15 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇവികൾ!

ഇലക്ട്രിക് കാറുകളുടെ കാര്യം വരുമ്പോൾ, ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ് റേഞ്ച്. അതുപോലെ തന്നെയാണ് വിലയും. 15 ലക്ഷം രൂപയിൽ താഴെ വിലയുള്ള നിരവധി ഇലക്ട്രിക് കാറുകളും എസ്‌യുവികളും വിപണിയിലുണ്ട്. പുതിയ നെക്‌സോൺ ഇവി, എംജി വിൻഡ്‌സർ ടാറ്റ ടിയാഗോ ഇവി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ലിസ്റ്റിലെ ആദ്യ ഇലക്ട്രിക് വാഹനം എംജി കോമറ്റ് ഇവി ആണ്. 4.99 ലക്ഷം രൂപ മുതൽ 6.99 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില വരുന്നത്. BaaS സഹിതമുള്ള എക്സ്-ഷോറൂം വിലയാണ് 4.99 ലക്ഷം രൂപ. BaaS ഇല്ലാതെയുള്ള എക്സ്-ഷോറൂം വിലയാണ് 6.99 ലക്ഷം. 17.3 kWh ബാറ്ററി പായ്ക്കാണ് കോമറ്റ് EV-യുടെ കരുത്ത്. ഫുൾ ചാർജിൽ 230 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പട്ടികയിലെ രണ്ടാമത്തെ കാർ ടാറ്റ ടിയാഗോ ഇവിയാണ്. ഇതിന്റെ വില 7.99 ലക്ഷം രൂപയാണ്. ഇത് എക്സ്-ഷോറൂം വിലയാണ്. 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ടിയാഗോ ഇവി ലഭിക്കും. 315 കിലോമീറ്റർ ആണ് അവകാശപ്പെടുന്ന റേഞ്ച്.

പട്ടികയിലെ മൂന്നാമത്തെ കാർ ടാറ്റ ടിഗോർ ഇവിയാണ്. 12.5 ലക്ഷമാണ് മോഡലിന്റെ എക്സ്-ഷോറൂം വില. 315 കിലോമീറ്റർ ദൂരപരിധിയുള്ള 26 kWh ബാറ്ററി പായ്ക്കാണ് ടിഗോർ ഇവിയുടെ കരുത്ത്.

ലിസ്റ്റിലെ അടുത്ത ഇലക്ട്രിക് വാഹനം സിട്രോൺ eC3 ആണ്. 12.7 ലക്ഷം രൂപയാണ് കാറിന്റെ എക്സ്-ഷോറൂം വില. 29.2 kWh ബാറ്ററി പായ്ക്കാണ് ഈ ഇലക്ട്രിക് വാഹനത്തിന് കരുത്ത് പകരുന്നത്. 320 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് പറയുന്നത്.

ലിസ്റ്റിലുള്ള മറ്റൊരു കാർ എംജി അടുത്തിടെ പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവിയാണ്. 9.99 ലക്ഷം രൂപ മുതലാണ് മോഡലിന്റെ വില വരുന്നത്. ഇത് BaaS സഹിതമുള്ള എക്സ്-ഷോറൂം വിലയാണ്. ബാറ്ററി സഹിതമുള്ള മോഡലിന് 13.49 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 331 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന 38 kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ കരുത്ത്.

അടുത്ത കാർ മഹീന്ദ്ര XUV 400 EV ആണ്. 15 ലക്ഷം എക്സ്-ഷോറൂം വിലയിലാണ് വാഹനമെത്തുന്നത്. ഈ EV-ക്ക് 34.5 kWh, 9.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ലഭിക്കുന്നു.

പട്ടികയിലുള്ള മറ്റൊരു എംജി മോഡലാണ് എംജി ZS ഇവി. BaaS സഹിതം 13.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. 18.95 ലക്ഷമാണ് ബാറ്ററി സഹിതം വരുന്ന എക്സ്-ഷോറൂം വില. 50.3 kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ കരുത്ത്. മോഡൽ 461 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു.

ലിസ്റ്റിലെ അടുത്ത കാർ പഞ്ച് ഇവിയാണ്. വില 10.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനമെത്തുന്നത്. ഇവിക്ക് 25 kWh,35 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ലഭിക്കുന്നു. ഫുൾ ചാർജിൽ 421 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നു.

പട്ടികയിൽ അവസാനത്തേത് അടുത്തിടെ പുറത്തിറങ്ങിയ ടാറ്റ നെക്‌സോൺ ഇവി 45 ആണ്. പേര് സൂചിപ്പിക്കുന്നത് പോലെ 489 കിലോമീറ്റർ മൈലേജുള്ള 45 kWh ബാറ്ററി പായ്ക്ക് ഇതിനുണ്ട്. 13.99 ലക്ഷം രൂപ മുതലാണ് ഇവയുടെ വില വരുന്നത്. ഇത് എക്സ്-ഷോറൂം വിലയാണ്.