കിടിലൻ ടുവീലറുകൾ ഇന്ത്യക്കാർക്ക് വേണ്ടി പണിത് പുറത്തിറക്കുന്നവരാണ് സുസുക്കി എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ സാധ്യതയില്ല. ആക്‌സസ് എന്ന മോഡലിലൂടെയാണ് ബ്രാൻഡ് ക്ലച്ചുപിടിച്ചതെങ്കിലും ഇന്ന് പലതരത്തിലുള്ള പരീക്ഷണങ്ങൾക്കും കമ്പനി തയ്യാറാകാറുണ്ട്. 150 സിസി, 250 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ജിക്‌സർ സീരീസ് മോഡലുകളാണ് സുസുക്കിയുടെ വജ്രായുധങ്ങൾ.
ഈ വർഷം വരാനിരിക്കുന്ന OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ജിക്‌സർ ശ്രേണിയെ പുത്തൻ എഞ്ചിൻ ഉപയോഗിച്ച് നവീകരിച്ചിരിക്കുകയാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. അടുത്തിടെ ഹോണ്ട തങ്ങളുടെ ബൈക്ക് ശ്രേണി നവീകരിച്ചതിന് സമാനമാണിത്. ജിക്‌സർ 155, ജിക്‌സർ SF 155, ജിക്‌സർ 250, ജിക്‌സർ SF 250, വി-സ്ട്രോം SX 250 എന്നീ മോഡലുകളുടെ എഞ്ചിനാണ് ഇപ്പോൾ നവീകരണത്തിന് വിധേയമായിരിക്കുന്നത്.
എല്ലാ മോട്ടോർസൈക്കിളുകൾക്കും OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിൻ മാത്രമല്ല, 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി പുതിയ കളർ ഓപ്ഷനുകളും ബൈക്കുകൾക്ക് കമ്പനി സമ്മാനിച്ചിട്ടുണ്ട്. പുതിയ ജിക്‌സർ 155, ജിക്‌സർ SF 155, ജിക്‌സർ 250, ജിക്‌സർ SF 250, വി-സ്ട്രോം SX 250 മോഡലുകളുടെ പുതിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
2025 സുസുക്കി ജിക്‌സർ, ജിക്‌സർ SF 155 മോട്ടോർസൈക്കിളുകളുടേയും എഞ്ചിൻ OBD-2B കംപ്ലയൻസിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റമുണ്ടായിട്ടില്ല. പുതിയ 155 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിന് 8,000 ആർപിഎമ്മിൽ 13.4 bhp കരുത്തും 6,000 ആർപിഎമ്മിൽ 13.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.
5-സ്പീഡ് ഗിയർബോക്സുമായാണ് ജിക്‌സർ 155 സീരീസിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ജിക്സർ, ജിക്സർ SF എന്നിവയ്ക്ക് മെറ്റാലിക് ട്രൈറ്റൺ ബ്ലൂ/പേൾ ഗ്ലേസിയർ വൈറ്റ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് ഊർട്ട് ഗ്രേ/മെറ്റാലിക് ലഷ് ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. 2025 ജിക്സറിന്റെ വില 1.38 ലക്ഷം മുതലും, ജിക്സർ SF പതിപ്പിന് 1.47 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
2025 സുസുക്കി ജിക്‌സർ 250 മോഡലുകളുടെ കാര്യത്തിലേക്ക് വന്നാൽ ജിക്‌സർ 250, ജിക്‌സർ SF 250 എന്നിവയുടെ എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിക്കുകയാണുണ്ടായത്. OBD-2B കംപ്ലയിന്റ് എഞ്ചിൻ 9,300 ആർപിഎമ്മിൽ 26.1 bhp പവറും 7,300 ആർപിഎമ്മിൽ 22.2 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ 6-സ്പീഡ് ഗിയർബോക്‌സുമായാണ് വരുന്നത്.
ഉയർന്ന പെർഫോമൻസ്, കുറഞ്ഞ ഇന്ധന ഉപഭോഗം, എളുപ്പത്തിലുള്ള അറ്റകുറ്റപ്പണി എന്നിവയ്ക്കായി സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റം , സുസുക്കി ഇക്കോ പെർഫോമൻസ് സാങ്കേതികവിദ്യകളും ജിക്‌സറിന്റെ ക്വാർട്ടർ ലിറ്റർ സെഗ്മെന്റ് മോഡലുകളിൽ ഒരുക്കിയിട്ടുമുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവൽ-ചാനൽ എബിഎസ് തുടങ്ങിയ ചില അധിക ഫീച്ചറുകളും പ്രത്യേകതകളാണ് പറയാം.
ജിക്‌സർ, ജിക്സർ SF 250 എന്നിവയ്ക്ക് മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2/ മെറ്റാലിക് മാറ്റ് ബോർഡോ റെഡ്, മെറ്റാലിക് ട്രൈറ്റൺ ബ്ലൂ/പേൾ ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളും സുസുക്കി സമ്മാനിച്ചിട്ടുണ്ട്. നേക്കഡ് ബൈക്കിന് 1.98 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം ഫെയർഡ് സ്റ്റൈൽ മോഡലിന് 2.07 ലക്ഷം രൂപ മുതലും എക്സ്ഷോറൂം വില മുടക്കേണ്ടി വരും.
Read more
നിലവിൽ സുസുക്കിയുടെ നിരയിലെ ഏറ്റവും ജനപ്രിയമായ വി-സ്ട്രോം SX250 അഡ്വഞ്ചർ ബൈക്കും വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. 249 സിസി ഫോർ-സ്ട്രോക്ക്, ഓയിൽ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിന് 26.1 bhp പവറിൽ 22.2 Nm torque നൽകാൻ ഇപ്പോഴും സാധിക്കും. ചാമ്പ്യൻ യെല്ലോ നമ്പർ 2, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് സോനോമ റെഡ് എന്നീ പുതിയ നിറങ്ങളും ഇനി മുതൽ ലഭ്യമായിരിക്കും. ബേബി വി-സ്ട്രോമിനായി മുടക്കേണ്ടത് 2.16 ലക്ഷമാണ്.