ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. തുടര്‍ തോല്‍വികള്‍ക്കും, വിവാദങ്ങള്‍ക്കും ഒടുവില്‍ കലുഷിതമായ സാഹചര്യത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആയിരുന്നു ടീമിന്റെ ജയം. കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്.
പോയിന്റ് ടേബിളില്‍ താഴെ തട്ടില്‍ കിടക്കുന്ന രണ്ട് ടീമുകളുടെ പോരാട്ടം എന്നതിനെക്കാള്‍ ലീഗില്‍ നിലനില്‍പ്പിനായി പേരാടുന്ന രണ്ട് ടീമുകള്‍ തമ്മില്‍ ഉള്ള ഏറ്റുമുട്ടല്‍ ആയിരുന്നു ഇന്നത്തെ പോരാട്ടം. എന്തിരുന്നാലും ഇരുടീമുകളുടെ ഭാഗത്ത് നിന്നും അതിന് ഉതക്കുന്ന രീതിയില്‍ ഉള്ള പ്രകടനം ഒന്നും ആദ്യ പകുതിയില്‍ കണ്ടില്ല. ബ്ലാസ്റ്റേഴ്‌സ് എതിരാളികളുമായി താരതമ്യപ്പെടുത്തിയാല്‍ മികച്ച ഫുട്‌ബോള്‍ കാഴ്ച്ചവെച്ചെങ്കിലും ആക്രമണങ്ങള്‍ക്ക് ലക്ഷ്യ ബോധം കുറവായിരുന്നു. നോവ സദോയിയെ കേന്ദ്രികരിച്ച് നടത്തിയ ചില നീക്കങ്ങള്‍ ആവേശം സൃഷ്ട്ടിച്ചെങ്കിലും അവ ഒന്നും ഗോളിലേക്കുള്ള ഷോട്ടിയില്ല എന്നത് ബ്ലാസ്റ്റേഴ്‌സിന് നിരാശയായി.
പ്രധാന സ്‌ട്രൈക്കര്‍ ജീസസിന്റെ അഭാവത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച പെപ്ര കിട്ടിയ സുവര്‍ണാവസരം കളിയുടെ 28 ആം മിനിറ്റില്‍ കളഞ്ഞുകുളിച്ചു. നോവ നീട്ടി നല്കിയ ഒരു അത്യുഗ്രന്‍ പാസിന് തലവെച്ച പെപ്ര തലവെച്ച ദുര്‍ബല ഷോട്ട് മുഹമ്മദന്‍സ് ഗോളി കൈയില്‍ ഒതുക്കി. ആദ്യ പകുതിയിലെ ഏറ്റവും നല്ല അവസരവും ഇതായിരുന്നു.
തുടര്‍ന്നും മികച്ച അവസരം ബ്ലാസ്റ്റേഴ്‌സിന് കിട്ടി. ആദ്യ പകുതിയുടെ അധിക സമയത്ത് ലൂണയില്‍ നിന്ന് തുടങ്ങിയ ഒരു മുന്നേറ്റം നോവയിലേക്ക് എത്തുന്നു. നോവയുടെ പാസ് കോറൂവിലേക്ക് എത്തുന്നു. കോറുവിന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ച് പോകുക ആയിരുന്നു. അതോടെ ആദ്യ പകുതിക്ക് അവസാനവുമായി.
രണ്ടാം പകുതിയിലേക്ക് വന്നാല്‍ കുറച്ച് കൂടി ഉയര്‍ന്ന് കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെ കാണാന്‍ സാധിച്ചു. നോവ സദോയിയുടെ തന്നെ നേതൃത്വത്തില്‍ ആയിരുന്നു ടീമിന്റെ മുന്നേറ്റം മുഴുവന്‍ . എന്നാല്‍ സീസണ്‍ തുടങ്ങി ഇത് വരെ തന്റെ പതിവ് താളത്തില്‍ എത്താന്‍ സാധിക്കാതിരുന്ന ലൂണ കളിയുടെ 62 ആം മിനിറ്റില്‍ തന്റെ മാജിക്ക് കാണിച്ചു. താരമെടുത്ത മികച്ച കോര്‍ണര്‍ കിക്ക് മുഹമ്മദന്‍സ് പോസ്റ്റിലേക്ക്, ഗോളി ബാസ്‌കര്‍ റോയി പന്ത് പഞ്ച് ചെയ്‌തെങ്കിലും പന്ത് സ്വന്തം വലയില്‍ , ബ്ലാസ്റ്റേഴ്‌സ് മുന്നില്‍ .
ഫലത്തില്‍ ഓണ്‍ ഗോളായി കൂട്ടുമെങ്കിലും ലൂണയുടെ കിക്കിനും കൈയടികള്‍ നല്കണം. തുടര്‍ന്ന് മുഹമ്മദന്‍സ് മനോഹരമായി ആക്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. ഇതിനിടയില്‍ 74 ആം മിനിറ്റില്‍ അപകടം വിതച്ച ലൂണയുടെ മറ്റൊരു കോര്‍ണര്‍ വന്നു, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ തുടര്‍ച്ചയായിട്ടുള്ള ഷോട്ട് ശ്രമങ്ങള്‍ക്ക് ശേഷം പെപ്ര പന്ത് വലയില്‍ എത്തിച്ചെങ്കിലും ഓഫ് സൈഡ് ഫ്‌ലാഗ് അപ്പോള്‍ ഉയര്‍ന്നിരുന്നു. എന്തായാലും രണ്ടാം ഗോളിന് ടീമിന് അധികം കാത്തുന്നില്‍ക്കേണ്ടി വന്നില്ല. ലൂണയുടെ മറ്റൊരു കോര്‍ണറില്‍ നിന്ന് തുടങ്ങിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.
കോര്‍ണര്‍ കിക്കിന് ശേഷം തട്ടിത്തെറിച്ച പന്ത് ലൂണയിലേക്ക് വീണ്ടും എത്തുന്നു, ലൂണയുടെ പാസ് കോറൂ സിങ്ങിലേക്ക്, ശേഷം കോറൂ നീട്ടിനല്കിയ പാസ് കളിയുടെ 80 ആം മിനിറ്റില്‍ ഹെഡര്‍ കിക്കിലുടെ വലയില്‍ ആക്കുന്നു. ബ്ലാസ്റ്റേഴ്‌സ് (2- 0) മുന്നില്‍ . തുടര്‍ന്നും ആക്രമിച്ച ബ്ലാസ്റ്റേഴ്‌സ് കളിയുടെ 90 ആം മിനിറ്റില്‍ മുഹമ്മദന്‍സിന്റെ ഷവപ്പട്ടിയിലെ അവസാന ആണിയടിച്ചു. മുഹമ്മദന്‍സ് ബോക്‌സില്‍ നിന്ന് തുടങ്ങിയ ക്വിക്ക് കൗണ്ടര്‍ , ലൂണയുടെ തകര്‍പ്പന്‍ പാസ് അല്കാസണ്ടര്‍ കോയഫിലേക്ക്, താരം ആകട്ടെ തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയില്‍ എത്തിച്ചു ടീമിന്റെ മൂന്നാം ഗോളും തന്റെ സീസണിലെ ആദ്യ ഗോളും നേടി .
Read more
അതോടെ ഏറെ നാളുകള്‍ക്ക് ശേഷം നന്നായി കളിച്ച ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ജയവുമായി കൊച്ചി വിട്ടു.