കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

മാര്‍ച്ച് 21ന് ഡല്‍ഹി മുഖ്യമന്ത്രിയെ പിടിച്ചു അകത്തിടുമ്പോള്‍ മോദി സര്‍ക്കാരിന്റെ ഇഡി ഉദ്ദേശിച്ച കാര്യങ്ങളിലൊന്ന് തിരഞ്ഞെടുപ്പ് കഴിയും വരെ കെജ്‌രിവാൾ  തീഹാറിലെ ഇരുട്ടറയില്‍ കഴിയണമെന്നതായിരുന്നു. പക്ഷേ അന്ന് അകത്തായതിലും ശക്തനായി പ്രചരണച്ചൂടിലേക്ക് അരവിന്ദ് കെജ്രിവാള്‍ തിരിച്ചിറങ്ങുമ്പോള്‍ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി മാത്രമല്ല ഇന്ത്യ സഖ്യം ഒന്നടങ്കം അതിന്റെ ആവേശത്തിലായിട്ടുണ്ട്. ജയിലിന് മറുപടി വോട്ടിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആംആദ്മി പാര്‍ട്ടി നടത്തിയ പ്രചാരണം ഡല്‍ഹിയിലെ അണികളെ നേരത്തെ തന്നെ ഉണര്‍ത്തിയിരുന്നു. കെജ്രിവാളിന് ഇടക്കാല ജാമ്യം സുപ്രീം കോടതി അനുവദിച്ചതോടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ അതേ മുദ്രാവാക്യം ആര്‍ത്തു വിളിച്ചു.

ജയിലിലായി 51ാം ദിവസം പുറത്തിറങ്ങുന്ന കെജ്രിവാളിന് മുന്നില്‍ ഉപാധികളൊരുപാട് വെച്ചിട്ടുണ്ട് സുപ്രീം കോടതി. ഡല്‍ഹി മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കരുതെന്ന വ്യവസ്ഥയിലാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം കെജ്രിവാളിന് അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാമെന്ന് വ്യക്തമാക്കി കൊണ്ടാണ് 21 ദിവസത്തെ ജാമ്യം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കണം എന്നാണ് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ജൂണ്‍ 2ന് തന്നെ ജയിലിലേക്കു മടങ്ങണമെന്നാണ് കോടതി കെജ്രിവാളിനോട് നിര്‍ദേശിച്ചത്.

ഇനി എടുത്തുപറയേണ്ട ഒരു കാര്യം കേന്ദ്രസര്‍ക്കാരിന്റെ കളിപ്പാവയായ ഇഡിയെ ഒരിക്കല്‍ കൂടി കോടതി ശക്തമായ ഭാഷയില്‍ പലതും ഓര്‍മ്മിപ്പിച്ചെന്നതാണ്. തോന്നിയ പോലെ കേസും അറസ്റ്റും നടത്തി ആളെ അകത്താക്കുന്ന ഇഡി ആ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനും വിചാരണയ്ക്ക് തയ്യാറെടുക്കാനും വൈകുന്നതിന്റെ ചേതോവികാരം സുപ്രീം കോടതി ചോദിക്കാതെ തന്നെ ചോദിച്ചിട്ടുണ്ട്.

ഡല്‍ഹി മദ്യനയ അഴിമതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഈ കാലതാമസം എന്തിനായിരുന്നെന്നും സുപ്രീം കോടതി കേന്ദ്ര ഏജന്‍സിയോട് ചോദിച്ചിട്ടുണ്ട്. അതായത് ഒന്നര വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള അറസ്റ്റില്‍ രാഷ്ട്രീയ താല്‍പര്യത്തെ കോടതി പോലും സംശയത്തിന്റെ നിഴലിലാണ് കാണുന്നതെന്ന് ചുരുക്കം. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് കെജ്രിവാളിന് ജാമ്യം അനുവദിച്ചു കൊണ്ട് മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു.

കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന്. 21 ദിവസം ഇവിടെയോ അവിടെയോ എന്നത് വലിയ വ്യത്യാസവുമല്ലെന്ന്.

അരവിന്ദ് കെജ്രിവാളിന് ഒരു കാരണവശാലം ജാമ്യം അുവദിക്കരുതെന്ന് ഇഡിയും കേന്ദ്രസര്‍ക്കാരും കടുംപിടുത്തം പിടിച്ചപ്പോഴാണ് കെജ്രിവാള്‍ 21 ദിവസം പുറത്തുനിന്നാല്‍ കേസില്‍ വലിയ മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞത്. കേസിലല്ല തിരഞ്ഞെടുപ്പിലാണ് കെജ്രിവാളിന്റെ സാന്നിധ്യം തങ്ങള്‍ക്ക് വിനയാകുന്നതെന്ന് വിളിച്ചു പറയാന്‍ കഴിയാതെ മോദിയുടെ കേന്ദ്രസര്‍ക്കാരും ഇഡിയും വിഷമിച്ചപ്പോള്‍ കെജ്രിവാളിന് ജാമ്യം കിട്ടി. ജൂണ്‍ 2ന് കെജ്രിവാള്‍ തിരിച്ചു ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടപ്പോള്‍ ജൂണ്‍ നാലിന് വോട്ടെണ്ണല്‍ കഴിഞ്ഞുപോരേയെന്ന ആവശ്യം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരുന്നു. എന്നാല്‍ അത് കോടതി അനുവദിച്ചില്ല.

മേയ് 25നാണ് ഡല്‍ഹിയിലെ വോട്ടെടുപ്പെന്നിരിക്കെ അതിന് മുമ്പ് പ്രചാരണത്തിന് അവസരമൊരുക്കിയാണ് സുപ്രീം കോടതി കെജ്രിവാളിനെ പുറത്തേക്ക് വിട്ടത്. ജൂണ്‍ 1ന് ആംആദ്മി പാര്‍ട്ടി അധികാരത്തിലുള്ള പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കും. രണ്ടിടത്തും താരപ്രഭയോടെ കെജ്രിവാള്‍ പ്രചാരണത്തിനിറങ്ങും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ കെജ്രിവാളിന്റെ പുറത്തിറങ്ങല്‍ അറിഞ്ഞതോടെ ഡല്‍ഹിയിലേക്ക് പോന്നു കഴിഞ്ഞു. നാളെയും മറ്റന്നാളും ഡല്‍ഹിയില്‍ പ്രചാരണത്തിനിറങ്ങു പഞ്ചാബ് മുഖ്യമന്ത്രി.

ജാമ്യം കിട്ടിയത് അത്ഭുതത്തില്‍ കുറഞ്ഞ ഒന്നുമല്ലെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ ആദ്യ പ്രതികരണം. രാഷ്ട്രീയക്കാരനെന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കരുതെന്ന വാദമെല്ലാം ഉയര്‍ത്തി കെജ്രിവാളിന്റെ പുറത്തിറങ്ങല്‍ വൈകിപ്പിക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാണ് ഇടക്കാല ജാമ്യം. ഇന്ത്യ മുന്നണി നേതാക്കളെല്ലാം കെജ്രിവാളിന്റെ പുറത്തിറങ്ങല്‍ സ്വാഗതം ചെയ്തു കഴിഞ്ഞു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും എക്‌സ് പ്ലാറ്റ് ഫോമില്‍ ആംആദ്മി നേതാവിന്റെ തിരിച്ചുവരവില്‍ ആഹ്ലാദം അറിയിച്ചു. ഇന്ത്യ മുന്നണിയ്ക്കുണ്ടായ ഊര്‍ജ്ജവും നേതാക്കളുടെ പ്രതികരണത്തില്‍ വ്യക്തമായിരിന്നു. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെ കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരെ നിന്ന് അരവിന്ദ് കെജ്രിവാളിന് നീതിയും ആശ്വാസവും ലഭിക്കുന്നത് മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങുന്നതിന്റെ വലിയ അടയാളമാണ്. അദ്ദേഹം സത്യമാണ് സംസാരിക്കുന്നത്, അതാണ് ബിജെപിക്ക് ഇഷ്ടപ്പെടാത്തതും. അദ്ദേഹത്തിനും ഇന്ത്യന്‍ സഖ്യത്തിനും കൂടുതല്‍ കരുത്തുണ്ടാവട്ടെ. ഞങ്ങള്‍ നമ്മുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കും.

എന്തായാലും തിരഞ്ഞെടുപ്പിന് മുമ്പേ ഒന്നര വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാളിനെ അകത്താക്കി ബിജെപി എന്താണോ നടപ്പാക്കാന്‍ ശ്രമിച്ചത് അതിന്റെ എതിരാണ് ഈ വിഷയത്തില്‍ സംഭവിച്ചത്. അകത്തേക്ക് കെജ്രിവാള്‍ പോയത് രാഷ്ട്രീയ പകപോക്കല്‍ മൂലമാണെന്ന പ്രചാരണം ജനങ്ങള്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിച്ചു. പ്രതിപക്ഷ മുഖ്യമന്ത്രിമാരും മന്ത്രിമാരും നിരന്തരം കേസുകളില്‍ വേട്ടയാടപ്പെടുകയും കൂറുമാറി ബിജെപിയ്ക്ക് ഒപ്പം പോകുന്നവര്‍ ഇഡി കേസുകളില്‍ നിന്നും സിബിഐ കേസുകളില്‍ നിന്നും ക്ലീന്‍ ചിറ്റു വാങ്ങി മാന്യരാകുന്നതും ജനം കണ്ടു. മോദി വാഷിംഗ് പൗഡറും മോദി വാഷിംഗ് മെഷീനും തിരഞ്ഞെടുപ്പ് വേദികളില്‍ പ്രതിപക്ഷ നേതാക്കളുടെ വാക്കുകളില്‍ നിന്ന് ഉതിരുന്നതിനേക്കാള്‍ അധികം നാട്ടിലും സാമൂഹിക ഇടങ്ങളിലും ചര്‍ച്ചയായി. അകത്തേയ്ക്ക് പോയ കെജ്രിവാളിനേക്കാള്‍ ശക്തനായ കെജ്രിവാളാണ് തീഹാര്‍ ജയിലിന് പുറത്തേക്ക് വന്നിരിക്കുന്നതെന്ന് ഇപ്പോള്‍ ബിജെപിയ്ക്കും അറിയാം. കഴിഞ്ഞ കുറി 7ല്‍ 7ഉം പിടിച്ചു നല്‍കിയ ഡല്‍ഹി ഇക്കുറി തങ്ങളെ വിറപ്പിയ്ക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ബിജെപി.

Read more