ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപാണ് അമേരിക്കൻ കാർ കമ്പനിയായ ഫോർഡ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് തിരികെ പോയത്. നഷ്ടം കൂടിയും ഇന്ത്യൻ വിപണിയിലെ വളർച്ചയുടെ അഭാവവും മൂലമാണ് പ്രവർത്തനങ്ങൾ നിർത്തുന്നതെന്നായിരുന്നു ഫോർഡ് അന്ന് വ്യക്തമാക്കിയത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് തങ്ങളുടെ ചെന്നൈ പ്ലാന്റ് വിൽക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിൻമാറിയതോടെ ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരികയാണെന്ന അഭ്യൂഹങ്ങളും വന്നിരുന്നു.
ഫുൾസൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ട ഫോർച്യൂണറിന്റെ എതിരാളിയായിരുന്ന എൻഡവറും കൊണ്ടായിരിക്കും കമ്പനി മടങ്ങി വരിക എന്നാണ് റിപ്പോർട്ടുകൾ. ഇത് ഉറപ്പിക്കുന്നതിനായി എൻഡവറിന്റെ ഇന്ത്യയിൽ നിന്നുള്ള സ്പൈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. എസ്‌യുവിയുടെ ആഗോള പതിപ്പായ എവറസ്റ്റും മറ്റൊരു ഫോർഡ് റേഞ്ചർ പിക്കപ്പ് ട്രക്കുമാണ് ചെന്നൈയിൽ വെച്ച് ക്യാമറയിൽ പതിഞ്ഞത്.
അടുത്ത വർഷത്തോടെ ഫോർഡ് എൻഡവറുമായി ഇന്ത്യയിലെത്തുമെന്നാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോർട്ടുകൾ. നിലവിൽ എതിരാളികൾ ആരുമില്ലാതെയാണ് ഫുൾസൈസ് എസ്‌യുവി വിഭാഗത്തിൽ ഫോർച്യൂണർ മുന്നേറുന്നത്. ഈ സെഗ്മെന്റിനെ പുനർനിർമിക്കാനായി വമ്പൻ മാറ്റങ്ങളോടെയാകും എൻഡവർ എത്തുക.
ഫോർഡ് ഇന്ത്യ വിട്ട് കുറച്ച് മാസങ്ങൾക്ക് ശേഷം 2022ലാണ് ന്യൂ ജെനറേഷൻ എവറസ്റ്റ് ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ഓസ്‌ട്രേലിയ, തെക്ക്-കിഴക്കൻ ഏഷ്യ തുടങ്ങിയ ആഗോള വിപണികളിലാണ് എൻഡവർ എവറസ്റ്റ് എന്ന പേരിൽ വിറ്റഴിക്കുന്നത്. എൻഡവറിൽ ഉപയോഗിച്ച അതേ ലാഡർ-ഫ്രെയിം ആർക്കിടെക്ചർ പ്ലാറ്റ്‌ഫോം ആണ് ഉപയോഗിച്ചിരിക്കുന്നത്. പുതുതലമുറ പതിപ്പ് വലിപ്പം കൂട്ടിയാണ് ഫോർഡ് കൊണ്ടുവന്നത്.
എവറസ്റ്റ് എസ്‌യുവിയുടെ നീളവും ഉയരവും ചെറുതായി വർധിച്ചപ്പോൾ വീതി 146 എംഎം ആണ് കൂടിയിരിക്കുന്നത്. ക്യാബിനിൽ കൂടുതൽ ഇടമൊരുക്കിയിട്ടുണ്ട്. എസ്‌യുവിയുടെ വീൽബേസ് ഇപ്പോൾ 2,850 മില്ലിമീറ്ററിൽ നിന്ന് 2,900 മില്ലിമീറ്ററായി മാറിയിട്ടുണ്ട്.
എൻഡവറിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് റോഡ് പ്രസൻസാണ്. അത് നിലനിർത്തികൊണ്ട് തന്നെ ഡിസൈനിന്റെ കാര്യത്തിലും നിരവധി മാറ്റങ്ങൾക്ക് എസ്‌യുവി വിധേയമായിട്ടുണ്ട്. മുൻവശത്ത് വലിയ ഗ്രില്ലും മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റും എൽഇഡി ഡിആർഎൽ യൂണിറ്റുകളും നൽകിക്കൊണ്ട് എസ്‌യുവിക്ക് കൂടുതൽ ഷാർപ്പായ ലുക്ക് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കാണപ്പെട്ട എവറസ്റ്റ് എസ്‌യുവിക്ക് 2.0 ലിറ്റർ ടർബോ ഡീസൽ അല്ലെങ്കിൽ 2.0 ലിറ്റർ ബൈ-ടർബോ ഡീസൽ എഞ്ചിനാണ് കരുത്ത് പകരുന്നത്. ടർബോ എഞ്ചിന് 168 ബിഎച്ച്പി പവറും 405 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബൈ-ടർബോ എഞ്ചിൻ 208 ബിഎച്ച്പി പവറും 500 എൻഎം ടോർക്കും നൽകുന്ന തരത്തിലാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ടർബോ ഡീസൽ എഞ്ചിൻ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുന്നു.
ബൈ-ടർബോ എഞ്ചിനോടൊപ്പം 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വരുന്നത്. രണ്ട് ഗിയർബോക്സുകൾക്കും സെലക്ട്ഷിഫ്റ്റ് ലഭിക്കുന്നു. കൂടാതെ എസ്‌യുവി 4×2, 4×4 ഡ്രൈവ്ട്രെയിനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. മാത്രമല്ല സ്‌പോർട്ട്, പ്ലാറ്റിനം എന്നീ രണ്ട് വേരിയന്റുകളിലും എവറസ്റ്റ് എസ്‌യുവി വിൽക്കുന്നുണ്ട്. 247 ബിഎച്ച്പി പവറും 600 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന കൂടുതൽ ശക്തമായ 3.0 ലിറ്റർ V6 ടർബോ-ഡീസൽ എഞ്ചിനാണ് രണ്ട് വേരിയന്റുകൾക്കും തുടിപ്പേകുന്നത്.
Read more
പുതിയ എൻഡവറിന്റെ ഇന്റീരിയർ പണിതിരിക്കുന്നത് ഓൾ ബ്ലാക്ക് തീമിലാണ്. മോഡേൺ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് എസ്‌യുവി വരുന്നത്. 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, ഓട്ടോ-ഫോൾഡിംഗ് മൂന്നാം നിര സീറ്റുകൾ എന്നിവയാണ് വാഹനത്തിലെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ.