മകളെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി 19- കാരിയായ യുവതിയെ പങ്കാളിക്കൊപ്പം പോകാൻ അനുവദിച്ചു. തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ നേതാവും 35 വയസുകാരനായ ദളിത് എം.എൽ.എയുമായ എ പ്രഭുവിന്റെ യുവതിയുമായുള്ള വിവാഹം കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു.
ബ്രാഹ്മണ പുരോഹിതൻ സ്വാമിനാഥന്റെ മകളായ സൗന്ദര്യ ഇന്ന് ഹൈക്കോടതിയിൽ ഹാജരായി. പിതാവിനോട് സംസാരിക്കാൻ യുവതിയെ കോടതി അനുവദിക്കുകയും, തുടർന്ന് ഭർത്താവിനൊപ്പം പോകാനാണ് താത്പര്യം എന്ന് യുവതി ജഡ്ജിമാരോട് പറയുകയും ചെയ്തു. തന്നെ തട്ടിക്കൊണ്ടു പോയി എന്ന ആരോപണവും സൗന്ദര്യ നിഷേധിച്ചു.
കുറച്ച് മാസങ്ങളായി പ്രണയത്തിലാണെന്നും മുതിർന്നവരാണെന്നും വിവാഹം പരസ്പരസമ്മതത്തോടെയാണെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ സൗന്ദര്യയും പ്രഭുവും പറഞ്ഞിരുന്നു.
സൗന്ദര്യ പറയുന്നതനുസരിച്ച്, ഒരു ദശാബ്ദത്തിലേറെയായി അവളുടെ കുടുംബത്തിന് പ്രഭുവിനെ അറിയാമായിരുന്നു. തിങ്കളാഴ്ച കല്യാണം നടക്കുന്നത് വരെ പ്രഭുവിന് അവളുടെ വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നു.
മകളെ വിവാഹം ആലോചിച്ച് പ്രഭുവും കുടുംബവും വന്നപ്പോൾ സ്വാമിനാഥൻ അത് തിരസ്കരിക്കുകയായിരുന്നു.
സ്വാമിനാഥൻ ഈ ബന്ധത്തെ “വിശ്വാസ ലംഘനം” എന്ന് വിശേഷിപ്പിക്കുകയും, എം.എൽ.എ തന്റെ പ്രായപൂർത്തിയാകാത്ത മകളുമായി ബന്ധത്തിൽ ഏർപ്പെടുകയും അവളെ വശത്താക്കുകയും ചെയ്തുവെന്നും ആരോപിച്ചു.
പ്രഭു തന്റെ മകളുമായി നാല് വർഷമായി പ്രണയത്തിലായിരുന്നു, പ്രായപൂർത്തിയാകുന്നതിന് മുമ്പേ അവൾ അയാളുടെ നിയന്ത്രണത്തിലായിരുന്നു എന്നും പിതാവ് ഇന്ന് കോടതിയിൽ പറഞ്ഞു.
താൻ വിവാഹത്തെ എതിർത്തത് ജാതിയുടെ പേരിലല്ല എന്നും, മറിച്ച് പ്രായവ്യത്യാസം മൂലമാണെന്നും പിതാവ് നേരത്തെ വാദിച്ചിരുന്നു, എന്നാൽ അതിനെ കുറിച്ച് ഇന്ന് കോടതിയിൽ ഒന്നും പറഞ്ഞില്ല.
“30 വയസ്സ് വരെ ഞാൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു … ലോക്ക്ഡൗൺ സമയത്ത് ഞാൻ അവളുമായി (സൗന്ദര്യ) അടുത്ത ബന്ധം പുലർത്തിയിരുന്നു, ഞങ്ങൾ പ്രണയത്തിലായിരുന്നു … എന്റെ ഭാര്യയുടെ പിതാവിനെ എനിക്ക് വർഷങ്ങളായി അറിയാം, ഞങ്ങൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സ്വന്തം കൈ കൊണ്ട് എനിക്ക് ആഹാരം വാരിത്തരികയും എന്റെ വിജയത്തിനായി പ്രാർത്ഥിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. എനിക്കെതിരെ അദ്ദേഹത്തെ തിരിപ്പിച്ചത് ചില രാഷ്ട്രീയ ശക്തികളാണെന്നാണ് എനിക്ക് തോന്നുന്നത്, ” എ പ്രഭു മാധ്യമങ്ങളോട് പറഞ്ഞു.
Read more
“രാഷ്ട്രീയം പൊതുജീവിതവും വിവാഹം എന്റെ വ്യക്തിജീവിതവുമാണ്. ഇവ രണ്ടും കൂട്ടിക്കലർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അന്യ ജാതിക്കാരിയെ വിവാഹം ചെയ്യുന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിൽ സ്വാധീനം ചെലുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എം.എൽ.എ മറുപടി പറഞ്ഞു.