'ചെറിയ ശിക്ഷ നൽകിയാൽ കേസെടുക്കരുത്'; അധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാമെന്ന് ഹൈക്കോടതി

അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്ക് പോലും ക്രിമിനൽ കേസെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഉപദേശിച്ചതിൻറെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിൻറെ പേരിലോ അധ്യാപകർ കേസ് നേരിടേണ്ടി വരുമെന്ന സ്ഥിതി പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിദ്യാർഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആറാം ക്ലാസ് വിദ്യാർഥിയായ മകനെ അധ്യാപകൻ വടി കൊണ്ട് തല്ലിയതിന് പിതാവ് നൽകിയ ഹർജിയിൽ വിഴിഞ്ഞം പൊലീസ് ക്രിമിനൽ കേസ് എടുത്തിരുന്നു. കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. നേരത്തെ അധ്യാപകർ ഏർപ്പെടുത്തിയിരുന്ന അച്ചടക്ക നടപടികൾ വിദ്യാർഥികളുടെ ഭാവി മികച്ച രീതിയിൽ ഉണ്ടാക്കിയെടുക്കാൻ ഉപകരിച്ചിരുന്നു. വിദ്യാർഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ ഉന്നതിയിലും ഒരു അധ്യാപകന് വലിയ പങ്കാണുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.

അധ്യാപകർ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ അവിടെ ക്രിമിനൽ കേസ് പോലുള്ള ഭീഷണികൾ ഉണ്ടാകാൻ പാടില്ല. എല്ലാ അധ്യാപകരുടേയും എല്ലാ പ്രവർത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാൽ ഉപദേശിച്ചതിൻറെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിൻറെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുമെന്ന സ്ഥിതി പാടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ 14 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം നടത്തണം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത മേലുദ്യോഗസ്ഥൻറെ അനുമതിയോടെയാവണം ഇത്. പരാതിയിൽ കഴമ്പുണ്ട് എന്നുതോന്നിയാൽ കേസ് റജിസ്റ്റർ ചെയ്യാം. ഈ അന്വേഷണത്തിന്റെ ഘട്ടത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്യാനും പാടില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറത്തിറക്കണമെന്നും കോടതി നിർദേശിച്ചു.