'സാനിയയെ ഒരുപാടു മിസ് ചെയ്യുന്നു'; വിവാഹമോചന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് മാലിക്

ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ തള്ളി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്. ഇരുവര്‍ക്കും അവരുടേതായ തിരക്കുകളിലാണെന്നാണ് മാലിക്കിന്റെ വിശദീകരണം. സാനിയയെ മിസ് ചെയ്യുന്നുണ്ടെന്നും തെറ്റായ വാര്‍ത്തകള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും മാലിക് പറഞ്ഞു.

ചെറിയ പെരുന്നാള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ് ആഘോഷിക്കേണ്ടത്. സാനിയയ്ക്ക് ഐപിഎല്ലുമായി ബന്ധപ്പെട്ട പരിപാടി ഉള്ളതിനാല്‍ ഞങ്ങള്‍ ഒരുമിച്ചല്ലായിരുന്നു. എപ്പോഴത്തേയും പോലെ ഇപ്പോഴും ഞങ്ങള്‍ സ്‌നേഹത്തിലാണ്. സാനിയയെ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. ദാമ്പത്യ ബന്ധം ശക്തമായി തുടരുന്നു. അത്തരം വാര്‍ത്തകള്‍ക്കു ചെവികൊടുക്കേണ്ടതില്ലെന്നു ഞങ്ങള്‍ക്ക് അറിയാം- മാലിക്ക് പ്രതികരിച്ചു.

ആഘോഷ വേളകളിലും ഈദ് ദിനത്തിലും സാനിയ പങ്കുവച്ച ചിത്രങ്ങളില്‍ ശുഐബ് മാലിക്കിനെ കാണാതിരുന്നതോടെയാണ് സാനിയയും മാലിക്കും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍’ എന്ന സാനിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും അഭ്യൂഹങ്ങള്‍ക്കു വഴിയൊരുക്കി.

Read more

2010 ഏപ്രിലിലാണ് സാനിയയും മാലിക്കും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30ന് ഇരുവര്‍ക്കും ആണ്‍ കുഞ്ഞ് പിറന്നു. ഇസാന്‍ എന്നാണ് മകന്റെ പേര്. മകനൊപ്പമുള്ള ചിത്രങ്ങള്‍ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.