വേഷംമാറി ഹൈക്രോസ് ; മാരുതിയുടെ 'ഇന്നോവ' ജൂലൈയിലെത്തും !

ഇന്ത്യൻ വിപണിയിൽ പുതിയ പ്രീമിയം എംപിവി (Multi-Purpose Vehicle) അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി. ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ മോഡൽ. മാരുതിയുടെ ഏറ്റവും വില കൂടിയ വാഹനം 2023 ജൂലൈയോടെ വിൽപ്പനയ്‌ക്കെത്തും. പുതിയ മാരുതി എംപിവി രണ്ട് പവർട്രെയിൻ ഓപ്ഷനുമായാണ് എത്തുന്നത്. ടൊയോട്ട ടിഎൻജിഎ-സി ആർക്കിടെക്ചറിൽ ആയിരിക്കും പുതിയ മാരുതി എംപിവി നിർമ്മിക്കുക. ഹൈക്രോസിൽ കാണാൻ സാധിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍,കരുത്തുറ്റ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുകള്‍ എംപിവിക്കും കരുത്തേകും.

2022-2023 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കിയുമായി ചേർന്ന് ഒരു C-MPV ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് ടൊയോട്ട കഴിഞ്ഞ വർഷം, ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞിരുന്നു. പുതിയ എംപിവി ഇന്നോവ ഹൈക്രോസിന്റെ ഒരു സഹോദര ഉൽപ്പന്നമായിരിക്കും. ഗ്രാൻഡ് വിറ്റാര പോലെ ഈ മോഡലും ടൊയോട്ടയുടെ ബിദാദി പ്ലാന്റിൽ നിർമ്മിച്ച് മാരുതി സുസുക്കിക്ക് വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്. ജൂലൈ മാസത്തോടെ വാഹനം വില്‍പ്പനയ്ക്കെത്തുമെന്നാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍. സി ഭാർഗവ അറിയിച്ചിരിക്കുന്നത്.

Read more

2017ലാണ് ടൊയോട്ട – സുസുക്കി സഖ്യം ആരംഭിച്ചത്. അന്നുമുതൽ നിരവധി മോഡലുകളാണ് ഈ കൂട്ടുകെട്ടിൽ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. സുസുക്കി നിര്‍മ്മിച്ച വാഹനങ്ങളായ വിറ്റാര ബ്രെസ്സ, ബലേനോ എന്നിവ ക്രോസ്-ബാഡ്ജ് ചെയ്ത് ഇന്ത്യയില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസറായും ഗ്ലാന്‍സയായും വിറ്റഴിച്ചിരുന്നു. ഏറ്റവും പുതിയ ബലേനോ, സിയാസ്, എർട്ടിഗ, സെലേറിയോ എന്നിവ ദക്ഷണാഫ്രിക്കയിലും മിഡിൽ ഈസ്റ്റും ഉൾപ്പെടെയുള്ള വിപണികളിൽ ടോയോട്ടയുടേതായി വിൽക്കുന്നുണ്ട്. നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ ഇന്ത്യയില്‍ വില്‍ക്കുകയും മാരുതി സുസുക്കിക്കായി റീബാഡ്ജ് ചെയ്യുകയും ചെയുന്ന ആദ്യത്തെ ടൊയോട്ട ഉല്‍പ്പന്നമായിരിക്കും വരാനിരിക്കുന്ന പുതിയ എംപിവി.