സൽമാന് വീണ്ടും ഫ്ലോപ്പ് ! നാഷണൽ ക്രഷും രക്ഷപെടുത്തിയില്ല; മുരുഗദോസിന് വീണ്ടും നിരാശ

അഭിനയിച്ചത് ബോളിവുഡിലെ സൂപ്പർതാരം, സംവിധാനം ചെയ്തത് തെന്നിന്ത്യയുടെ ഹിറ്റ് മേക്കർ, നായികയായി എത്തിയത് നാഷണൽ ക്രഷ്. എന്നിട്ടും പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാതെ തിയേറ്ററിൽ കിതയ്ക്കുകയാണ് സൽമാൻ ഖാൻ ചിത്രം ‘സിക്കന്ദർ’. എ. ആർ മുരുഗദോസ് സംവിധാനം ചെയ്ത ഈ റൊമാന്റിക് ആക്ഷൻ ത്രില്ലർ, സൽമാന്റെ ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു. എന്നാൽ റിലീസ് ചെയ്ത് ആദ്യദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് തണുപ്പൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിലടക്കം ലഭിക്കുന്നത്.

വളരെ മോശം പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമകൾ ഒന്നും തന്നെയില്ലാത്ത സിനിമയാണെന്നും വെറുതെ പണവും സമയവും നഷ്ടം എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തെലുങ്ക് ചിത്രം രാജ വിക്രമർക്ക, വിജയ്‌യുടെ ബി​ഗിൽ ഉൾപ്പെടെ പല തെന്നിന്ത്യൻ സിനിമകളും പൊടിതട്ടിയെടുത്തതാണ് ഈ സിനിമയെന്നും എ. ആർ മുരുഗദോസ് മാജിക് നഷ്ടമായിരിക്കുന്നു എന്നൊക്കെയാണ് ചിത്രം കണ്ടിറങ്ങിവരുടെ പ്രതികരണം. മോശം പ്രതികരണം മാത്രമല്ല, വലിയ ട്രോളുകളും സിനിമയ്ക്കു ലഭിക്കുന്നുണ്ട്. സിനിമയുടെ സംഗീതത്തിനും വലിയ വിമർശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കഥയുമായി ചേർന്ന് പോകുന്നതല്ല എന്നും ഗാനങ്ങൾ തങ്ങളെ ഒരുപാട് നിരാശപ്പെടുത്തിയെന്നും ചില പ്രേക്ഷകർ പറഞ്ഞു. തിയേറ്ററിലേക്കുള്ള പവർ പാക്ക്ഡ് എൻട്രിക്ക് മുന്നേ തന്നെ സിക്കന്ദർ ഓൺലൈനിൽ ചോർന്നതും സിനിമയ്ക്ക് വൻ തിരിച്ചടിയായി. റിലീസിന് തൊട്ട് മുൻപത്തെ ദിവസം മുതൽ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിൽ എത്തിയിരുന്നു. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് എത്തിയത്.

അതേസമയം, ബോളിവുഡിൽ രശ്‌മിക മന്ദാനയുടെ ആദ്യ ഫ്ലോപ്പ് ആയി മാറിയിരിക്കുകയാണ് സിക്കന്ദർ. സിനിമയിൽ അഭിനയിക്കുന്നതിൽ ഇരുവരുടെയും പ്രായവ്യത്യാസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് സൽമാൻ ഖാൻ എത്തുകയും ചെയ്തിരുന്നു. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നമെന്ന് നടൻ ചോദിക്കുന്നത്. മാത്രമല്ല, രശ്മികയ്ക്ക് മകൾ ഉണ്ടാവുമ്പോൾ അവൾക്കൊപ്പവും അഭിനയിക്കും എന്നാണ് സൽമാൻ പറയുന്നത്. രശ്മിയ്ക്ക് മാത്രമല്ല ഒരു ഇടവേളയ്ക്ക് ശേഷം എത്തിയ സൽമാനും സിക്കന്ദർ വലിയ പ്രതീക്ഷ നൽകുന്നില്ല. ഒരു ആക്ഷൻ ചിത്രമായെത്തിയ ടൈഗർ 3യാണ് സിക്കന്ദറിന് മുമ്പ് പ്രദർശനത്തിനെത്തിയത്. 300 കോടി ബജറ്റിൽ ഒരുക്കിയ സിനിമ 464 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്. എന്നാൽ അതിന് മുൻപ് പുറത്തിറങ്ങിയ കിസി കാ ഭായ് കിസി കി ജാനും വലിയ പ്രതീക്ഷ അത്ര വിജയം കണ്ടില്ല.

നിരവധി ഹിറ്റ് സിനിമകളിലൂടെ സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംവിധായകനായിരുന്നു എ. ആർ മുരുഗദോസ്. എന്നാൽ സിക്കന്ദറിന്റേതടക്കം കഴിഞ്ഞ കുറച്ചു കാലമായി പുറത്തിറങ്ങിയ സിനിമകൾക്കൊന്നും നല്ല പ്രതികരണം ലഭിച്ചില്ല. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമാണ് സിക്കന്ദർ. മോശം എഴുത്തിലൂടെയും സിനിമകളിലൂടെയും സംവിധായകൻ പിന്നോട്ട് പോവുകയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സൽമാൻ ഖാനും മുരുഗദോസിനെ രക്ഷിക്കാനായില്ലെന്നും ഇനി ശിവകാർത്തികേയൻ സിനിമ ‘മദിരാശി’യ്ക്ക് മാത്രമേ രക്ഷയ്ക്കാൻ സാധിക്കുകയുള്ളു എന്നാണ് പറയുന്നത്.

സിക്കന്ദറിൽ സൽമാനോടൊപ്പം, രശ്മിക മന്ദാനയെ കൂടാതെ സത്യരാജ്, ഷർമാൻ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവർ അടങ്ങിയ വലിയ താരനിര തന്നെയാണ് സിക്കന്ദറിൽ അണിനിരക്കുന്നത്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാൻറ് സൺസാണ് ചിത്രം നിർമ്മിച്ചത്. 200 കോടി ബജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന് ഓപ്പണിങ് ദിനത്തിൽ 26 കോടിയാണ് ഇന്ത്യൻ നെറ്റായി നേടാനായതെന്നും പാൻ ഇന്ത്യൻ റിലീസായി എത്തിയ എമ്പുരാനെ ആഗോളതലത്തിൽ വീഴ്‍ത്താനായിട്ടില്ല എന്നുമാണ് റിപ്പോർട്ടുകൾ.