നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിനെ ഈ വര്‍ഷം നടക്കുന്ന പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കും 2024 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുള്ള പ്രധാന ആയുധമാക്കി മാറ്റാന്‍ ബി ജെ പി തിരുമാനിച്ചിരിക്കുകയാണ്. ഇന്ത്യന്‍ മിഡില്‍ ക്‌ളാസിന് വേണ്ടിയുള്ള ബജറ്റെന്ന് നിസംശയം വിളിക്കാവുന്ന നിര്‍മലാ സീതാരാമന്റ ആറാമത്തെ ബജറ്റിലൂടെ തങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിക്കഴിഞ്ഞെന്ന പ്രഖ്യാപനമാണ് ബി ജെ പി നടത്തുന്നത്.
ഇതിനായി ഒരു ഒമ്പതംഗ പ്രചരണ സമിതിയെ ബി ജെ പി നിയോഗിച്ചു കഴിഞ്ഞു. ഈ പ്രചാരണ സമിതിയുടെ നേതൃത്വത്തിലായിരിക്കും രാജ്യവ്യാപകമായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.മിഡില്‍ ക്‌ളാസിന് നിര്‍ണായക സ്വാധീനമുള്ള രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനും മറ്റുമായി 20 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അത് കൊണ്ട് തന്നെ കാര്‍ഷിക മേഖലക്ക് പ്രധാന്യമുള്ള രാജസ്ഥാന്‍ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് വലിയ പ്രചാരണപരിപാടിയാണ് ബി ജെ പി ലക്ഷ്യമിടുന്നത്. 50 പ്രധാന നഗരങ്ങളില്‍ ഒരു കേന്ദ്രമന്ത്രിയും ഒരു മുതിര്‍ന്ന നേതാവും എത്തി ബജറ്റിനെപറ്റിയും കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്തേണ്ടതിനെ പറ്റിയും വിശദീകരിക്കും. ജില്ലാ തലത്തില്‍ ചര്‍ച്ചകളും വാര്‍ത്താ സമ്മേളനവും സംഘടിപ്പിക്കും. ഭരണത്തിലില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടായാരിക്കും പ്രചാരണം. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതിലെ ആവശ്യകതയെക്കുറിച്ചുള്ള പ്രചാരണത്തിനാണ് ഇത്തരം ഇടങ്ങളില്‍ ബി ജെ പി ലക്ഷ്യമിടുന്നത്. ഏഴു ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല തുടങ്ങിയ പ്രഖ്യാപനം കേരളമടക്കം മിഡില്‍ ക്‌ളാസിന് വലിയ സ്വാധീനമുള്ള പ്രദേശങ്ങളില്‍ ചലനമുണ്ടാക്കും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
സ്ത്രീകള്‍ക്കിടയില്‍ മഹിളാ സമ്മാന്‍ പദ്ധതിയെ പറ്റിയും, മുതിര്‍ന്നവര്‍ക്കിടയില്‍ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തിയതിനെ കുറിച്ചും വിശദീകരിക്കും. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ കീഴിലുള്ള 9 അംഗ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 12 വരെ അദ്യ ഘട്ട പ്രചാരണം തുടരും. അതിന് ശേഷം ഈ പ്രചരണ പരിപാടിയില്‍ നിന്നും ലഭിച്ച ഫീഡ് ബാക്കുകള്‍ അഥവാ ജനകീയ പ്രതികരണങ്ങള്‍ ബി ജെ പി അഖിലേന്ത്യാ നേതൃത്വത്തെ അറിയിക്കും. അത് വിശകലനം ചെയ്ത ശേഷമായിരിക്കും രണ്ടും മൂന്നും ഘട്ട പ്രചാരണ പരിപാടികള്‍ക്ക് രൂപം കൊടുക്കുക.
Read more
വരുന്ന പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളെയും അതിന് ശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളെയും വലിയ പോരാട്ടമായി തന്നെയാണ് ബി ജെ പി കാണുന്നത്. തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ മല്‍സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമാണ് എന്ന സന്ദേശമാണ് മോദി- അമിത്ഷാ സഖ്യം പ്രതിപക്ഷത്തിന് നല്‍കുന്നത്.