ഗൗരി ലങ്കേഷ് വധം; വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കോടതി; അവസാന പ്രതിയ്ക്കും ജാമ്യം

കര്‍ണാടകയില്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അവസാന പ്രതിയ്ക്കും ജാമ്യം അനുവദിച്ച് കോടതി. ശരദ് ഭാസാഹിബ് കലസ്‌കറിനാണ് കേസില്‍ ഒടുവിലായി ജാമ്യം ലഭിച്ചിരിക്കുന്നത്. ശരദ് ഭാസാഹിബ് കലസ്‌കറിന് ജാമ്യം ലഭിച്ചതോടെ കേസില്‍ പിടിയിലായ 17 പ്രതികളും ജാമ്യത്തിലായി.

2017 സെപ്റ്റംബര്‍ 5ന് രാത്രി ആയിരുന്നു ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ വച്ചാണ് ഗൗരി ലങ്കേഷിനെ പ്രതികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഗൗരി ലങ്കേഷ് കേസില്‍ 18 പേരാണ് പ്രതി പട്ടികയിലുള്ളത്. എന്നാല്‍ കേസിലെ ഒരു പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

അതേസമയം കേസില്‍ ബാക്കിയായ 17 പേര്‍ക്കും നിലവില്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്. പ്രതികള്‍ 2018 മുതല്‍ കസ്റ്റഡിയിലാണെന്നും വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ചൂണ്ടികാട്ടിയാണ് ജാമ്യം നല്‍കിയത്. പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി ബി മുരളീധര പൈയാണ് ജാമ്യം അനുവദിച്ചത്.