2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എല്ലാ ആവേശവും ഉയര്‍ത്തുന്ന ഒരു സെമി ഫൈനല്‍ പോരാട്ടമാണ് ഇന്ത്യയുടെ മധ്യഭാഗത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ കൊമ്പുകോര്‍ക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെയുണ്ടാകുന്ന ജയതോല്‍വികള്‍ ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി ബാധിക്കുമെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറയാം. നവംബര്‍ 17നാണ് മധ്യപ്രദേശ് വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. നിലവില്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തുടര്‍ ഭരണത്തിനായി ജനങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ ജനപിന്തുണയാല്‍ അധികാരത്തിലെത്തിയിട്ടും അട്ടിമറിക്കപ്പെട്ടൊരു സര്‍ക്കാരിനെ കരുത്തോടെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശ് എന്ന ഇന്ത്യയുടെ നടുഭാഗത്തെ ഒപ്പം നിര്‍ത്തുക എന്നത് 2024 പൊതു തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിക്കുന്ന കാര്യമായത് കൊണ്ടുതന്നെ എന്‍ഡിഎയ്ക്കും ഇന്ത്യ മുന്നണിക്കും നിര്‍ണായകമാണ്. മുന്നണിക്കപ്പുറം പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് മധ്യപ്രദേശ് നിലനിര്‍ത്തേണ്ടത് തങ്ങളുടെ ‘ഹിന്ദുത്വ വോട്ട് ബാങ്കില്‍’ ചോര്‍ച്ച ഇല്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് കഴിഞ്ഞ കുറി ഞങ്ങള്‍ പിടിച്ചെടുത്ത സംസ്ഥാനത്ത് വോട്ടര്‍മാരെ പരിഹസിച്ചാണ് അട്ടിമറി നടത്തി ബിജെപി അധികാരത്തിലെത്തിയതെന്ന് സ്ഥാപിക്കാന്‍ കിട്ടുന്ന അവസരവും.
തുടര്‍ച്ചയായി നാലാം വട്ടവും അധികാരത്തിലെത്താനിരുന്ന ബിജെപിയെ താഴെയിറക്കിയാണ് മധ്യപ്രദേശില്‍ 2018ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നെങ്കിലും 15 മാസം മാത്രം അധികാരത്തിലിരുന്ന സര്‍ക്കാരിനെ ജ്യോതിരാതിദ്യ സിന്ധ്യ എന്ന രാഹുല്‍ ഗാന്ധി ബ്രിഗേഡിലെ നേതാവിനെ താമര കൂടാരത്തിലെത്തിച്ചതിലൂടെ ബിജെപി അട്ടിമറിച്ചു. സിന്ധ്യക്കൊപ്പം 22 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്.
2018ലെ എംപി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയായിരുന്നുവെന്ന് നോക്കാം.
230 നിയമസഭാ സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. അതില്‍ 116 എന്നതാണ് കോവലഭൂരിപക്ഷം. ഇതില്‍ 114 സീറ്റുകളില്‍ കോണ്‍ഗ്രസ് 2018ല്‍ വിജയിച്ചു. 109 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. മായാവതിയുടെ ബിഎസ്പിക്ക് 2 സീറ്റും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടി. നാല് സ്വതന്ത്രരും വിജയിച്ചു. എസ്പിയുടേയും ബിഎസ്പിയുടേയും പിന്തുണ കിട്ടിയതോടെ 116 എന്ന മാജിക് നമ്പര്‍ കോണ്‍ഗ്രസ് മറികടന്ന് അധികാരത്തിലെത്തി. പക്ഷേ ജ്യോതിരാതിദ്യ സിന്ധ്യയും കൂട്ടരും കാലുവാരിയതോടെ ഒന്നേകാല്‍ വര്‍ഷത്തില്‍ സര്‍ക്കാര്‍ വീഴുകയും ബിജെപി കോണ്‍ഗ്രസില്‍ നിന്നെത്തിയവരേയും ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കുകയും ചെയ്തു.
ഇനി മധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെയെന്ന് ഒന്ന് ചുരുക്കി പറയാം.
ബിജെപിയുടെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ നേതാവ് എന്ന് പറയുന്ന ശിവ്‌രാജ് സിംഗ് ചൗഹാനാണ് നിലവില്‍ മധ്യപ്രദേശിലെ മുഖ്യമന്ത്രി. ചൗഹാന്‍ സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം മധ്യപ്രദേശില്‍ ഉയരുന്നുവെന്നത് തുടക്കത്തില്‍ തന്നെ ബിജെപിക്ക് കല്ലുകടിയായിരുന്നു. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ശിവ് രാജ് സിംഗ് ചൗഹാനെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേക്ക് കടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് മധ്യപ്രദേശില്‍ ബിജെപിയുടെ പ്രചരണവും പ്രകടനവുമെല്ലാം. ഈ സാഹചര്യം മുതലെടുക്കാന്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മധ്യപ്രദേശില്‍ നന്നായി പണിയെടുക്കുന്നുമുണ്ട്. ബിജെപി പ്രവര്‍ത്തകന്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചതടക്കം സംഭവങ്ങള്‍ മധ്യപ്രദേശിലെ സര്‍ക്കാരിനെതിരെ ജനവികാരം ഉയരാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ ബുള്‍ഡോസര്‍ രാജ് കൊണ്ട് പലയിടങ്ങളിലും കുറ്റവാളികളുടെ വീടുകളടക്കം ഇടിച്ചു തകര്‍ത്ത് വലിയൊരു ‘ജസ്റ്റിസ്’ വികാരം ഉണ്ടാക്കാന്‍ ബിജെപിയും ശ്രമിച്ചിരുന്നു. ഇതിനെല്ലാം പുറമേ പ്രത്യേക ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജനങ്ങളെ ആകര്‍ഷിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. വനിത ക്ഷേമം മുന്‍നിര്‍ത്തിയാണ് ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും വാഗ്ദാനങ്ങള്‍ അധികവും.
ഭരണപക്ഷമായ ബിജെപിയുടെ ശിവ് രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍
രക്ഷാബന്ധന്‍ ദിവസത്തെ സമ്മാനമായി എല്‍പിജി സിലണ്ടര്‍ 450 രൂപയ്ക്ക് ലഭിക്കുമെന്ന വാഗ്ദാനം. ലാഡ്‌ലി ബഹ്നാ സ്‌കീം എന്ന പേരില്‍ സഹോദരിമാര്‍ക്കുള്ള ബിജെപിയുടെ പദ്ധതിയെന്ന് പറഞ്ഞായിരുന്നു പ്രഖ്യാപനം. ഇതേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം 1000ല്‍ നിന്ന് 1250ലേക്ക് ഉയര്‍ത്തി. സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണവും സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം ബിജെപി കൊണ്ടുവന്ന റിസര്‍വേഷന്‍ ബില്ലിനെ കുറിച്ചുള്ള കൊട്ടിഘോഷിച്ചുള്ള പ്രചാരണവും
ഇനി കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ എന്താണെന്ന് നോക്കാം.
കമല്‍നാഥിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 2018നേക്കാള്‍ മികച്ച രീതിയില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ പാകത്തിലുള്ളതാണ്. കര്‍ണാടകയിലെ ഗംഭീര വിജയത്തിന് പിന്നാലെ ഗ്യാസ് സിലണ്ടറിന് 500 രൂപ വിലയും സ്ത്രീകള്‍ക്ക് 1500 രൂപ പ്രതിമാസ വരുമാനവും കോണ്‍ഗ്രസ് മാര്‍ച്ചില്‍ തന്നെ വാഗ്ദാനമായി ഉയര്‍ത്തിക്കാട്ടി. കാര്‍ഷിക കടം എഴുതി തള്ളുമെന്നും 100 യൂണിറ്റ് വൈദ്യുതി സൗജന്‌യമായി നല്‍കുമെന്നുമുള്ള ഉറപ്പ്. 200 യൂണിറ്റ് വൈദ്യുതിക്ക് പകുതി പൈസ മാത്രമേ ഈടാക്കുവെന്നും വ്യക്തമാക്കി. പഴയ പെന്‍ഷന്‍ പ്ലാന്‍ പുനസ്ഥാപിക്കുമെന്ന ഉറപ്പ്. ഇത്രയും ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കി.
കോണ്‍ഗ്രസിനെ താഴെയിറക്കി ബിജെപിയിലെത്തിയവരും സീറ്റ് വിഭജനവും
ജ്യോതിരാതിദ്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പലരും അവഗണനയുടെ പടുകുഴിയിലാണ്. ബിജെപിയ്ക്കുള്ളിലാകട്ടെ സിന്ധ്യയ്‌ക്കൊപ്പമെത്തിയ ചിലര്‍ക്ക് കിട്ടിയ പരിഗണന അസ്വസ്ഥതയ്ക്കും ഇടയാക്കി. ആകെ വന്നവരും നിന്നവരും തമ്മിലുള്ള അടിയായതോടെ മധ്യപ്രദേശില്‍ ബിജെപിയിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നു. സിന്ധ്യയ്‌ക്കൊപ്പമെത്തിയ പലനേതാക്കളും കോണ്‍ഗ്രസിലേക്ക് മടങ്ങിതുടങ്ങിയതും ബിജെപിയ്ക്ക് തിരിച്ചടിയായി. സീറ്റ് വിഭജനത്തില്‍ ബിജെപി മധ്യപ്രദേശില്‍ നാല് ലിസ്റ്റ് പുറത്തുവിട്ടപ്പോഴും സിന്ധ്യ ടീമിലുള്ളവര്‍ക്ക് ഇടം കിട്ടിയിട്ടില്ല. ഇത് വലിയ അസ്വസ്ഥത ഈ ടീമില്‍ ഉണ്ടാക്കിയിട്ടുണ്ട്. എംപിയായ ജ്യോതിരാദിത്യ സിന്ധ്യയെ നിയമസഭയിലേക്ക് മല്‍സരിപ്പിക്കാനും ബിജെപിയ്ക്ക് പ്ലാനുണ്ട്.
ഭരണപക്ഷമായ ബിജെപി മധ്യപ്രദേശില്‍ നേരിടുന്ന വെല്ലുവിളികള്‍
1.ശിവ്‌രാജ് സിങ് ചൗഹാനെ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നടക്കം നീക്കിയ കേന്ദ്ര തീരുമാനത്തില്‍ ചൗഹാന്‍ ക്യാമ്പിന് അമര്‍ഷമുണ്ട്.
2. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ശിവ്‌രാജ് സിങ് ചൗഹാനെ ഉയര്‍ത്തിക്കാട്ടാത്ത നടപടിയും അണികളുടെ അലോസരത്തിന് ഇടയാക്കിയിട്ടുണ്ട്.
3.അഴിമതിയും സ്വജനപക്ഷപാതവും കാരണം ശക്തമായ ഭരണവിരുദ്ധ വികാരം മധ്യപ്രദേശിലുണ്ട്.
4.കോണ്‍ഗ്രസ് വിട്ടു വന്നവരും നിന്നവരും തമ്മിലുള്ള പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം
5.ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ 25- മുതല്‍ 30വരെ നിലവിലെ എംഎല്‍എമാരേ ഒഴിവാക്കാനുള്ള പാര്‍ട്ടി തീരുമാനം പലയിടങ്ങളിലും വിമത സ്വരം ഉയര്‍ത്തുന്നുണ്ട്.
ഇനി പ്രതിപക്ഷമായ കോണ്‍ഗ്രസിനെ സംബന്ധിച്ചുള്ള നേട്ടവും കോട്ടവും
1.കര്‍ണാടക വിജയത്തിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് മുന്നേറ്റമെന്ന ചിന്ത രാജ്യമെമ്പാടും വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
2. അട്ടിമറിക്കപ്പെട്ടതോടെ തന്നെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള പദ്ധതികള്‍ തയ്യാറാക്കി മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്താനായി.
3.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കമല്‍നാഥ് എന്ന ഒറ്റ മുഖത്തിലേക്ക് കേന്ദ്രീകരിച്ച് വളരെ മുന്‍പേ തന്നെ പ്രചരണം തുടങ്ങി.
4. ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് കിട്ടിയ സ്വീകരണവും രാഹുല്‍ ഗാന്ധി ഇമേജിലുണ്ടായ പുരോഗതിയും കോണ്‍ഗ്രസിന് നേട്ടമാകും.
ഇനി കോണ്‍ഗ്രസിനുള്ള തിരിച്ചടി
1.വോട്ട് ഷെയറില്‍ മധ്യപ്രദേശില്‍ 2018ലും ബിജെപി തന്നെയായിരുന്നു മുന്നില്‍. അതായത് കൂടുതല്‍ സീറ്റ് പിടിച്ചെങ്കിലും വോട്ട് ഷെയര്‍ കണക്കിലേക്ക് വരുമ്പോള്‍ ബിജെപിക്ക് തോറ്റ തിരഞ്ഞെടുപ്പിലും കിട്ടിയ വോട്ടുകള്‍ കൂടുതലായിരുന്നു.
2.നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി മധ്യപ്രദേശ് പിടിക്കാന്‍ വന്‍ പ്രചാരണം നടത്തുന്ന ബിജെപി ഭരണപക്ഷമെന്ന നിലയില്‍ വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്.
3.ഹിന്ദുത്വ അജണ്ടയിലൂന്നിയ ബിജെപി പ്രചരണങ്ങള്‍ വലിയ രീതിയില്‍ സ്വാധീനിക്കപ്പെട്ട ഭൂരിപക്ഷ വോട്ട് ബാങ്കുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്.
4.രാജഭരണ കാലത്തെ പ്രതാപം പറയുന്ന സിന്ധ്യ കുടുംബക്കാരെല്ലാം ബിജെപി പക്ഷത്തായതിന് ശേഷമുള്ള തിരഞ്ഞെടുപ്പ് കൂടിയാണ് വരാനിരിക്കുന്നത്. ജ്യോതിരാതിദ്യ സിന്ധ്യ ഗുണ മേഖലയിലെ വോട്ട് ബാങ്കിനെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ അറിയാം.
മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രത്തിലെ മധ്യപ്രദേശ്
ആദ്യ കാലങ്ങളില്‍ കോണ്‍ഗ്രസിനെ നിര്‍ലോഭമായി പിന്തുണച്ച മധ്യപ്രദേശ് 1990ലാണ് ബിജെപിയ്ക്ക് ഒപ്പം നിന്നു തുടങ്ങിയത്. 2003 മുതല്‍ പിന്നീടങ്ങോട്ട് ബിജെപിയാണ് മധ്യപ്രദേശിന്റെ രഥം തെളിച്ചത്. 2018ല്‍ കമല്‍ നാഥിലൂടെ 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് തടയിടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെങ്കിലും സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു.
1990ല്‍ 370 സീറ്റുണ്ടായിരുന്ന മധ്യപ്രദേശില്‍ 220 സീറ്റ് ബിജെപിയ്ക്കും 56 സീറ്റ് കോണ്‍ഗ്രസിനും കിട്ടി ആദ്യമായി ബിജെപി അധികാരത്തില്‍. 1993ല്‍ 320 സീറ്റില്‍ 174 സീറ്റ് കോണ്‍ഗ്രസിനും 117 സീറ്റ് ബിജെപിയ്ക്കും കിട്ടി കോണ്‍ഗ്രസ് ഭരണം പിടിച്ചു. 1998ല്‍ 172 സീറ്റു നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നു. ബിജെപിയ്ക്ക് 119 സീറ്റ്. 2000ല്‍ മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ് ഗഡുണ്ടായതിനാല്‍ 2003ല്‍ 230 സീറ്റായി നിയമസഭയില്‍. 173 സീറ്റ് നേടി ബിജെപിയുടെ ഉമാ ഭാരതി മുഖ്യമന്ത്രിയായി . കോണ്‍ഗ്രസിന് കിട്ടിയത് 38 സീറ്റ് മാത്രം. 2008ല്‍ 154 സീറ്റുമായി ബിജെപിക്ക് ഭരണത്തുടര്‍ച്ച കോണ്‍ഗ്രസിന് കിട്ടിയത് 71 സീറ്റ്. 2013ല്‍ 165 സീറ്റുമായി വീണ്ടും ശിവ്രാജ് സിംഗ് ചൗഹാനും ബിജെപിയും അധികാരത്തില്‍, കോണ്‍ഗ്രസ് 58ലേക്ക് ചുരുങ്ങി. ഇവിടെ നിന്നാണ് 2018ലെത്തിയപ്പോള്‍ കോണ്‍ഗ്രസ് 114 സീറ്റിലേക്ക് ഉയര്‍ന്നത്.
എക്‌സിറ്റ് പോളുകള്‍
നിലവില്‍ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് വിജയമാണ് പ്രവചിക്കുന്നത്. എബിസി- സി വോട്ടര്‍ സര്‍വ്വേ 113- 125 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് പ്രവചിക്കുന്നു. ഐബിസി 24ഉം കോണ്‍ഗ്രസ് മധ്യപ്രദശേിലെ ക്ലിയര്‍ ജേതാവാകുമെന്ന് പറയുന്നു. 119 സീറ്റ് വരെ നേടുമെന്നും ബിജെപി 101 ആകുമെന്നും. ടൈസ് നൗവിന്റെ എക്‌സിറ്റ് പോള്‍ പക്ഷേ 153 സീറ്റുമായി ബിജെപി വിജയിക്കുമെന്ന് പറയുന്നുണ്ട്.
ഇനി സംസ്ഥാനത്തെ വോട്ട് ഷെയറിലേക്ക് വന്നാല്‍
1993ല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് 40 ശതമാനമായിരുന്നു കോണ്‍ഗ്രസിന് കിട്ടിയ വോട്ട് ബിജെപിക്ക് 38 ശതമാനവും. മായവതിയുടെ പാര്‍ട്ടി 7 ശതമാനം വോട്ടും അവിടെ കിട്ടി. ഈ 40 ശതമാനം വരുന്ന രീതിയില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഈ വോട്ട് ഷെയര്‍ കണക്ക് ഓരോ തിരഞ്ഞെടുപ്പിലും അങ്ങോട്ടും ഇങ്ങോട്ടും മാറുന്നത് കാണാം. 98ല്‍ കോണ്‍ഗ്രസ് വോട്ട് ഷെയര്‍ 40ല്‍ ഉറച്ചു നിന്നപ്പോള്‍ 39ലേക്ക് എത്തി. ബിഎസ്പിയ്ക്ക് അപ്പോള്‍ 7ല്‍ നിന്ന് ആറ് ശതമാനത്തിലേക്ക് വോട്ട് കുറഞ്ഞു.
Read more
2003 ല്‍ 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് ശേഷം ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ബിജെപി വോട്ട് ഷെയര്‍ 42 ശതമാനമാകുകയും കോണ്‍ഗ്രസ് 31 ശതമാനത്തിലേക്ക് വീഴുകയും ചെയ്തു. 2008ല്‍ ഭരണത്തുടര്‍ച്ച നേടിയെങ്കിലും വോട്ട് ശതമാനം 37ലേക്ക് ബിജെപിക്ക് താന്നു, കോണ്‍ഗ്രസ് പൊടിക്കുയര്‍ന്ന് 32 ശതമാനത്തിലെത്തി. ബിഎസ്പി 9 ശതമാനത്തിലേക്ക് ഉയര്‍ന്ന് കരുത്തുകാട്ടി. 2013ല്‍ വീണ്ടും ബിജെപി തന്നെ ഹാട്രിക് അടിച്ച് അധികാരത്തില്‍. വോട്ട് ഷെയര്‍ 44 ശതമാനത്തിലും മേലെ, കോണ്‍ഗ്രസ് 36 ശതമാനത്തിലും ബിഎസ്പി ആറിലേക്കും എത്തി. ഇനി 2018ല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോഴും ബിജെപി വോട്ട് ഷെയര്‍ 41 ശതമാനത്തില്‍ നിന്നു, കോണ്‍ഗ്രസ് 40.89ലേക്ക് കുതിക്കുകയും ബിഎസ്പി 5 ശതമാനമായി ചുരുങ്ങുകയും ചെയ്തു. അതായത് അങ്ങോട്ടും ഇങ്ങോട്ടും ചായാന്‍ പാകത്തില്‍ ഒരു 5 ശതമാനത്തോളം വോട്ട് കോണ്‍ഗ്രസിലും ബിജെപിയിലും ഉണ്ടെന്നാണ്, ഇത് ഭരണവിരുദ്ധ വികാരത്തെ ആശ്രയിച്ചാണെങ്കില്‍ ഇക്കുറി ഇത് കോണ്‍ഗ്രസിനെ തുണയ്ക്കുമെന്നതില്‍ സംശയമില്ല. ഡിസംബര്‍ 3ന് എംപി പറയുന്നത് കര്‍ണാടകയിലേത് പോലെ കോണ്‍ഗ്രസ് ഗാഥയെങ്കില്‍ അത് 2024 പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തും.