രണ്ട് സെന്റീമീറ്റര്‍ അകലെ പൊലിഞ്ഞ് സ്വര്‍ണം; ഡയമണ്ട് ലീഗില്‍ നീരജ് രണ്ടാമത്

ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക് ലോകചാമ്പ്യന്‍ നീരജ് ചോപ്ര രണ്ടാമത്. 88.36 മീറ്റര്‍ ദൂരത്തിലെറിഞ്ഞാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. അവസാന ശ്രമത്തിലായിരുന്നു നീരജിന്റെ മികച്ച പ്രകടനം. നേരിയ വ്യത്യാസത്തിലാണ് നീരജ് രണ്ടാമതായത്.

സ്വര്‍ണം നേടിയ ജാക്കൂബ് വാദ്ലെച്ചിന്‍ 88.38 മീറ്റര്‍ ദൂരമാണ് ജാവലിന്‍ എറിഞ്ഞത്. ഡയമണ്ട് ലീഗിലെ നിലവിലെ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ്. ഗ്രനാഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് 86.62 മീറ്ററോടെ മൂന്നാമതുമെത്തി.

നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 84.93 മീറ്റര്‍ ദൂരമെറിയാന്‍ സാധിച്ചു. മൂന്നാം ശ്രമത്തില്‍ 86.24 മീറ്ററും നാലാം ശ്രമത്തില്‍ 86.18 മീറ്ററുമെത്തി. അവസാന ശ്രമത്തില്‍ 88.36 മീറ്റര്‍ നേടിക്കൊണ്ട് നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താവുകയായിരുന്നു.

മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജെന ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കിഷോര്‍ ജെന 76.31 മീറ്റര്‍ ദൂരമാണെറിഞ്ഞത്.