സ്പോര്‍ട്സ് ക്ലൈംബിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ഡോ. രാജ്മോഹന്‍ പിള്ളയെ തിരഞ്ഞെടുത്തു

സ്പോര്‍ട്സ് ക്ലൈംബിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്സിഎഫ്‌ഐ) പുതിയ പ്രസിഡന്റായി മലയാളിയും ബീറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.രാജ്‌മോഹന്‍ പിള്ളയെ തിരഞ്ഞെടുത്തു. ഞായറാഴ്ച തിരുവനന്തപുരം ടെന്നീസ് ക്ലബ്ബില്‍ വെച്ച് നടന്ന സമ്മേളനത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഒളിമ്പിക് സാധ്യതകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, സ്‌പോര്‍ട്‌സ് ക്ലൈംബിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഡോ.രാജ്‌മോഹന്‍ പിള്ള പറഞ്ഞു. 2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ ഉറപ്പാക്കുകയാണ് സ്പോര്‍ട്സ് ക്ലൈംബിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ലക്ഷ്യം. സ്പോര്‍ട്സ് ക്ലൈംബിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ വെബ്‌സൈന്റിന്റെ പ്രകാശനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.

സാഹസികത നിറഞ്ഞതും ഇന്ത്യയിലസ സമീപകാലത്ത് പ്രചാരം നേടുന്നതുമായ ഒരു കായികയിനമാണ് സ്പോര്‍ട്സ് ക്ലൈംബിംഗ്. അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയിലുടനീളം പത്ത് ലക്ഷം രജിസ്റ്റര്‍ ചെയ്ത കളിക്കാരെ സൃഷ്ടിക്കുകയെന്നതാണ് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.

സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ സ്പോര്‍ട്സ് ക്ലൈംബിംഗ് സമന്വയിപ്പിക്കുന്നത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. യുവപ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സ്‌കൂളുകളില്‍ സ്പോര്‍ട്സ് ക്ലൈംബിംഗ് വാള്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സ്പോര്‍ട്സ് ക്ലൈംബിംഗ് ഫെഡറേഷന്‍ മുന്‍കൈയെടുക്കും.

‘ഇന്ത്യയിലെ വലിയ ജനസംഖ്യയുള്ളതിനാല്‍, മികച്ച പ്രകടനം നടത്തുന്നവരെ ചെറുപ്പം മുതലേ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നതിന് അവര്‍ക്ക് പ്രൊഫഷണല്‍ പരിശീലനം നല്‍കിക്കൊണ്ട് ഓരോ വര്‍ഷവും 1,000 പുതിയ കായികതാരങ്ങളെ സൃഷ്ട്ടിക്കുന്നതിനാണ് ഫെഡറേഷന്റെ പദ്ധതി’, ഡോ. രാജ്മോഹന്‍ പിള്ള പറഞ്ഞു.

കായിക ഇനമെന്ന നിലയിലെ അടുത്തിടെ വലിയ നേട്ടങ്ങളാണ് സ്‌പോര്‍ട്‌സ് ക്ലൈംബിംഗ് മത്സരങ്ങളില്‍ ഇന്ത്യ നേടിയിട്ടുള്ളത്. എട്ട് അത്‌ലറ്റുകള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു, നാല് പേര്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചു, 25 യുവ ക്ലൈംബര്‍മാര്‍ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ജംഷഡ്പൂരില്‍ വെച്ച് നടന്ന ഏഷ്യന്‍ കിഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

സാഹസികത നിറഞ്ഞതും ഇന്ത്യയില്‍ സമീപകാലത്ത് പ്രചാരം നേടുന്നതുമായ ഒരു കായികയിനമാണ് സ്പോര്‍ട്സ് ക്ലൈംബിംഗ്. പാരീസ് 2024, ലോസ് ഏഞ്ചല്‍സ് 2028 ലും ഒളിമ്പിക് ഗെയിംസില്‍ സ്‌പോര്‍ട്‌സ് ക്ലൈമ്പിങ് രണ്ടിനങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സില്‍ സ്‌പോര്‍ട്‌സ് ക്ലൈമ്പിങ് ഒരു കായികയിനമായിരുന്നു. പാരീസ് 2024, ലോസ് ഏഞ്ചല്‍സ് 2028 ലും ഒളിമ്പിക് ഗെയിംസില്‍ സ്‌പോര്‍ട്‌സ് ക്ലൈമ്പിങ് രണ്ടിനങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഇനങ്ങളില്‍ മികച്ച നേട്ടം കൊയ്യാന്‍ ചിട്ടയായ പരിശീലനവും സൗകര്യങ്ങളും ഒരുക്കുകയാണ് ഫെഡറേഷന്‍ ലക്ഷ്യം വെക്കുന്നത് .

ജനറല്‍ സെക്രട്ടറി കേണല്‍ എസ്പി മാലിക്, വൈസ് പ്രസിഡന്റ് ബ്രിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.