മാനുവേലിന്റെ പാതയില്‍ ശ്രീജേഷ്, അപൂര്‍വ്വം ഈ തനിയാവര്‍ത്തനം

ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കുന്ന കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ താരമെന്ന ബഹുമതിയുടെ നിറവില്‍ ഇന്ത്യന്‍ ഹോക്കി ടീം ഗോളി പി. ആര്‍. ശ്രീജേഷ് ചിരിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അത് അഭിമാന ചിത്രമാകുന്നു. ഒളിമ്പിക് മെഡല്‍ നേട്ടത്തില്‍ ശ്രീജേഷിന്റെ മുന്‍ഗാമിയും ഒരു ഹോക്കി താരം തന്നെ, മാനുവേല്‍ ഫ്രെഡറിക്സ്. 1972ല്‍ ഇന്ത്യ ഹോക്കിയില്‍ മെഡല്‍ സ്വന്തമാക്കിയപ്പോള്‍ മാനുവേലാണ് വല കാത്തത്.

സ്‌കൂള്‍ കാലത്ത് ഫുട്ബോളിലായിരുന്നു മാനുവേലിന് കമ്പം. പന്ത്രണ്ടാം വയസില്‍ ഹോക്കിയിലേക്ക് ചുവടുമാറി. പതിനഞ്ചാം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നതാണ് കണ്ണൂര്‍ സ്വദേശിയായ മാനുവേല്‍ ഫ്രഡറിക്സിന്റെ കരിയറിലെ വഴിത്തിരിവായത്. സൈനിക ക്യാമ്പുകളിലെ പരിശീലനം മാനുവേലിനെ നിലവാരമുള്ള ഹോക്കി താരമാക്കിമാറ്റി. 1971ല്‍ അദ്ദേഹം അന്താരാഷ്ട്ര ഹോക്കിയില്‍ അരങ്ങേറി. തൊട്ടടുത്ത വര്‍ഷം മ്യൂണിച്ച് ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടംനേടിയ മാനുവേല്‍ ഫസ്റ്റ് ചോയ്സ് ഗോള്‍ കീപ്പറായി നിയോഗിക്കപ്പെട്ടു. 1973, 1978 ലോക കപ്പുകളിലും മാനുവേല്‍ ഇന്ത്യയുടെ വല കാത്തു.

I would love to see India hockey team bring Olympic gold: Manuel 'Tiger' Fredericks | Olympics News,The Indian Express

മ്യൂണിച്ച് ഒളിമ്പിക്സിലെ സഹതാരങ്ങളായിരുന്ന എട്ട് പേരെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു. രണ്ട് പേര്‍ക്ക് പിന്നീട് പത്മഭൂഷണും നല്‍കി. അപ്പോഴെല്ലാം മാനുവേല്‍ അവഗണിക്കപ്പെട്ടു. എന്നാല്‍ 2019ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം സമ്മാനിച്ച് രാജ്യം അദ്ദേഹത്തോട് നീതി കാട്ടി. മ്യൂണിച്ചില്‍ മാനുവേലിന്റെ ഉശിരന്‍ സേവുകളാണ് ഇന്ത്യയെ വെങ്കല മെഡല്‍ നേട്ടത്തിലെത്തിച്ചത്. ശ്രീജേഷും വലയ്ക്കു കീഴിലെ ഉജ്ജ്വല പ്രകടനവുമായി മെഡലിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ നിര്‍ണായക സംഭാവന തന്നെ നല്‍കി.

Sreejesh becomes second Keralite to win an Olympic medal | Tokyo 2020 News | Onmanorama

Read more

21-ാം വയസിലാണ് മാനുവേല്‍ ഫ്രെഡറിക്സ് ഒളിമ്പിക് മെഡല്‍ കഴുത്തിലണിഞ്ഞത്. കൊച്ചി കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷിന് അതു നേടാന്‍ 35 വയസുവരെ കാത്തിരിക്കേണ്ടിവന്നു. എങ്കിലും മാനുവേലിന്റെ ശരിക്കുള്ള പിന്‍ഗാമിയായി ശ്രീജേഷ് മാറുമ്പോള്‍ കാലത്തിന്റെ സുന്ദരമായ തനിയാവര്‍ത്തനമായി അതിനെ വിശേഷിപ്പിക്കാം.