വിജയനും വീരനും, സിനിമ റിലീസാകുമ്പോള്‍

മനോജ് കുമാര്‍ പി.ജി

ഛര്‍ദ്ദിച്ചതെന്തും ഉളുപ്പില്ലാതെ വിഴുങ്ങാനും കലാപരമായി കള്ളം പറയാനും കഴിയുന്നവര്‍ മാത്രം അരങ്ങു വാഴുന്ന പൊറാട്ട് നാടക വേദിയാവുകയാണോ കേരള രാഷ്ട്രീയം? ” അഭിപ്രായം ഇരുമ്പുലക്കയല്ല” എന്ന സി.വി കുഞ്ഞിരാമവചനത്തെ അപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന സമ്മതപത്രമാക്കുകയാണോ ചില രാഷ്ട്രീയ ഭിക്ഷാംദേഹികളും അവര്‍ക്ക് കഞ്ഞിവീഴ്ത്താന്‍ ഒരുങ്ങിനില്‍ക്കുന്ന മുന്നണി മാനേജര്‍മാരും? മറുകണ്ടം ചാടലുകളുടെ പട്ടികയില്‍ അവസാനത്തേതായ വീരേന്ദ്ര കുമാര്‍ വിഭാഗം ജനതാദളത്തിന്റെ ഇടതുമുന്നണി പ്രവേശമാണ് ഇത്തരം സന്ദേഹങ്ങള്‍ ഉണര്‍ത്തിവിടുന്നത്.

മഹാഭാരതത്തില്‍ യുയുത്സു എന്നൊരു കഥാപാത്രമുണ്ട്. ഗാന്ധാരിയുടെ ഗര്‍ഭകാലത്ത് ധൃതരാഷ്ട്രരെ പരിചരിക്കാന്‍ ഏര്‍പ്പാടാക്കിയ ദാസിയില്‍ അദ്ദേഹം ഉത്പാദിച്ചിച്ച വിത്താണ് യുയുത്സു. യുദ്ധം തുടങ്ങുംമുമ്പ് യുധിഷ്ഠിരന്‍ വെറുതെ ഒന്നു വിളിച്ചുനോക്കി. അപ്പുറത്തുള്ള ആര്‍ക്കെങ്കിലും തങ്ങളുടെ കൂടെ കൂടാന്‍ താല്‍പര്യമുണ്ടെങ്കില്‍ വരു എന്ന്. കേട്ട പാതി, കേള്‍ക്കാത്ത പാതി, ജനിതകഗുണം തെളിയിച്ച് യുയുത്സു മറുകണ്ടം ചാടി. സാഹിത്യഭാഷയില്‍ ഇതിന് ഉയര്‍ന്ന ധര്‍മ്മബോധം എന്നൊക്കെ പറയും. വാമൊഴിവഴക്കത്തില്‍ പക്ഷെ ഇതിന് “തരവഴി” എന്നാണ് പറയുക. കൂടുതല്‍ അഭിജാതമായ മറ്റൊരു പ്രയോഗമുണ്ട്. പേറ്റന്റ് എം.സ്വരാജിനുള്ളതുകൊണ്ട് കടമെടുക്കുന്നില്ല.

നേര്, നെറിവ് തുടങ്ങിയ വാക്കുകള്‍ക്ക് അര്‍ത്ഥഭേദം വന്ന കേരളരാഷ്ട്രീയത്തില്‍ യുയുത്സുമാര്‍ പെരുകുകയാണ്. ചവിട്ടിപ്പുറത്താക്കിയ കാലുകളെ കെട്ടിപ്പിടിക്കാനും നക്കിത്തുടയ്ക്കാനും വെമ്പി നില്‍ക്കുകയാണ് അവര്‍. കോഴിക്കോട് സീറ്റിന് പകരം സ്വന്തം തട്ടകമായ വയനാട് തരാം എന്ന് എല്‍.ഡി.എഫ് പറഞ്ഞതാണ് വിരേന്ദ്രകുമാര്‍ ചവിട്ടിപ്പുറത്താക്കലായി വ്യാഖ്യാനിച്ചത്. അവിടെ നിന്നിറങ്ങേണ്ട താമസം, യു.ഡി.എഫി.ല്‍ വിരോചിത സ്വീകരണം. അവിടെയും ആവശ്യം യു.ഡി.എഫിന്റെ കണ്ണായ സീറ്റുകള്‍ തന്നെ.

മുല്ലപ്പള്ളിയും ഷാനവാസും വിട്ടുകളിക്കാത്തതുകൊണ്ട് പാലക്കാട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അറിയപ്പെടുന്ന വാഗ്മിയും സാംസ്‌കാരിക നായകനുമായ അദ്ദേഹം സ്വന്തം വ്യക്തി പ്രഭാവത്തിന്റെ കൂടി മികവില്‍ ജയിച്ചുകയറി കരുത്ത് കാണിക്കണമായിരുന്നു. പക്ഷെ പൊട്ടി, എട്ടുനിലയില്‍. ജനവിധിയുടെ ചുവരെഴുത്ത് കണ്ടില്ലെന്ന് നടിച്ച് കോണ്‍ഗ്രസുകാര്‍ വാരി എന്ന കച്ചിത്തുരുമ്പില്‍ പിടിച്ചുതൂങ്ങി. ഒരു വാദത്തിന് വേണ്ടി ഇത് സമ്മതിച്ചാല്‍തന്നെ എത്ര വോട്ടുകള്‍ പരമാവധി അങ്ങനെ മറിഞ്ഞിട്ടുണ്ടാകും? നിഷ്പക്ഷ വോട്ടുകള്‍, അഥവാ അന്ധമായ മുന്നണികൂറില്ലാതെ സ്ഥാനാര്‍ത്ഥികളെ വിലയിരുത്തി രേഖപ്പെടുത്തുന്ന വോട്ടുകളാണ് പലപ്പോഴും ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.

ടിവി ചര്‍ച്ചകളില്‍ പോലും പ്രത്യക്ഷപ്പെടാത്ത പ്രായത്തിന്റെ പരിമിതികള്‍ അലട്ടുന്ന ഒരാളെയാണോ ഊര്‍ജ്ജസ്വലനായ എതിരാളിയെയാണോ ചിന്തിക്കുന്ന ജനം പിന്തുണയ്ക്കുക? മാതൃഭൂമിയില്‍ ജോലിയിലിരിക്കെ വടക്കുകിഴക്കന്‍ സംസ്ഥാനത്തേക്ക് വീരേന്ദ്ര കുമാര്‍ ഓടിച്ച തൊഴിലാളി രാജിവച്ചു വന്ന് മുതലാളിക്കെതിരെ മൈക്കു കെട്ടി പ്രസംഗിച്ചത്, വോട്ടര്‍മാര്‍ക്കിടയില്‍ ചലനം സൃഷ്ടിച്ചുവെന്നതും വ്യക്തമായിരുന്നു.

പക്ഷെ, അന്വേഷണകമ്മീഷനായി വന്ന കൊട്ടാരക്കരയിലെ മൂത്ത പിള്ളേച്ചനും രോഗി ഇച്ഛിച്ചതുതന്നെയാണ് കല്‍പിച്ചത്. യുഡിഎഫിന്റെ നേതൃത്വത്തോടുള്ള ഈര്‍ഷ്യ കൂടി ചേര്‍ന്നപ്പോള്‍ “കോണ്‍ഗ്രസ് ചതി” സിദ്ധാന്തം അരക്കെട്ടുറപ്പിച്ചു. അതിന്റെ സഹതാപ തരംഗത്തില്‍ രാജ്യസഭാ സീറ്റ് ജനവിധിയെ മറികടക്കാന്‍ സമര്‍ത്ഥമായ കുറുക്കുവഴി ആയി. ആ സീറ്റാണ് ഇപ്പോള്‍ അനാഥമാക്കി വീരന്‍ വേലിചാടുന്നത്. “വീക്ഷണം” കരഞ്ഞുതീര്‍ത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

പക്ഷെ, കേവലം കൊതിക്കെറുവ് പറയുന്നതിനപ്പുറം ഇത്തരം “ആയാറാം ഗയാറാം” പ്രഭൂതികള്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയം നിയന്ത്രിക്കുന്നതിന്റെ അശ്ലീലം ചര്‍ച്ച ചെയ്യാന്‍ വീക്ഷണത്തിനോ, യുഡിഎഫിനോ താത്പര്യമില്ല. അല്ലെങ്കില്‍ തന്നെ ആര്‍.എസ്.പിയെ പൊളിച്ച് രായ്ക്ക് രാമാനം കൂടെ കൂട്ടിയവര്‍ക്ക് ഇരുട്ടത്ത് കിട്ടിയ അടി വെളിച്ചത്ത് മിണ്ടാനാവില്ല. വീരേന്ദ്രകുമാറിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. യഥാര്‍ത്ഥ പത്രത്തിന്റെയും ചാനലിന്റെയും ശക്തിയെ ഭയക്കാതെ വയ്യല്ലോ? പിണറായി വിജയനും ഉമ്മന്‍ചാണ്ടിക്കും ഒരുപോലെ സ്വീകാര്യനാവാന്‍ വീരനെ പ്രാപ്തനാക്കുന്നതും ഈ ശക്തിതന്നെ. കേരളത്തില്‍ ഒരു പഞ്ചായത്തുപോലും സ്വന്തമായി നേടാനാവാത്ത കക്ഷിയുടെ നേതാവിന്റെ വീട്ടില്‍ കേരളത്തിലെ ഏറ്റവും അംഗബലമുള്ള കക്ഷിയുടെ സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ യാചകനെപ്പോലെ കയറിയിറങ്ങുന്നതും ഇതുകൊണ്ടുതന്നെ.

വീരേന്ദ്രകുമാറെന്ന രാഷ്ട്രീയക്കാരനെ പിണറായി വിജയനെന്ന രാഷ്ട്രീയക്കാരന്‍ ഭയക്കേണ്ട ഒരു കാര്യവുമില്ല. പക്ഷെ, മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃഭൂമി എം.ഡി വീരേന്ദ്രകുമാറിനെ ഭയന്നേപറ്റൂ. ഇത് നല്ലവണ്ണം തിരിച്ചറിഞ്ഞ് കളിച്ചത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് തന്നെ. വി.എസിനെപ്പോലും പിണക്കിയയച്ച ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ എം.വി.ശ്രേയാംസ്‌കുമാറിനെ മാധ്യമപ്രതിനിധിയായി ചുവപ്പുപരവതാനി വിരിച്ച് സ്വാഗതം ചെയ്തു. അന്നത്തെ നയതന്ത്രമാണല്ലോ ഇന്ന് ഫലപ്രാപ്തിയിലെത്തി നില്‍ക്കുന്നത്. മകന് പിന്നാലെ അച്ഛനെ ടിവി സ്റ്റുഡിയോയില്‍ ആദരിച്ചിരുത്തിയതും സോപ്പിട്ട് പതപ്പിച്ചതുമെല്ലാം പ്രേക്ഷകര്‍ കണ്ടതും മാര്‍ക്കിട്ടതുമായ ആത്മാവിഷ്‌കാരങ്ങളാണ്.

പിന്നീടായിരുന്നു മഹാത്ഭുതം പിറന്നത്. ചവിട്ടിപ്പുറത്താക്കിയ ആളും ചവിട്ടേറ്റുവീണ ആളും ഒരേ വേദിയില്‍. പുസ്തക പ്രകാശനം സ്വന്തമായി പ്രസാധനശാലയുള്ളയാളാണ് വിരേന്ദ്രകുമാറെങ്കിലും വിഷയം ഫാസിസമായതുകൊണ്ട് ചിന്ത തന്നെ പ്രകാശിപ്പിച്ചാലെ ശരിയാകൂ. വേദിയില്‍ വിജയനും വീരനും വേഷങ്ങള്‍ ഭംഗിയാക്കി. സമീപകാലത്ത് “കഴുത്തിന്” പിടിച്ചതൊക്കെ മറന്ന് അടിയന്തരാവസ്ഥക്കാലത്തെ ആലിംഗനങ്ങള്‍ ഓര്‍ത്തെടുത്തു. സമീപകാലത്തെ മറക്കുന്നതും ഭൂതകാലത്തെ മാറ്റം ഓര്‍ക്കുന്നതും മറവിരോഗത്തിന്റെ ലക്ഷണങ്ങളാണ് .ഈ മറവിരോഗം ഇനി മറ്റുള്ളവരിലേക്കും പടരും. വീരേന്ദ്രകുമാര്‍ ഭൂമി കയ്യേറിയെന്ന് ഒന്നാം പേജില്‍ നെറ്റിപ്പട്ടമൊട്ടിച്ച ദേശാഭിമാനി മറക്കും. ഒരു ദിവസം ഇന്റര്‍നെറ്റ് മുടങ്ങിയാല്‍ വീരവിരാചിതമായ യാത്രാവിവരണവും മുടങ്ങുമെന്ന പി.എം മനോജിന്റെ പരിഹാസവും ഷെയിംലെസ് ഷാര്‍ലറ്റന്‍ എന്ന മാധവന്‍കുട്ടിയാശാന്റെ ആക്രോശവുമെല്ലാം ഇനി വിസ്മൃതിയുടെ കയങ്ങളിലേക്കാണ്.

ഇങ്ങനെ ഉഭയസമ്മതത്തോടെ ഇരുകൂട്ടരും ചേര്‍ന്ന് കുഴിച്ചുമൂടാനൊരുങ്ങുന്ന വിഷയങ്ങളില്‍ ഒരു നരബലിയുടെ ചോരക്കഥയും ഒരു വിധവയുടെ കണ്ണീരിന്റെ കഥയുമുണ്ട് എന്നതാണ് ഏറെ സങ്കടകരം. വിയോജിപ്പിന്റെ സ്വരം കേള്‍പ്പിച്ച കുറ്റത്തിന് ടി.പി ചന്ദ്രശേഖരന് വധശിക്ഷ വിധിച്ചപ്പോള്‍ ഞെട്ടിത്തരിച്ചത് അന്ധമായ രാഷ്ട്രീയമുന്‍വിധികളില്ലാത്ത എല്ലാ മനുഷ്യസ്നേഹികളുമാണ്. ഇടതുപക്ഷ അനുഭാവികളായ സാംസ്‌കാരിക പ്രവര്‍ത്തകരടക്കം പ്രതിഷേധവുമായി മുന്നോട്ട് പോയപ്പോള്‍ അതിന്റെ നായകസ്ഥാനം ഏറ്റെടുത്ത മഹാശ്വേതയുടെ കത്തും സന്ദര്‍ശനവുമൊക്കെ ആഘോഷിച്ച, വി.എസിന്റെ വരവ് കൊണ്ടാടിയ അതേ വ്യക്തി ഇനി എന്ത് രമ? ഏത് ആര്‍ എം പി എന്നൊക്കെ ചോദിച്ച്തുടങ്ങും. യൂസ് ആന്‍ഡ് ത്രോ – അതാണ് ആപ്തവാക്യം.

ഫാഷിസത്തെ എതിര്‍ക്കാനാണ് ഈ വിട്ടുപോക്ക്. മൂന്നാം മുന്നണി എന്ന ആശയം ചാപിള്ളയായ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ബിജെപിക്കെതിരായ പ്രതിപക്ഷത്തെ നയിക്കുന്നത് കോണ്‍ഗ്രസ് ആണെന്നത് അതിന്റെ എല്ലാ പരാധീനതകളും മനസ്സിലാക്കികൊണ്ടുതന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വമടക്കം ഇന്ന് ചര്‍ച്ചചെയ്യുന്നത് കോണ്‍ഗ്രസ്സുമായി ഒത്തുപോകുന്നതിനെ പറ്റിയാണ്. അപ്പോള്‍, കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി ദുര്‍ബലമായാല്‍ അതിന്റെ നേട്ടം കൊയ്യുന്നത് ആരായിരിക്കും എന്ന ചോദ്യത്തിന് കൂടി ഉത്തരം പറഞ്ഞിട്ടുപോകണം, മിസ്റ്റര്‍ വീരേന്ദ്രകുമാര്‍.

ഇടതുമുന്നണി വിട്ടുവന്നതിനോ അങ്ങനെ വന്നപ്പോള്‍ അന്തസ്സായി പുനരധിവസിപ്പിച്ച വലതുമുന്നണിയെ ഇപ്പോള്‍ തള്ളിപ്പറയുന്നതിനോ വിശ്വസീയമായ ഒരു രാഷ്ട്രീയന്യായവും പറയാന്‍ വീരേന്ദ്രകുമാറിന്റെ പക്കല്‍ ഇല്ല. എനിക്ക് ചോദിച്ച സീറ്റ് തരാത്തതുകൊണ്ട് അവിടം വിട്ടു, യുഡിഎഫ് കപ്പലില്‍ വെള്ളം കയറിത്തുടങ്ങിയതുകൊണ്ട് ആത്മരക്ഷാര്‍ത്ഥം തിരികെ പോകുന്നു – ഇത് മാത്രമാണ് കേരളം ഈ മുന്നണിമാറ്റത്തില്‍ നിന്ന് വായിച്ചെടുക്കുന്ന ഏക രാഷ്ട്രീയയുക്തി. മുന്നണി മര്യാദയുടെ ലംഘനം, ഫാഷിസ്റ്റ് വിരുദ്ധകൂട്ടായ്മ തുടങ്ങിയ താത്വികങ്ങള്‍ കൊണ്ട് അത് പൊതിയുന്നുവെന്ന് മാത്രം.


ലോഹിയന്‍ സോഷ്യലിസമോ, ഫേബിയന്‍ സോഷ്യലിസമോ ഒന്നുമല്ല, വീരേന്ദ്രകുമാര്‍ എന്ന റേഞ്ച് റോവര്‍ സോഷ്യലിസ്റ്റിനെ നയിക്കുന്നത് ശുദ്ധ അവനനവനിസമാണ് എന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ശ്രദ്ധിച്ച് പരിശോധിക്കുന്നവര്‍ക്ക് ഇതില്‍ പുതുമ തോന്നുകയുമില്ല. അടിയന്തരാവസ്ഥയില്‍ ജയിലില്‍ പോയതിനെപ്പറ്റി മാത്രമെ പറയൂ. ജോര്‍ജ്ജ് ഫെര്‍ണാണ്ടസടക്കമുള്ള മറ്റ് സോഷ്യലിസ്റ്റുകള്‍ നരകിച്ചപ്പോള്‍ താന്‍ മാത്രം എങ്ങനെ ഇറങ്ങി എന്നു പറയില്ല. ബാബ്റി പള്ളി പൊളിച്ചതിനെക്കുറിച്ച് പത്തു പുറത്തില്‍ ഉപന്യസിക്കും .അതിന്റെ മുഖ്യകാര്‍മ്മികനായ കല്യാണ്‍ സിംഗിന്റെ കയ്യില്‍ നിന്ന് പുരസ്‌കാരം വാങ്ങി ചാരിതാര്‍ത്ഥ്യനായത് എന്തിന് എന്ന് വിശദീകരിക്കില്ല. ഗാട്ടും കാണാച്ചരടും വില്‍പ്പന പൊടിപൊടിക്കുമ്പോള്‍ തന്നെ ഐ.എം.എഫി ന്റെ അധ്യക്ഷന്‍ മൈക്കേല്‍ കാംഡസസിനെ ഇന്ത്യയിലേക്ക് കെട്ടിപ്പിടിച്ച് വരവേറ്റതിന്റെ ഗുട്ടന്‍സും നമ്മെ ബോധ്യപ്പെടുത്തില്ല.

കേരളത്തിലെ ഇരുമുന്നണികള്‍ക്കും ഈ അവസരവാദ രാഷ്ട്രീയത്തിന്റെ ചീഞ്ഞ ചരിത്രം അറിയില്ല. പക്ഷെ, വീരന്‍ സ്വന്തം മുന്നണി വിട്ടുപോകുമ്പോള്‍ മാത്രമെ അവ ഓര്‍മ്മിച്ചെടുക്കു എന്നു മാത്രം. പക്ഷെ രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളജനത എല്ലാം കാണുന്നുണ്ട്. ഓര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിജയനും വീരനും എന്ന ഈ പുതിയ റിലീസ് പടത്തെ അവര്‍ കൂവിത്തോല്‍പ്പിക്കുക തന്നെ ചെയ്യും.