ഒരു ആനയുടെ മരണം പോലും വർഗീയവത്കരിക്കപ്പെടുന്നു, കാരണം വ്യക്തമാണ്: മാർകണ്ഡേയ കട്ജു

കേരളത്തിൽ പടക്കം അടങ്ങിയ പൈനാപ്പിൾ കഴിച്ച് ഒരു ഗർഭിണിയായ ആന മരിച്ചു, ഉടൻ തന്നെ ചില രാഷ്ട്രീയക്കാർ തബ് ലീഗി ജമാഅത്തിനെ കുറ്റപ്പെടുത്തി കൊറോണ വൈറസ് പകർച്ചവ്യാധിയെ വർഗീയവത്കരിക്കാൻ ശ്രമിച്ചതുപോലെ, ഈ വിഷയയത്തെയും വർഗീയവത്കരിക്കാൻ ശ്രമിച്ച്‌ രംഗത്തെത്തി. ദക്ഷിണേന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ആനകളെ പലപ്പോഴും ഉപയോഗിക്കുന്നതിനാൽ അവയെ കൊല്ലുന്നത് മുസ്ലിങ്ങളുടെ ഹിന്ദുവിരുദ്ധ നടപടിയായി ചിത്രീകരിക്കപ്പെടുന്നു.

മുൻ കേന്ദ്രമന്ത്രിയും ബിജെപി, എംപിയുമായ മനേക ഗാന്ധി നിരവധി ടിവി അഭിമുഖങ്ങളിൽ പരോക്ഷമായി മുസ്ലിങ്ങളെ കുറ്റപ്പെടുത്തി, “കേരളത്തിലെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരു കേട്ടതാണ്, പ്രത്യേകിച്ച് മൃഗങ്ങളോട്” എന്നവർ പറഞ്ഞു. ആക്രമണം മൂലം ഓരോ ആഴ്ചയും ഒരു ആന കേരളത്തിൽ മരിക്കുന്നുണ്ടെന്നും ഉത്തരവാദിത്വപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞ അവർ ബന്ധപ്പെട്ട കേരള മന്ത്രിയുടെ രാജിയും; ഫോറസ്റ്റ് സെക്രട്ടറിയുടെ പുറത്താക്കലും ആവശ്യപ്പെട്ടു. മലപ്പുറത്തെ ആളുകൾ എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

തുടർന്ന്, കേന്ദ്ര സർക്കാർ ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്നും കുറ്റവാളികളെ ഉടനെ തന്നെ പിടികൂടുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

മറ്റ് രാഷ്ട്രീയക്കാരും വിരാട് കോഹ്‌ലി, രത്തൻ ടാറ്റ തുടങ്ങിയവരും മൃഗസംരക്ഷണ പ്രവർത്തകരും ഈ വിഷയത്തിൽ ആകാശം ഇടിഞ്ഞുവീണതു പോലെയാണ് വിലപിക്കുന്നത്.

എന്നാൽ എന്താണ് സത്യം? ഒന്നാമത്തെ കാര്യം സംഭവം നടന്നത് മലപ്പുറത്തേയല്ല, പാലക്കാട് ജില്ലയിലാണ്. രണ്ടാമതായി, കാട്ടുപന്നി പലപ്പോഴും വിളകളെ നശിപ്പിക്കുന്നതിനാലാണ് ഇത് സംഭവിച്ചത്. അതിനാൽ, ഈ കാട്ടുപന്നികളെ കൊല്ലാൻ കേരളത്തിന്റെ ചില ഭാഗങ്ങളിലെ കർഷകർ പടക്കങ്ങൾ ഉപയോഗിക്കുന്നു. ആനയെ മനഃപൂർവ്വം കൊന്നതല്ല, ആകസ്മികമായി കൊല്ലപ്പെട്ടതാണ്.

ഇതൊക്കെയാണെങ്കിലും, സംഭവത്തിന് ഒരു സാമുദായിക നിറം നൽകാൻ ചിലർ ശ്രമിക്കുന്നു. അതിനുള്ള കാരണം വ്യക്തമാണ്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്, പല വ്യവസായങ്ങളും അടച്ചുപൂട്ടുകയോ ഉത്‌പാദനം ഗണ്യമായി വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നത് തൊഴിലില്ലായ്മ രേഖപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു. കൊറോണ ലോക്ക്ഡൗൺ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകർച്ചയിലാക്കി, ഇതിനെക്കുറിച്ച് എന്തുചെയ്യണമെന്ന് കേന്ദ്ര സർക്കാരിന് യാതൊരു നിശ്ചയവുമില്ല.

ഇത് വൻ ജനകീയ പ്രതിഷേധങ്ങളിലേക്കും പ്രകടനങ്ങളിലേക്കും നയിക്കും, ഇവയെ നേരിടാൻ, ഹിറ്റ്‌ലർ ജൂതന്മാരിൽ കണ്ടെത്തിയതുപോലെ എല്ലാ പ്രശ്‌നങ്ങൾക്കും പഴി കേൾക്കാൻ ഒരു ബലിയാടിനെ കണ്ടെത്തേണ്ടതുണ്ട്, ഇന്ത്യയിൽ ഈ ബലിയാട് മുസ്ലിങ്ങളാണ്. അതിനാൽ, ഇന്ത്യയിലെ എല്ലാ തിന്മകൾക്കും മുസ്ലിങ്ങളെ കുറ്റപ്പെടുത്തണം.

Read more

(ദി വീക്കിൽ ജസ്റ്റിസ് മാർകണ്ഡേയ കട്ജു എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ജസ്റ്റിസ് മാർകണ്ഡേയ കട്ജു 2011- ൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചു.)