ഡോ. അഞ്ജലി ദേവി എം
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിനാണ് 2018 – ല്‍ കേരളം സാക്ഷ്യംവഹിച്ചത്.അന്ന് കേരള ജനത രക്ഷകര്‍ എന്നും സൂപ്പര്‍ ഹീറോസെന്നും വാഴ്ത്തിപ്പാടിയ ആഘോഷിച്ച ഒരു ജനവിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍. കടലിന്റെ മക്കള്‍, അവരുടെ ജീവിതമെന്തെന്ന് , വികസനത്തിന്റെ പേരില്‍ അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്തെന്ന് ആലോചിക്കാന്‍, ചര്‍ച്ചകള്‍ക്ക് വിധേയമാക്കാന്‍ മലയാളം പൊതുസമൂഹത്തിനു സാധിച്ചിട്ടുണ്ടോ?
തീരദേശ ശോഷണം തിരുവനന്തപുരത്തെ കടലോര മേഖലയെ ബാധിക്കുമ്പോള്‍ കടലാളര്‍ക്ക് എന്താണ് സംഭവിക്കുന്നത്? അങ്ങനെ ഒരു അന്വേഷണമാണ് ആണ് കെ.എ ഷാജി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘കവര്‍ന്നെടുക്കപ്പെടുന്നതീരങ്ങള്‍ ‘എന്ന 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം .
2017 ലെ ഓഖി ചുഴലിക്കാറ്റ് വലിയ ദുരന്തമാണ് തിരുവനന്തപുരത്തെ കടലോര ഗ്രാമങ്ങളില്‍ ഉണ്ടാക്കിയത്.കയ്യില്‍ കിട്ടിയത് എടുത്ത് പുനരധിവാസ കേന്ദ്രത്തിലേക്ക് പോകേണ്ടിവന്നു പലര്‍ക്കും. അന്ന് വലിയതുറയില്‍ പ്രവര്‍ത്തനമാരംഭിച്ച അപ്പര്‍ പ്രൈമറി സ്‌കൂളിലെ പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന അലീന എന്ന പെണ്‍കുട്ടിയില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത് . അന്ന് അലീനയ്‌ക്കൊപ്പം അവളെപ്പോലെ കാലാവസ്ഥ അഭയാര്‍ത്ഥികളായി അഞ്ചു പ്രാവുകള്‍ കൂടി ഉണ്ടായിരുന്നു.
അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അവ പെറ്റുപെരുകി നാല്പതോളം ആയിരിക്കുന്നു. വളര്‍ത്താന്‍ ഇടമില്ലാത്തതുകൊണ്ട് അവള്‍ വില്‍ക്കുകയാണ് അവയെ. അലീനയുംആ പ്രാവുകളും ഒരു ബിംബം മാത്രമാണ്. കാലാവസ്ഥാവ്യതിയാനവും കോര്‍പ്പറേറ്റ് ദുരാഗ്രഹം വും പ്രകൃതിയുടെ മേല്‍ ദുരന്തങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ജീവിതവും സ്വപ്നങ്ങളും നഷ്ടമാവുന്ന ഒരുപാട് മനുഷ്യരുടെ ബിംബം. അലീന മാത്രമല്ല പുനരധിവാസ കേന്ദ്രത്തില്‍ ഉള്ളത്. നൂറുകണക്കിന് ആളുകള്‍ ഉണ്ട് . വലിയതുറയില്‍ മാത്രമല്ല പുനരധിവാസ ക്യാമ്പുള്ളത്. തിരുവനന്തപുരം ജില്ലയുടെ വിവിധ കടലോര മേഖലയില്‍ ഉണ്ട് . ജീവിതോപാധി നഷ്ടപ്പെട്ട, സ്വകാര്യത ചോദ്യചിഹ്നമായി മാറിയ, പിറന്ന മണ്ണ് അന്യംനിന്നുപോയ, ജീവിക്കാന്‍ തന്നെയുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ട മനുഷ്യരുണ്ട് അവിടെയെല്ലാം.
ലോകത്താകമാനം കാലാവസ്ഥാ വ്യതിയാനംമൂലം അഭയാര്‍ഥികളാകുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം കൂടുകയാണ്. IDMC യുടെ കണക്കുപ്രകാരം 2020-ല്‍ മാത്രം ഇന്ത്യയില്‍ പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിച്ചത് 1.4 കോടി അഭയാര്‍ത്ഥികളെയാണ്. മനുഷ്യന്റെ പ്രവര്‍ത്തികളാണ് കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെടുത്തുന്നത് എന്ന് വിവിധങ്ങളായ ശാസ്ത്രീയപഠനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. അങ്ങനെ പറയുമ്പോഴും മനുഷ്യന്‍ എന്ന ഒറ്റ ഗണത്തില്‍ അതിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നതാണ് വസ്തുത. കോര്‍പ്പറേറ്റ് മൂലധനം, കോര്‍പ്പറേറ്റ് ദുരാഗ്രഹം, അതിനു കുടപിടിക്കുന്ന ഭരണകൂടങ്ങള്‍ എന്നിവരാണ് പ്രകൃതിദുരന്തങ്ങള്‍ക്ക്ആക്കം കൂട്ടുന്നതും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ വീണ്ടും ചൂഷണം ചെയ്യുന്നതും, അവരെ പുറം തള്ളുന്നതും. തിരുവനന്തപുരത്തെ കടലോര ഗ്രാമങ്ങളുടെ കഥയും വ്യത്യസ്തമല്ല.
2015-ല്‍വികസനത്തിന്റെ പേരില്‍ കൊട്ടിഘോഷിച്ച നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമാണ് തിരുവനന്തപുരത്തെ തീരദേശ ശോഷണം വേഗത്തിലാക്കിയത്. ഇന്ത്യയുടെ ആകമാനമുള്ള തുറമുഖ വികസനം, വിശേഷിച്ചും തെക്കന്‍ കേരളത്തിന്റെ വികസനം എന്ന ലേബലിലാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. നിര്‍മ്മാണം തുടങ്ങി ഏഴു വര്‍ഷത്തിനിപ്പുറം നൂറുകണക്കിനാളുകളെപുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ഒരു പദ്ധതിയുടെ പണി പൂര്‍ത്തിയാകുമ്പോള്‍ എന്താകും അവസ്ഥയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ജനം കടലാളര്‍ക്ക് അവരുടെ സ്വാഭാവിക ജീവിതവുമായി മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ല. മത്സ്യബന്ധനം നടത്താനും കഴിയുന്നില്ല. തീരത്തോട് ചേര്‍ന്ന് തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി വലിയ ഗ്രാനൈറ്റ് ഇട്ടിരിക്കുകയാണ് . ആ ഗ്രനൈറ്റിന്റെ സിംഹഭാഗവും കൊണ്ടുവരുന്നതാവട്ടെ പരിസ്ഥിതിലോലപ്രദേശമായ പശ്ചിമഘട്ടത്തില്‍ നിന്നും. വികസനത്തിനായി ഇല്ലാതെയാകുന്നത് തീരദേശത്തെയും മലനിരകളെയുമാണ് എന്ന് വ്യക്തം. ലോകമെമ്പാടും തീരദേശ ശോഷണം സംഭവിക്കുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ കടലോര മേഖലയില്‍ അതിന്റെ തോത് വളരെ കൂടുതലാണ്.കേരള സര്‍ക്കാരിന്റെ പഠനങ്ങള്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്.
വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടങ്ങള്‍ ആയിരുന്ന കോവളം ബീച്ചിന്റെയും, ശംഖുമുഖം ബീച്ചിന്റെയും ഇപ്പോഴത്തെ ശോചനീയാവസ്ഥ ഇതിന് അടിവരയിടുന്നു. കടല്‍ വിനോദങ്ങള്‍ക്കും , കടലില്‍ കുളിക്കുവാനും ഏറ്റവും സുരക്ഷിതമായിരുന്നകോവളം ബീച്ച് ഇന്ന് കടലില്‍ ഇറങ്ങരുത് എന്ന് ബോര്‍ഡുകളാല്‍ സമ്പുഷ്ടമാണ്. കാനായി കുഞ്ഞിരാമന്റെ 35 അടി നീളമുള്ള ജലകന്യകയെ കാണാന്‍ ശംഖുമുഖത്ത് ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു . പക്ഷേ കടല്‍തീര ശോഷണം അതിനെ വിസ്മൃതിയിലാക്കി കഴിഞ്ഞു. മാത്രമല്ല, ശംഖുമുഖം ബീച്ചിലെ തകര്‍ന്നു കിടക്കുന്ന റോഡിലൂടെ ഭാരമുള്ള പെട്ടികള്‍ താങ്ങി പോകുന്ന വിമാന യാത്രക്കാര്‍ ഒരു പതിവ് കാഴ്ചയായി മാറി.
വരും വര്‍ഷങ്ങളില്‍ തീരദേശ ശോഷണം വര്‍ദ്ധിക്കുകയേയുള്ളു എന്നും വിഴിഞ്ഞം പദ്ധതിക്കായി കരാര്‍ ഒപ്പിടുമ്പോള്‍ ശാസ്ത്രീയമായ പരിസ്ഥിതി ആഘാത പഠനം നടന്നിട്ടില്ല എന്നും വിദഗ്ധരും മത്സ്യത്തൊഴിലാളികളും ഒരേ പോലെ പറയുന്നു. അതിന് മറ്റൊരു ഉദാഹരണമാണ് വിഴിഞ്ഞത്തിന് 80 കിലോമീറ്ററകലെ മുതലപ്പൊഴി എന്ന കടലോര ഗ്രാമം ഇല്ലാതെയാവുന്നത്. വിരോധാഭാസമെന്ന് തോന്നാമെങ്കിലും അതും വാസ്തവമാണ്.
വിഴിഞ്ഞം പദ്ധതിക്കായി പാറകള്‍ കയറ്റുന്നതിനു വേണ്ടി വാര്‍ഫ് പണിതതിനു ശേഷമാണ് മുതലപ്പൊഴി ഗ്രാമത്തിന്റെ ദുരന്തം ആരംഭിക്കുന്നത്. ബ്രേക്ക് വാട്ടര്‍ ചാനലിന്റെ നിര്‍മ്മിതിയിലെ പൊരുത്തക്കേടും , പാറകള്‍ യഥാസമയം സമയം മാറ്റുന്നതിനുള്ള വിമുഖതയും മുതലപ്പൊഴി എന്ന തീരദേശ ഗ്രാമത്തിലെ 60 ജീവനുകള്‍ ഇതുവരെ എടുത്തുകഴിഞ്ഞു. കോര്‍പ്പറേറ്റ് ദുരാഗ്രഹവും അതിനു കുടപിടിക്കുന്നവരും പടിയിറക്കുന്നത് മനുഷ്യജീവനുകള്‍ മാത്രമല്ല, വിലമതിക്കാനാവാത്ത ജൈവവൈവിധ്യത്തെ കൂടിയാണ്. തിരുവനന്തപുരത്തെ കടലോര പ്രദേശത്ത് ഏകദേശം 3000 ചതുരശ്ര അടിയില്‍ പടര്‍ന്നുകിടക്കുന്ന വാഡ്ജ് ബാങ്ക് ശരാശരി 60 ഇനം അലങ്കാരമത്സ്യങ്ങളുടെയും ചെറു മീനുകളുടെ യും ആവാസവ്യവസ്ഥയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കനത്ത ആഘാതമാണ് വാസ്ത ബാങ്കിന് ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.
കാലാവസ്ഥാവ്യതിയാനവും കേരളത്തിലെ വികസന സങ്കല്പങ്ങളും കടലോര പ്രദേശത്തെ വറുതിയുടെ ദിനങ്ങള്‍ കൂട്ടി എന്നതിന് സംശയമില്ല. ചെറു മത്സ്യങ്ങളെ ലഭിക്കാതെ സ്ത്രീ മത്സ്യത്തൊഴിലാളികളും സ്വയംപര്യാപ്തതയില്‍ നിന്നും അകലുന്നു. കുറച്ചേറെ ചോദ്യങ്ങള്‍ ‘കവര്‍ന്നെടുക്കപ്പെടുന്ന തീരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ജനിച്ചപ്പോള്‍ മുതല്‍ കടലിന്റെ മക്കളായി വളര്‍ന്ന, വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഒപ്പം ജീവിതം കരുപ്പിടിപ്പിച്ച കടലാളരെ എങ്ങനെയാണ് പുനരധിവസിപ്പിക്കുക? സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു പത്തു ലക്ഷം രൂപയ്ക്ക് എവിടെയാണ് വീടും സ്ഥലവും ലഭിക്കുക? അരികുവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തെ ചേര്‍ത്തു പിടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഏതു കേരള മോഡല്‍ വികസനത്തെ കുറിച്ചാണ് നാം ഊറ്റം കൊള്ളുന്നത്?
തികച്ചും വസ്തുനിഷ്ഠമായി അവതരിപ്പിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രം ദന്തഗോപുരത്തില്‍ ഇരിക്കുന്നവരെ ബാധിക്കാന്‍ സാധ്യതയില്ല. പക്ഷേ, സാധരണക്കാരന് ഉള്ളു പൊള്ളാതെ ഇതു കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല. ‘കവര്‍ന്നെടുക്കപ്പെടുന്ന തീരങ്ങളുടെ ‘ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സെയ്ദ് ഷിയാസ് മിര്‍സയും സൂരജ് അമ്പലത്തറയുമാണ്. എഡിറ്റിംഗ് നിര്‍വഹിച്ച വി പി ജി കമ്മത്തിന്റെ പ്രതിഭ എടുത്ത് പറയേണ്ടതാണ്. കല്യാണി വല്ലത്താണ് ശബ്ദം നല്കിയിരിക്കുന്നത്.
Read more
(ചേര്‍ത്തല എന്‍ എസ് എസ് കോളജില്‍ രാഷ്ട്ര തന്ത്ര വിഭാഗം അസി. പ്രൊഫസറാണ് ലേഖിക)