തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ പദ്ധതിയ്ക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച നിവേദനം നല്‍കിയത്. ഇതോടൊപ്പം കൊച്ചിയിലെ മൂന്നാംഘട്ട മെട്രോയ്ക്കും അനുമതി തേടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നേരത്തെ നടപ്പിലാക്കാനിരുന്ന ലൈറ്റ് മെട്രോയ്ക്ക് പകരമാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ പദ്ധതി. ഖട്ടാര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്. നേരത്തെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോവളത്ത് ഖട്ടാര്‍ പങ്കെടുത്തിരുന്നു.
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഖട്ടാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തിരുവനന്തപുരം-കോഴിക്കോട് മെട്രോ പദ്ധതികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം സമര്‍പ്പിച്ചത്. എന്നാല്‍ പദ്ധതിരേഖയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read more
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയുടെ ആലോചനങ്ങള്‍ പിന്നീട് അനന്തമായി നീളുകയായിരുന്നു.