ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഏറ്റവും ഒടുവിലായി ഇന്ത്യൻ വിപണിയിൽ എത്തിച്ച മിഡ്-സൈസ് എസ്.യു.വി. മോഡലാണ് സി3 എയർക്രോസ്. സിട്രോണിന്റെ എസ്‍യുവി ‘സി3 എയർക്രോസ്’ കേരളത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സിട്രോൺ ഇപ്പോൾ. ആലപ്പുഴ മുഹമ്മയിലെ ലേ ലീല റിസോർട്ടിലാണ് സിട്രോൺ സി3 എയർക്രോസിന്റെ കേരള ലോഞ്ച് നടന്നത്. യു, പ്ലസ്, മാക്സ് വേരിയന്റുകളിൽ അഞ്ചു സീറ്റിന്റെ മൂന്നു വകഭേദങ്ങളും രണ്ട് സീറ്റിന്റെ രണ്ടു വകഭേദങ്ങളുമാണ് പുതിയ എസ്‍യുവിക്ക് ഉള്ളത്.
അഞ്ച് സീറ്റർ, ഏഴ് സീറ്റർ ഓപ്ഷനുകളിലാണ് വാഹനം നിരത്തുകളിൽ എത്തുക. 1.2 ലിറ്റർ ടർബോചാർജ്ഡ് എൻജിന്റെ കരുത്തുമായാണ് സി3 എയർക്രോസ് വിപണിയിൽ എത്തുന്നത്. 110 ബി.എച്ച്.പി. പവറും 190 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ഈ വാഹനം ഇപ്പോൾ വിപണിയിൽ എത്തുന്നത്. ഇതിന്റെ ഓട്ടോമാറ്റിക് വകഭേദം വൈകാതെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. വാഹനത്തിൽ മികച്ച സുരക്ഷ സംവിധാനങ്ങളും ഒരുങ്ങുന്നുണ്ട്.
ഡിആർഎല്ലുകളോട് കൂടിയ ഹാലൊജൻ റിഫ്ലക്ടർ ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, ഡ്യുവൽ ടോൺ റൂഫ് ഓപ്ഷൻ എന്നിവ വാഹനത്തിനുണ്ട്. ക്യാബിനിനുള്ളിൽ, 10.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഫങ്ഷൻ സ്റ്റിയറിങ് വീൽ തുടങ്ങിയ സവിശേഷതകൾ വാഹനത്തിൽ ലഭ്യമാകും.
ഇന്ത്യയിലെ സിട്രോൺ വാഹന നിരയിൽ നാലാമത്തെ മോഡലായാണ് സി3 എയർക്രോസ് എത്തിയത്. 90 ശതമാനവും പ്രാദേശികമായി നിർമിച്ച വാഹനമെന്നതാണ് സി3 എയർക്രോസിന്റെ സവിശേഷത . ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാക്ക്, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര, എം.ജി. ആസ്റ്റർ തുടങ്ങി മിഡ്-സൈസ് എസ്.യു.വി വിപണിയിൽ കരുത്ത് തെളിയിച്ചിട്ടുള്ള വാഹനങ്ങളുമായാണ് ഈ മോഡൽ മത്സരിക്കുന്നത്.
Read more
9.99 ലക്ഷം രൂപ മുതൽ 12.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ കേരളത്തിലെ എക്‌സ്‌ഷോറും വില. അഞ്ച് സീറ്റർ അടിസ്ഥാന വേരിയന്റിന് 9.99 ലക്ഷം രൂപയും പ്ലസ് വേരിയന്റിന് 11.34 ലക്ഷം രൂപയും മാക്‌സിന് 11.99 ലക്ഷം രൂപയുമാണ് കേരളത്തിലെ വില. ഏഴ് സീറ്റ് ഓപ്ഷനിൽ എത്തുന്ന പ്ലസ് വേരിയന്റിന് 11.69 ലക്ഷം രൂപയും മാക്‌സ് വേരിയന്റിന് 12.34 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഉയർന്ന വേരിയന്റുകളുടെ ഡ്യുവൽ ടോൺ പതിപ്പും എത്തുന്നുണ്ട്.