വീട്ടിലെ ബാല്‍ക്കണി എങ്ങനെ സുന്ദരമായ സിറ്റ്-ഔട്ടാക്കി മാറ്റാം?; ഇതാ അഞ്ച് എളുപ്പ വഴികള്‍

വീടുകളിലേയും ഫ്‌ലാറ്റുകളിലേയും ബാല്‍ക്കണികളുടെ വലുപ്പ വ്യത്യാസം പലപ്പോഴും നല്ലൊരു സിറ്റ് ഔട്ട് ബാല്‍ക്കണിയില്‍ ഒരുക്കാന്‍ വിഘാതമാകാറുണ്ട്. പക്ഷേ സ്ഥലം കൃത്യമായി കൈകാര്യം ചെയ്താല്‍ ഈ പ്രതിസന്ധി മറികടക്കാവുന്നതേയുള്ളു. വൈകിട്ടൊന്നിരുന്ന് ചായ കുടിക്കാനും മനോഹരമായ പൂന്തോട്ടമാക്കാനുമെല്ലാം ബാല്‍ക്കണിയെ നമുക്ക് മാറ്റിയെടുക്കാം.

വെള്ളം അടിച്ച് കയറാതെ മാറ്റണം:

മഴയുള്ള സമയങ്ങളില്‍ ഉള്ളിലേക്ക് വെള്ളം അടിച്ചു കയറാത്ത രീതിയില്‍ ബാല്‍ക്കണി മറയ്ക്കാന്‍ ശ്രദ്ധിക്കണം. കര്‍ട്ടനുകളും ഈറ്റ ഉല്‍പ്പന്നങ്ങളുമെല്ലാം ഇതിന് സഹായിക്കും. നല്ല ടൈലുകള്‍ ബാല്‍ക്കണിയില്‍ പാകാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. വെതര്‍ പ്രൂഫാക്കാന്‍ ഗ്ലാസ് ചില്ലുകളും പിടിപ്പിക്കാവുന്നതാണ്. മഴക്കാലത്ത് ഇത് കൂടുതല്‍ ഉപകാരപ്രദമാകും.

ഇരിപ്പടങ്ങള്‍:

ബാല്‍ക്കണിയുടെ വലുപ്പത്തിനനുസരിച്ച് കസേരയും മേശയും തിരഞ്ഞെടുക്കാനാകണം. വലുപ്പം കുറഞ്ഞ കസേരകളും സ്റ്റൂളുകളും ഉപയോഗിക്കാന്‍ ശ്രദ്ധിച്ചാല്‍ മറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാനാകും. ഇനി തീരെ സ്ഥലം കുറവാണെങ്കില്‍ ഒരു തൂക്കുകസേര മാത്രമായി ചുരുക്കാവുന്നതുമാണ്.
ചെടികള്‍:
ബാല്‍ക്കണിയില്‍ നല്ല ചെടിച്ചട്ടികളും ചെടികളും ആകര്‍ഷണം കൂട്ടും. ഇവ കൃത്യമായി കൈവരികളുടെ ഭാംഗി കൂട്ടുന്ന രീതിയില്‍ ക്രമീകരിക്കണം.

മറ്റ് സൗകര്യങ്ങള്‍:

ബാല്‍ക്കണിക്ക് ആവശ്യത്തിന് വലുപ്പമുണ്ടെങ്കില്‍ ചെറിയ ഒരു മേശയും കസേരകളും ഒരുക്കാവുന്നതാണ്. വൈകുന്നേരങ്ങളില്‍ ഒരുമിച്ചിരിക്കാനും ഒരു കപ്പ് കാപ്പി പുറത്തേ കാഴ്ചകള്‍ കണ്ട് കുടിക്കാനും റിലാക്‌സ് ചെയ്യാനും ഇത് സഹായിക്കും.

സ്വകാര്യത:

സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ചെറിയ ഭിത്തിയുടെ സംരക്ഷണം വേണമെന്ന് തോന്നുകയാണെങ്കില്‍ ബാല്‍ക്കണി കൈവരികളില്‍ വള്ളിച്ചെടികള്‍ പിടിപ്പിക്കാവുന്നതാണ്. ഇത് പുറത്ത് നിന്നുള്ള നോട്ടങ്ങളില്‍ നിന്ന് മറച്ച് പിടിക്കാനും സഹായിക്കും