ഡൊണാള്‍ഡ് ട്രംപ് അധികാരകത്തിലെത്തുമെന്ന് ഉറപ്പായപ്പോള്‍ തന്നെ യുഎസ് നയങ്ങളില്‍, മുതലാളിത്ത സമീപനങ്ങളില്‍, വ്യാവസായിക മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്ന ചര്‍ച്ചയും ആധിയും ഉയര്‍ന്നിരുന്നു. യുദ്ധത്തില്‍ പങ്കാളിയല്ലെങ്കിലും പശ്ചിമേഷ്യയിലും റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപിന്റെ നിലപാടെന്താവുമെന്നും ചര്‍ച്ചകള്‍ ലോകമെമ്പാടും സജീവമായിരുന്നു. ഇപ്പോള്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി നടത്തിയ ഫോണ്‍ സംഭാഷണമാണ് ലോകശ്രദ്ധ നേടുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണങ്ങളിലും വിജയ വേദിയിലുമെല്ലാം സാന്നിധ്യം കൊണ്ട് ചര്‍ച്ചയായ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്‌ക് ആ ഫോണ്‍ സംഭാഷണത്തില്‍ ഭാഗഭാക്കായതാണ് മസ്‌കും ട്രംപും അമേരിക്കയും എന്ന ചര്‍ച്ച ഗൗരവകരമാക്കുന്നത്.
അമേരിക്കയില്‍ ജനിച്ച അതായത് നാച്ചുറല്‍ ബോണ്‍ സിറ്റിസന്‍ഷിപ്പ് ഉള്ളവര്‍ക്ക് മാത്രമേ യുഎസ് പ്രസിഡന്റാകാന്‍ അനുമതി ഉള്ളെന്നിരിക്കെ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച കനേഡിയന്‍- അമേരിക്കന്‍ പൗരനായ മസ്‌കിന് ഒരിക്കലും യുഎസ് പ്രസിഡന്റാകാന്‍ കഴിയില്ല. പക്ഷേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് പേരിന് മാത്രം വിധേയത്വം കാണിക്കുന്ന ട്രംപിന്റെ ഭരണകാലത്ത് ഇലോണ്‍ മസ്‌കിന്റെ സാധ്യതകള്‍ അനന്തമാണ്. ട്രംപിനെ മുന്‍നിര്‍ത്തി ഇലോണ്‍ മസ്‌കിന് വേണ്ടതെല്ലാം ചെയ്യാനാകുമെന്നതിന്റെ ഉദാഹരണമാണ് സെലന്‍സ്‌കിയുമായുള്ള നിയുക്ത പ്രസിഡന്റിന്റെ ഫോണ്‍ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌കും ഭാഗമായതായുള്ള റിപ്പോര്‍ട്ട്. 25 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ കോളില്‍ മസ്‌കും ഉണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ട്രംപിന്റെ വിജയത്തെ മസ്‌ക് ആഘോഷിച്ചത് ഓര്‍മ്മപ്പെടുത്തലാവുകയാണ്. The future is gonna be fantastic എന്ന് എക്‌സില്‍ കുറിച്ചാണ് മസ്കിന്റ ആഘോഷം.
ട്രംപിന്റെ പ്രചാരണത്തിന് പണമൊഴുക്കിയും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പ്രചാരണത്തിന് സഹായം ചെയ്തും മുന്നില്‍ നിന്ന മസ്‌കിന് ട്രംപ് ഭരണകൂടത്തില്‍ വലിയ ചുമതലകള്‍ ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടാകാനിടയാക്കി. വിക്ടറി പ്രസംഗത്തില്‍ മസ്‌കിനേയും സ്‌പെയ്‌സ് എക്‌സിനേയും കുറിച്ചു വാതോരാതെ പ്രസംഗിച്ച ട്രംപ് വരും ദിനങ്ങളില്‍ മസ്‌കിന്റെ സ്ഥാനം എന്താകുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തുമെന്ന് ഉറപ്പായതോടെ മസ്‌കിന്റെ ടെസ്ലയുടെ ഷെയര്‍ വില കുതിക്കാന്‍ തുടങ്ങി.
രണ്ടാം ട്രംപ് സര്‍ക്കാരിന്റെ കാലത്ത് ഇലോണ്‍ മസ്‌കെന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതിന്റെ വ്യക്തമായ രൂപം വെളിപ്പെടുന്നതിന്റെ തുടക്കമായാണ് സെലന്‍സ്‌കിയുടെ ഫോണ്‍സംഭാഷണത്തെ ലോകം കാണുന്നത്. ഇനി യുദ്ധകാര്യത്തില്‍ ട്രംപ് പ്രചാരണങ്ങളിലടക്കം സ്വീകരിച്ച നയം യുദ്ധം വേഗം അവസാനിപ്പിക്കുക എന്നതാണ്. മിഡില്‍ ഈസ്റ്റിലും യുക്രൈനിലും ഇത് തന്നെയാണോ വൈറ്റ് ഹൗസിലെത്തിയതിന് ശേഷമുള്ള നിലപാടെന്നാണ് ഇനി അറിയാനുള്ളത്.
അമേരിക്കയിലെ ‘ഡീപ് സ്റ്റേറ്റ് ‘ സംവിധാനത്തോട് യുദ്ധ പ്രഖ്യാപനം നടത്തിയ ട്രംപ് എങ്ങനെയാണ് അതിനെ നേരിടുക എന്ന ചോദ്യവും ഉയരുന്നുണ്ട്. ഡീപ് സ്റ്റേറ്റ് എന്നതിലൂടെ ട്രംപും പല റിപ്പബ്ലിക്കന്‍ നേതാക്കളും അര്‍ത്ഥമാക്കുന്നത് അമേരിക്കയെ ഭരിക്കുന്ന ബ്യൂറോക്രാറ്റുകളുടെ നിഴല്‍ ശൃംഖലയാണ്. അതായത് അമേരിക്കയിലെ യഥാര്‍ഥ അധികാരം ഫെഡറല്‍ സര്‍ക്കാരിലെ പ്രധാനികളായ ചിലരും അധികാരവര്‍ഗവും സിഐഎ എന്ന ചാരസംഘടനയിലേയും എഫ്ബിഐയും പെന്റഗണും അടങ്ങുന്ന പ്രതിരോധ സംവിധാനങ്ങളും സൈനികകേന്ദ്രങ്ങളും പൊതുസമൂഹത്തിലെയും വ്യവസായ, സാമ്പത്തിക ലോകത്തെ പ്രമുഖരുമടങ്ങുന്ന ഒരു നിഗൂഢമായ സമാന്തര സംഘം കയ്യാളുന്നുവെന്ന ഒരു വാദം പരക്കെയുണ്ട്. അതായത് ഗവണ്‍മെന്റുകള്‍ വരികയും പോകുകയും ചെയ്യുന്നതിനാല്‍, ഗവണ്‍മെന്റിന്റെ അജണ്ടയെ പലപ്പോഴും മറികടക്കുന്ന തരത്തില്‍ ഒരു രാജ്യത്തിന്റെ മേല്‍ യഥാര്‍ത്ഥ അധികാരം കയ്യാളുന്നത് ഭരണവര്‍ഗമാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നു. ഇതിനെയാണ് ഡീപ് സ്റ്റേറ്റ് എന്ന് അമേരിക്കക്കാര്‍ വിളിക്കുന്നത്. ഇത് ഇല്ലാതാക്കി ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപ് നല്‍കിയ വാഗ്ദാനങ്ങളിലൊന്ന്.
ഡീപ് സ്‌റേറ്റ് എന്ന കോണ്‍സിപറസി തിയറി വൈറലാക്കി ഈ ഉദ്യോഗസ്ഥ ലോബിയിംഗ് എന്ന സമാന്തര സംവിധാനത്തെ ഇല്ലാതാക്കുമെന്ന ട്രംപിന്റെ ക്യാമ്പെയ്ന്‍ വ്യാപകമായി എന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയിലെ റിസല്‍ട്ട്. മുതലാളിമാരും ഉദ്യോഗസ്ഥരും അമേരിക്കയിലെ ഏജന്‍സികളും ചേര്‍ന്നുണ്ടാക്കിയ ഡീപ് സ്റ്റേറ്റിനെതിരെ പോരാടുമെന്ന് പറയുന്ന ട്രംപിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാതെ തന്നെയുണ്ടെന്നതാണ് ഇതിലെ വൈരുധ്യം. കമല ഹാരീസിനെ ഡീപ് സ്റ്റേറ്റിന്റെ പുതിയ മുന്നില്‍ നിര്‍ത്താനുള്ള പ്രതിമയെന്നു പറഞ്ഞായിരുന്നു റിപ്പബ്ലിക്കന്‍ പ്രചാരണം. ഫെഡറല്‍ ബ്യൂറോക്രസിയെ അടിമുടി മാറ്റുമെന്ന് പറഞ്ഞ ട്രംപ് എന്തൊക്കെ വൈറ്റ് ഹൗസിലെത്തിയതിന് ശേഷം ചെയ്യുമെന്നതാണ് ഇനി കണ്ടറിയാനുള്ളത്.