ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശത്തിലൂടെ സൂപ്പര്‍ താരം കിഡംബി ശ്രീകാന്ത് ചരിത്രം സൃഷ്ടിച്ചപ്പോള്‍ ഇന്ത്യക്കത് വലിയ സന്തോഷത്തിന്റെയും ഒപ്പം ചെറിയ സങ്കടത്തിന്റെയും നിമിഷമായി. ഇന്ത്യയുടെ തന്നെ യുവ താരം ലക്ഷ്യ സെന്നിനെ സെമിയില്‍ മറികടന്നാണ് ശ്രീകാന്ത് ഫൈനലില്‍ ഉറപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ പുരുഷ താരം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളത്തില്‍ ഇടംനേടുന്നത്. പ്രകാശ് പദുക്കോണ്‍ (1983), സായ് പ്രണീത് (2019) എന്നിവര്‍ സെമിയില്‍ എത്തിയതായിരുന്നു ഇന്ത്യയുടെ പുരുഷ താരങ്ങള്‍ ഇതുവരെ നടത്തിയ മികച്ച പ്രകടനം.
സ്വന്തം നാട്ടുകാരനായ സീനിയര്‍ താരത്തോട് പൊരുതിയാണ് ലക്ഷ്യ കീഴടങ്ങിയത് (17-21, 21-14, 21-17). ആദ്യ ഗെയിമില്‍ തുടക്കത്തിലേ മുന്‍തൂക്കം നേടിയ ലക്ഷ്യയെ മികച്ച ചില സ്മാഷുകളിലൂടെ ഒപ്പംപിടിക്കാന്‍ ശ്രീകാന്തിന് സാധിച്ചു. എങ്കിലും അന്തിമ നിമിഷങ്ങളില്‍ വരുത്തിയ തുടര്‍ പിഴവുകള്‍ ഒന്നാം ഗെയിം ശ്രീകാന്തിന് നഷ്ടപ്പെടുത്തി.
രണ്ടാം ഗെയിമിന്റെ ആരംഭത്തിലും ലക്ഷ്യയാണ് മുന്നില്‍കയറിയത്. പക്ഷേ, പതിയെ ഫോമിലേക്കെത്തിയ ശ്രീകാന്ത് ഉശിരന്‍ സ്മാഷുകളിലൂടെ ലക്ഷ്യയെ സമ്മര്‍ദ്ദത്തിലാക്കി. ഷോട്ടുകളില്‍ ശ്രീകാന്ത് വൈവിധ്യം പുലര്‍ത്തിയപ്പോള്‍ ലക്ഷ്യക്ക് കോര്‍ട്ടില്‍ മുഴുവനും ഓടിക്കളിക്കേണ്ടിവന്നു. എട്ട് പോയിന്റുകളില്‍ ഏഴും വാരിയ ശ്രീകാന്ത് രണ്ടാം ഗെയിമില്‍ ആധിപത്യം പിടിച്ചെടുത്തു. പിന്നീട് ലക്ഷ്യ ചെറുതായൊന്നു തിരിച്ചടിച്ചെങ്കിലും പിഴവുകള്‍ ആവര്‍ത്തിച്ചതോടെ ഗെയിം പോക്കറ്റിലാക്കി ശ്രീകാന്ത് 1-1ന് ഒപ്പമെത്തി.
Read more
നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. നെടുനീളന്‍ റാലികള്‍ക്ക് ആരാധകര്‍ സാക്ഷ്യംവഹിച്ചു. രണ്ടു തവണ മൂന്ന് പോയിന്റുകള്‍ക്ക് പിന്നിലായ ശേഷം ശ്രീകാന്ത് തിരിച്ചുവന്നതും കണ്ടു.ഒടുവില്‍ പരിചയസമ്പത്തിന്റെ ബലത്തില്‍ സമചിത്തത കാത്ത ശ്രീകാന്ത് ലക്ഷ്യ സെന്നിനെ മറികടന്ന് ഫൈനലിലേക്ക് കുതിച്ചു. 2017ല്‍ നാല് സൂപ്പര്‍ സീരിസ് കിരീടങ്ങള്‍ സ്വന്തമാക്കി അത്ഭുതം സൃഷ്ടിച്ചശേഷം ഫോം നഷ്ടപ്പെട്ട് വലഞ്ഞ ശ്രീകാന്തിന്റെ തിരിച്ചുവരവായി ലോക ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തെ വിലയിരുത്താം.