മാരുതിക്ക് പുതിയ തലവേദനയുമായി ടാറ്റ! പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ..

താങ്ങാവുന്ന ബജറ്റിൽ ഒരു കുഞ്ഞൻ എസ്‌യുവിയുമായി ഇന്ത്യക്കാരുടെ മനസ്സിലേക്ക് ഓടിക്കയറിയ കാറാണ് ടാറ്റ പഞ്ച്. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നുകൂടിയാണ് ടാറ്റ പഞ്ച്. 2024 ഓഗസ്റ്റ് മാസത്തിൽ ടാറ്റ പഞ്ച് 15,643 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കൈയ്യടക്കി വെച്ചിരുന്ന ഒന്നാം സ്ഥാനം ഇക്കുറി മാരുതി ബ്രെസ കൊണ്ടുപോയി.

ഇപ്പോഴിതാ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തുകയാണ് ടാറ്റ. പുതിയ അപ്ഡേറ്റുകളും വേരിയന്റിൽ ചെറിയ മാറ്റങ്ങളുമായി എത്തുന്ന പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്.  ടാറ്റ കർവ് എസ്‌യുവി കൂപ്പെയുടെ ഇലക്ട്രിക് ഐസി എഞ്ചിൻ പതിപ്പുകൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെയാണ് പുറത്തിറക്കിയത്. അടുത്തതായി ടാറ്റയിൽ നിന്ന് വരാൻ പോകുന്ന മോഡലുകളിൽ ഒന്നായിരിക്കും പഞ്ച് ഫെയസ്‌സ്‌ലിഫ്റ്റ്. ഈ വർഷാരംഭത്തിൽ പുറത്തിറങ്ങിയ പഞ്ച് ഇവിയുടെ ഡിസൈനോട് സാദൃശ്യമുള്ള തരത്തിലാകും പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് എത്തുക.

നെക്‌സോണിന്റെ ഇലക്ട്രിക്, ഐസിഇ പതിപ്പുകൾക്ക് സമാനമായി ഇവ വേർതിരിച്ചറിയാൻ ചെറിയ ചില മാറ്റങ്ങൾ ഉണ്ടായിരിക്കും. പുതുക്കിയ ഫ്രണ്ട് ഫാസിയ, എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎല്ലുകൾ, ബമ്പറുകൾ എന്നിവ പ്രതീക്ഷിക്കാം. ക്യാബിനിനുള്ളിൽ മൊത്തത്തിലുള്ള ഡിസൈൻ മെച്ചപ്പെടുത്താൻ പുതിയ അപ്‌ഹോൾസ്റ്ററിയും പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് ഡിസൈനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റഡ് പഞ്ചിന്റെ കൂടുതൽ വേരിയന്റുകളിൽ ഇലക്ട്രിക് സൺറൂഫ് ലഭ്യമാകും. ഫ്രണ്ട് പാസഞ്ചറിനായി ഒരു പുതിയ കൺസോൾ, ഒരു ആംറെസ്റ്റ്, ഒരു സംയോജിത റിയർ എസി വെന്റ് എന്നിവയും അപ്‌ഡേറ്റിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 2024 ടാറ്റ പഞ്ച് അതിന്റെ കൂടെപ്പിറപ്പായ നെക്സോണിൽ നിന്നുള്ള നിരവധി ഫീച്ചറുകൾ കടംകൊള്ളും.

പുതിയ ടാറ്റ പഞ്ച് പ്യുവർ, പ്യുവർ (O), അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അഡ്വഞ്ചർ S, അഡ്വഞ്ചർ+ S, അകംപ്ലിഷ്ഡ് ഡാസിൽ, അകംപ്ലിഷ്ഡ്+, അകംപ്ലിഷ്ഡ് ഡാസിൽ സൺറൂഫ്, അകംപ്ലിഷ്ഡ്+ സൺറൂഫ്, ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ക്രിയേറ്റീവ് സൺറൂഫ്, ക്രിയേറ്റീവ്+ S വേരിയന്റുകളിൽ ലഭ്യമാകും. പ്യുവർ റിഥം, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് സൺറൂഫ്, ക്രിയേറ്റീവ് എന്നീ വേരിയന്റുകൾ നിർത്തലാക്കും.

Read more

മെക്കാനിക്കലായി ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഓപ്ഷനുകൾക്കൊപ്പം 1.2 ലിറ്റർ നാചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ നിലനിർത്തും. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുമായാണ് പഞ്ച് വരിക. സിഎൻജി മോഡിൽ ഈ എഞ്ചിൻ 73.4 ബിഎച്ച്പി പവറും 103 എൻഎം ടോർക്കും നൽകുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മാത്രമേ പഞ്ച് സിഎൻജി ലഭിക്കൂ. മറ്റ് ടാറ്റ കാറുകളെപ്പോലെ പഞ്ച് ഇവിക്കും സുരക്ഷയുടെ കാര്യത്തിൽ എ പ്ലസ് ആണ് ലഭിക്കുന്നത്. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം അവസാനത്തോടെ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.