ആശ പ്രവര്‍ത്തകരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
വ്യാഴാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ആശ പ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടിരുന്നു. സിപിഐയും സമരം തീര്‍ക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം ആശ പ്രവര്‍ത്തകരുടെ സമരം ഇരട്ടത്താപ്പാണെന്നാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.
ആശ കേന്ദ്ര ആവിഷ്‌കൃത പദ്ധതി ആയതിനാല്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവായി നല്‍കേണ്ട തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രം നിശ്ചയിച്ച ഫിക്സഡ് ഇന്‍സെന്റീവ് 3,000 രൂപയില്‍ 1,800 രൂപ കേന്ദ്രവും 1,200 രൂപ സംസ്ഥാനവും നല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read more
കേരള സര്‍ക്കാര്‍ 7,000 രൂപയുടെ ഓണറേറിയവും മറ്റ് ഇന്‍സെന്റീവുകളുടെ വിഹിതം കൂടി നല്‍കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സമരക്കാര്‍ കേന്ദ്ര ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കാത്തത് ഗൂഢാലോചനയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.