോ താല്‍പര്യമില്ല .

സ്വന്തം രാജ്യം പലപ്പോഴും ധ്യാന്‍ചന്ദിനെ മറക്കുമ്പോഴും, ലോകം ധ്യാന്‍ചന്ദിനെ വാഴ്ത്തുന്നു. 1972 ല്‍ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റി മ്യൂണിച്ച് ഒളിംപിക്‌സിലെ വിശിഷ്ടാതിഥിയായി അദ്ദേഹത്തെ ക്ഷണിച്ചു. 1980 ല്‍ ധ്യാന്‍ചന്ദിന്റെ പേരില്‍ രാജ്യം സ്റ്റാംപ് പുറത്തിറക്കി. ഇന്നും ആ ബഹുമതി അവകാശപ്പെടാവുന്ന ഒരേ ഒരു ഹോക്കി താരം. 2002 മുതല്‍ നാഷണല്‍ നോക്കി സ്റ്റേഡിയം അറിയപ്പെടുന്നത് ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയം എന്നാണ് .

Yesteryear Hockey Stars Demand Bharat Ratna For The Legendary Dhyan Chand |  Hockey News | Sports News

ധ്യാന്‍ചന്ദിന്റ കാലഘട്ടത്തില്‍ ലോകത്തിന് അദ്ദേഹം ആരായിരുന്നു എന്നതിന് സത്യമല്ലെങ്കിലും പറയപ്പെടാറുള്ള ഒരു കഥയുണ്ട്. ആസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ധ്യാന്‍ചന്ദിന്റെ ഒരു പ്രതിമ കാണാം. 4 കൈകളുള്ള ആ രൂപത്തിന്റെ 4 കൈകളിലും ഓരോ ഹോക്കി സ്റ്റിക്കും ഉണ്ടെന്നുള്ള ഒരു കഥ.

അയാളെ നിങ്ങള്‍ മാന്ത്രികന്‍ എന്നാണ് വിളിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം അയാളൊരു മഹാ മാന്ത്രികനാണ് .

ഹോക്കി ഇതിഹാസത്തിന് ജന്‍മദിനാശംസകള്‍