ആകെ എത്തുന്നത് 20 യൂണിറ്റ് ; ചില്ലി റെഡിൽ ആരെയും ആകർഷിക്കുന്ന 'മിനി ചാർജ്‌ഡ് എഡിഷൻ' !

ഓൾ -ഇലക്‌ട്രിക് മിനി 3 ഡോർ കൂപ്പർ SE അടിസ്ഥാനമാക്കി സ്പെഷ്യൽ എഡിഷൻ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ മിനി. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി എത്തുന്ന ലിമിറ്റഡ് എഡിഷൻ മോഡലിന്റെ 20 യൂണിറ്റുകൾ മാത്രമാണ് ബിഎംഡബ്ല്യു രാജ്യത്ത് എത്തിക്കുക. ‘മിനി ചാർജ്‌ഡ് എഡിഷൻ’ എന്നാണ് ഈ സ്പെഷ്യൽ പതിപ്പിന് നൽകിയിരിക്കുന്ന പേര്.

സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വേറിട്ടു നിൽക്കുന്ന കോസ്മെറ്റിക് അപ്‌ഗ്രേഡുകളോടെയാണ് മിനി ചാർജ്‌ഡ് എഡിഷൻ വിപണിയിൽ എത്തുന്നത്. മാത്രമല്ല കാഴ്ച്ചയിൽ ആരെയും ആകർഷിക്കുന്ന സ്റ്റൈലിഷ് രൂപമാണ് കുഞ്ഞൻ ഇലക്ട്രിക് കാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡിസൈൻ കാര്യങ്ങളിലേക്ക് നോക്കിയാൽ മിനി ചാർജ്‌ഡ് എഡിഷന് വൈറ്റ് കളറിൽ പൂർത്തിയാക്കിയ മൾട്ടി-ടോൺ റൂഫുള്ള പുതിയ ചില്ലി റെഡ് കളർ ഓപ്ഷനാണ് മിനി നൽകിയിരിക്കുന്നത്.

ഹെഡ്‌ലാമ്പ്, ടെയിൽലൈറ്റ് റിംഗുകൾ, ഡോർ ഹാൻഡിലുകൾ, ലോഗോകൾ, ടെയിൽഗേറ്റ് ഹാൻഡിൽ എന്നിവയിലേക്കും വെള്ള നിറത്തിലുള്ള ഹൈലൈറ്റുകൾ കൊണ്ടു വരാനും കമ്പനി ശ്രമിച്ചിട്ടുണ്ട്. ഇതിനെ ആസ്പൻ വൈറ്റ് എക്സ്റ്റീരിയർ ട്രിം എന്നാണ്  വിളിക്കുന്നത്. ചുവപ്പിൽ വെള്ള കലർന്ന ഡിസൈൻ SE മിനി ചാർജ്‌ഡ് എഡിഷന് ശരിക്കും ഒരു സ്പോർട്ടി ലുക്ക് നൽകുന്നു. കാറിന്റെ ബോണറ്റിലും ഡോറുകളിലും ബൂട്ടിലും ഫ്രോസൺ റെഡ് സ്‌പോർട്‌സ് സ്ട്രിപ്പുകളും എനർജറ്റിക് യെല്ലോ ഹൈലൈറ്റുകളും കാണാൻ സാധിക്കും.

17 ഇഞ്ച് പവർ-സ്‌പോക്ക് അലോയ് വീലുകളിൽ എനർജിറ്റിക് യെല്ലോ ഹൈലൈറ്റുകളോടെയാണ് വാഹനം നിരത്തിലിറങ്ങുന്നത്. പ്രീമിയവും ആഡംബരവുമായ അനുഭവം നിലനിർത്തിയാണ് മിനി ചാർജ്‌ഡ് എഡിഷന്റെ ഇന്റീരിയറും പണികഴിപ്പിച്ചിരിക്കുന്നത്. ക്യാബിനിലെ ലെതറെറ്റ് കാർബൺ ബ്ലാക്ക് അപ്‌ഹോൾസ്റ്ററി ഒരു സ്പോർട്ടി ഫീൽ നൽകുന്നു.

കൺട്രോൾ സർഫസിന്റെ എണ്ണം കുറയ്ക്കുന്നതിലൂടെ സ്റ്റിയറിംഗ് വീലിന് കൂടുതൽ ഫങ്ഷനുകൾ ലഭിക്കുന്നുണ്ട്. ഇത് നാപ്പ ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ബ്ലാക്ക് പാനലുള്ള 5 ഇഞ്ച് എംഐഡി യൂണിറ്റും ഡാഷ്ബോർഡിന്റെ മധ്യഭാഗത്ത് 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇടം പിടിച്ചിട്ടുണ്ട്. സ്റ്റാർട്ട്/സ്റ്റോപ്പ് ടോഗിൾ സ്വിച്ച്, ഗിയർ ലിവർ, ഡോർ സിൽസുകളിൽ ബാഡ്ജിംഗ് എന്നിവയിൽ എനർജറ്റിക് യെല്ലോ ആക്‌സന്റുകൾ ഉപയോഗിച്ച് കമ്പനി മിനി ചാർജ്‌ഡ് എഡിഷന്റെ ഇന്റീരിയറും മനോഹരമാക്കിയിട്ടുണ്ട്.

181 ബിഎച്ച്പി കരുത്തിൽ 270 എൻഎം ടോർക്ക് നൽകാൻ കഴിയുന്ന 135 kW ഇലക്ട്രിക് മോട്ടോറാണ് മിനി ചാർജ്‌ഡ് ലിമിറ്റഡ് എഡിഷന് തുടിപ്പേകുന്നത്. കൂടാതെ 32.6 kWh ബാറ്ററി പായ്ക്കിലൂടെ ഒറ്റ ചാർജിൽ 270 കിലോമീറ്റർ റേഞ്ച് നൽകാനും കാറിന് സാധിക്കും. വെറും 7.3 സെക്കൻഡിൽ 0- 100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ഇലക്ട്രിക് ഹാച്ച്ബാക്കിന് കഴിയും. നിരവധി ഫീച്ചറുകളോടെയാണ് ഇവി ഇന്ത്യയിലെത്തുന്നത്.

The MINI Charged Edition is limited to just 20 units and comes to India as a CBU

മിനി ചാർജ്‌ഡ് എഡിഷനിൽ ഇൻ-ബിൽറ്റ് നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ഒരു ഹർമൻ കാർഡൺ സ്പീക്കർ സിസ്റ്റം, വയർലെസ് ചാർജിംഗ് തുടങ്ങിയ കിടിലൻ ഫീച്ചറുകളും മിനി ചാർജ്‌ഡ് എഡിഷനിലുണ്ട്. സ്‌പോർട്ട്, ഗ്രീൻ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് ഇലക്ട്രിക് കാറിൽ ഒരുക്കിയിരിക്കുന്നത്. ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളിൽ ക്രൂയിസ് കൺട്രോൾ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ടിപിഎംഎസ് എന്നിവയും ഉൾപ്പെടുന്നു.

മിനി സ്മാർട്ട് വോൾബോക്‌സ് ചാർജറിന്റെയും പോർട്ടബിൾ DC ചാർജിംഗ് കേബിളിന്റെയും ഒറ്റത്തവണ ഇൻസ്റ്റാളേഷനും പുതിയ ചാർജ്‌ഡ് എഡിഷൻ വാഗ്ദാനം ചെയ്യും. 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 36 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ വാഹനം ചാർജ് ചെയ്യാനാകുമെന്നാണ് കമ്പനി പറയുന്നത്. 11 കിലോവാട്ട് എസി ചാർജറിൽ 2 മണിക്കൂർ 30 മിനിറ്റും 2.3 കിലോവാട്ട് എസി ചാർജറിൽ 9 മണിക്കൂർ 43 മിനിറ്റ് സമയത്തിനുള്ളിലും ഇവി ഫുൾ ചാർജ് ചെയ്യാൻ സാധിക്കും.

അഞ്ച് വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയോടെയാണ് ഈ ലിമിറ്റിഡ് എഡിഷൻ എത്തുന്നത്. സ്റ്റാൻഡേർഡായി 2 വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും കാറിന് ലഭിക്കും. സ്റ്റാൻഡേർഡായി ബാറ്ററി പായ്ക്കിന് 8 വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറണ്ടിയും ലഭിക്കും. രാജ്യത്തെ ഡീലർ ശൃംഖലയിലുടനീളം ബിഎംഡബ്ല്യുവിന് 35 നഗരങ്ങളിൽ അതിവേഗ ചാർജിംഗ് സ്റ്റേഷനുകളുള്ളതിനാൽ കാറിൽ ലോംഗ് ട്രിപ്പുകളും പോകാനാകും. 55 ലക്ഷം രൂപയാണ് പുതിയ ലിമിറ്റഡ് എഡിഷൻ കാറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.