ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു. നവംബറിൽ മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽ മത്സരത്തോടെ താൻ വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരിക്കുകയാണ്. വീഡിയോ സന്ദേശത്തിലൂടെയാണ് താരം വിരമിക്കൽ വാർത്ത പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ നാളുകളായി പരിക്കും വെല്ലുവിളികളുമായി കഷ്ടപെടുക ആയിരുന്നു താരം.
ഹൃദയസ്പർശിയായ ഒരു വീഡിയോ സന്ദേശത്തിൽ, 38-കാരൻ തൻ്റെ കരിയറിനെക്കുറിച്ചും സമീപ വർഷങ്ങളിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും പ്രതിഫലിപ്പിച്ചു. “ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വർഷങ്ങളായിരുന്നു, ഈ കഴിഞ്ഞ രണ്ട് വർഷങ്ങൾ പ്രത്യേകിച്ചും,” നദാൽ പറഞ്ഞു. “എൻ്റെ അവസാന ടൂർണമെൻ്റ് എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഡേവിസ് കപ്പായിരിക്കുമെന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. എൻ്റെ ആദ്യ സന്തോഷങ്ങളിലൊന്ന് 2004-ൽ സെവിയ്യയിൽ നടന്ന ഫൈനൽ ആയിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
22 തവണ ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞ കളിമൺ കോർട്ടിലെ ചക്രവർത്തിയുടെ പേരിൽ 14 ഫ്രഞ്ച് ഓപ്പൺ, 4 യുഎസ് ഓപ്പൺ, 2 വിംമ്പിൾഡൺ, 2 ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളുണ്ട്.