കായിക താരത്തെ പീഡിപ്പിച്ച സംഭവം; ഇതുവരെ അറസ്റ്റിലായത് 20 പേര്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിത കമ്മീഷന്‍

പത്തനംതിട്ടയില്‍ കായിക താരത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ 20 പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടിട്ടുണ്ട്.

64 പേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇതില്‍ 62 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കായികതാരമായ പെണ്‍കുട്ടിയെ പരിശീലകര്‍ പോലും ദുരുപയോഗം ചെയ്‌തെന്നാണ് കേസില്‍ പൊലീസിന്റെ കണ്ടെത്തല്‍. സ്‌കൂള്‍തല കായികതാരമായ പെണ്‍കുട്ടി ക്യാമ്പില്‍ വച്ചും പീഡനത്തിനിരയായി.

കേസില്‍ നേരത്തെ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ വിവിധ സ്റ്റേഷനുകളിലായി ഏഴ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 13 വയസ് മുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു. ഇന്ന് റാന്നിയില്‍ നിന്നുള്ള ആറുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരില്‍ മൂന്ന് ഓട്ടോ ഡ്രൈവര്‍മാരും ഒരാഴ്ച മുമ്പ് വിവാഹം നിശ്ചയിച്ചയാളും പ്ലസ് ടു വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നു. പെണ്‍കുട്ടിയെ സുഹൃത്തായ സുബിന്‍ ആണ് ആദ്യം ലൈഗികമായി പീഡിപ്പിച്ചത്. റബര്‍ തോട്ടത്തില്‍ നച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചു.

ഇതിന് പിന്നാലെ സുബിന്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബ സാഹചര്യവും പ്രതികള്‍ ചൂഷണം ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പത്തനംതിട്ട പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.