പുരോഹിതര്‍ കേരളീയരെ അപമാനിക്കാന്‍ നില്‍ക്കരുത്; 'കിറ്റുനക്കികള്‍' എന്നു വിളിക്കുന്നവര്‍ക്ക് വിവരക്കുറവ്; കൂറിലോസിനെതിരെ അശോകന്‍ ചെരുവില്‍; മുഖ്യമന്ത്രിക്ക് പിന്തുണ

ഭക്ഷ്യക്കിറ്റിനെ മുന്‍നിര്‍ത്തിയാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നത് എന്ന ആരോപണം കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും അപമാനിക്കുന്നതാണെന്ന് അശോകന്‍ ചെരുവില്‍. യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദേഹം.

2024ലെ റിസല്‍റ്റ് തന്നെ ഈ ആരോപണത്തെ നിരാകരിക്കുന്നു. തൃശൂരിലും തിരുവനന്തപുരത്തും ഉണ്ടായ ബി.ജെ.പി. മുന്നേറ്റം ഒഴിവാക്കിയാല്‍ സ്വതന്ത്രവും വിവേകപൂര്‍ണ്ണമായതുമായ നിലപാടാണ് സംസ്ഥാനത്ത് പൊതുവെ ജനങ്ങള്‍ സ്വീകരിച്ചത്. ഇടതുപക്ഷത്തോടുള്ള അനുഭാവവും സ്‌നേഹവും മനസ്സില്‍ കാത്തുവെച്ചു കൊണ്ടുതന്നെ സംഘപരിവാര്‍ ഭരണത്തെ ഇല്ലാതാക്കാന്‍ ദേശീയതലത്തില്‍ താരതമ്യേന കൂടുതല്‍ ശക്തിയുള്ള പാര്‍ട്ടിക്ക് അവര്‍ വോട്ടുചെയ്തു.

2019ലും ഇതാണ് സംഭവിച്ചത്. തദ്ദേശ ഭരണരംഗത്ത് ആരു വരണമെന്നും സംസ്ഥാനഭരണത്തിന് യോഗ്യമായ പക്ഷം ഏതെന്നും അനുഭവത്തെ മുന്‍നിര്‍ത്തി ഇവിടത്തെ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. ഇത്രമാത്രം കരുതലോടെ വോട്ടുചെയ്യുന്ന മറ്റൊരു ജനത ഉണ്ടാവില്ല. 2021ലെ ഇടതുപക്ഷ വിജയത്തില്‍ അസ്വസ്ഥരായി ‘കിറ്റുനക്കികള്‍’ എന്ന് കേരളീയരെ അടച്ചാക്ഷേപിച്ച ഫ്യൂഡല്‍ ജീര്‍ണ്ണാവശിഷ്ട മനുഷ്യരൂപങ്ങള്‍ ഉണ്ട്. ആ വഴി പിന്തുടരുന്നവര്‍ക്ക് അവര്‍ പുരോഹിതനായാലും പരികര്‍മ്മിയായാലും സ്ഥാപിതതാല്‍പ്പര്യം അല്ലെങ്കില്‍ വിവരക്കുറവ് ഉണ്ട്. അഭിവന്ദ്യപുരോഹിതര്‍ കേരളീയരെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നും അദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമര്‍ശത്തോടു പ്രതികരിക്കുന്നില്ലെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ”നേരത്തേ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ പറയാനുള്ളു. അതില്‍ കൂടുതലായോ കുറവായോ ഒന്നും പറയാനില്ല. വ്യക്തിപരമായ പരാമര്‍ശങ്ങളോട് പ്രതികരണമില്ല. ഞാന്‍ എന്നും ഇടതുപക്ഷത്താണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്റെ ഹൃദയപക്ഷം തന്നെയാണ് എന്റെ പക്ഷം. അതിലൊന്നും മാറ്റമുണ്ടാകില്ല” അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തിരിച്ചടിയേല്‍ക്കാന്‍ കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും ധാര്‍ഷ്ട്യവുമാണെന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്. പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വാചകത്തിലൂടെ വ്യക്തമാകുന്നതെന്നാണ് ഇന്നലെ മൂന്നാം വര്‍ഷ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.