മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഇന്നോവ ഹൈക്രോസ് തുടങ്ങിയ ഹൈബ്രിഡ് കാറുകൾക്ക് ഇനി വില കുറയും കാരണം...

പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹൈബ്രിഡ് കാറുകളുടെ നികുതി ഘടനയിൽ കുറവ് വരുത്താനുള്ള ആലോചനയിലാണ് ഇന്ത്യാ ഗവൺമെന്റ്. ഇതോടെ മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഇന്നോവ ഹൈക്രോസ് തുടങ്ങിയ ഏറ്റവും ശ്രദ്ധേയമായ മോഡലുകൾക്ക് വില കുറയാൻ സാധ്യതയുണ്ട്.

രാജ്യത്തെ ഹൈബ്രിഡ് കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലൂടെ കൂടുതൽ താങ്ങാനാവുന്ന വിലയിൽ അവ സ്വന്തമാക്കാൻ സാധിക്കും. നിലവിൽ, രാജ്യത്ത് ശക്തമായ ഹൈബ്രിഡ് കാറുകളുടെ നികുതി സർക്കാർ കുറയ്ക്കാൻ പോകുകയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വരും മാസങ്ങളിൽ ഇത് സംഭവിച്ചേക്കാമെന്നാണ് റിപോർട്ടുകൾ.

രാജ്യത്തെ ശക്തമായ ഹൈബ്രിഡ് കാറുകളുടെ വൻതോതിലുള്ള നികുതി കുറയ്ക്കാൻ ഡിപ്പാർട്മെൻറ്റ്‌ ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ഘനവ്യവസായ മന്ത്രാലയത്തിന് അഥവാ (മിനിസ്ട്രി ഓഫ് ഹെവി ഇൻഡസ്ട്രീസ്)ന് കത്ത് നൽകിയതായാണ് റിപ്പോർട്ടുകൾ.

മാരുതി സുസുക്കിയും ടൊയോട്ടയും ഉൾപ്പെടെയുള്ള പ്രമുഖ കാർ നിർമ്മാതാക്കളിൽ നിന്നുള്ള നിരവധി അഭ്യർത്ഥനകളെ തുടർന്നാണ് DPIIT പ്രശ്നം പരിഹരിക്കാൻ മുൻകൈയെടുക്കുന്നത്. ഘനവ്യവസായ മന്ത്രാലയം ഇക്കാര്യത്തിൽ നടപടിയെടുക്കുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല മറ്റ് റിപോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടുമില്ല.

നിലവിലെ നികുതി ഘടന മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഇന്നോവ ഹൈക്രോസ് തുടങ്ങിയ ഹൈബ്രിഡ് വാഹനങ്ങളെ പ്രതികൂലമായാണ് ബാധിക്കുന്നത്. നിലവിൽ ഇന്ത്യയിൽ, കരുത്തുറ്റ ഹൈബ്രിഡ് കാറുകൾക്ക് 28% ജിഎസ്ടിയും 15% സെസും ചേർത്ത് മൊത്തം 43% ആണ് നികുതി. അതേസമയം ഇലക്‌ട്രിക് വാഹനങ്ങൾക്ക് 5% ജിഎസ്ടിയുടെ ഗണ്യമായ കുറഞ്ഞ നികുതി നിരക്ക് ലഭിക്കുന്നു.

1200 സിസിക്ക് മുകളിലുള്ള പെട്രോൾ, ഡീസൽ കാറുകൾക്ക് 28% ജിഎസ്ടിയും 17% സെസും ഉണ്ട്. ഇത് മൊത്തം 45% ആണ് നികുതി. അതേസമയം, 1500 സിസിക്ക് മുകളിലുള്ള എഞ്ചിനുകളുള്ള പെട്രോൾ, ഡീസൽ കാറുകൾക്ക് 28% ജിഎസ്ടിയും 20% സെസും ചേർന്ന് മൊത്തത്തിൽ ഏകദേശം 48% വരും. ഇത് വളരെ ഉയർന്ന നികുതിയാണ്.

ഈ വർഷം ഒക്ടോബറിൽ, ആഗോള വാഹന ഭീമനായ ടൊയോട്ട, ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി 20% വരെ കുറയ്ക്കാൻ ഇന്ത്യൻ ഗവണ്മെന്റിനോട് അഭ്യർത്ഥിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഹൈബ്രിഡ് വാഹനങ്ങൾ പരിസ്ഥിതി സൗഹൃദവും കൂടുതൽ സന്തുലിത നികുതി ഘടനയ്ക്ക് അർഹവുമാണ്. നിർദിഷ്ട നികുതി ഇളവ് നടപ്പാക്കിയാൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹൈബ്രിഡ് കാറുകൾ കൂടുതൽ താങ്ങാനാകുന്നതാകും.

ഹൈബ്രിഡിന് 37 ശതമാനമായും ഫ്ലെക്സ് ഹൈബ്രിഡ് വാഹനങ്ങൾക്ക് 34 ശതമാനമായും നികുതി കുറയ്ക്കണമെന്ന് ടൊയോട്ട മുമ്പ് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലായാൽ ജനപ്രിയ എംപിവി ടൊയോട്ട ഇന്നോവ ഹൈക്രോസിനും അർബൻ ക്രൂയിസർ ഹൈറൈഡറിനും വില ഗണ്യമായി കുറയാൻ ഇടയാക്കുമെന്ന് കമ്പനി പറഞ്ഞു.

ഇന്ത്യയിൽ വിൽക്കുന്ന ശക്തമായ ഹൈബ്രിഡ് കാറുകളുടെ നികുതി കുറയ്ക്കാൻ സർക്കാർ സമ്മതിക്കുകയാണെങ്കിൽ അവ ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാകുന്നതാകും. ഇതിനർത്ഥം മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ വാഹനങ്ങൾ കൂടുതൽ ജനപ്രിയമാകുമെന്നാണ്.

പരിസ്ഥിതിസൗഹൃദ ഓപ്ഷനുകളിൽ താൽപ്പര്യമുള്ള ആളുകൾക്ക് നികുതി കുറവോടെ ഹൈബ്രിഡ് കാറുകൾ വാങ്ങാൻ സാധിക്കുമെന്നത് കൂടുതൽ ആകർഷകമായി തോന്നിയേക്കാം. കാരണം ഇത് ഇവരുടെ ദൈനംദിന യാത്രയ്ക്ക് സാമ്പത്തികമായി ലാഭകരവും മികച്ചതുമാക്കി മാറ്റുന്നു.