ഒന്നൊന്നര എൻട്രിയുമായി ഹോണ്ട മുതൽ സുസുക്കി വരെ; ഇനി വരാൻ പോകുന്ന ചില കിടിലൻ ഇവികൾ !

ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കികൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത്. ഇരുചക്രവാഹനങ്ങൾ ആയാലും നാല് ചക്രവാഹനങ്ങൾ ആയാലും മലയാളികൾ വരെ ഇവികളെ നെഞ്ചിലേറ്റി കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നമ്മുടെ രാജ്യത്ത് സബ്‌സിഡി നൽകി വരുന്നുണ്ട്. എന്നാൽ കൂടുതൽ ആളുകൾക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിന് 2023 ജൂൺ മുതൽ ഓരോ ഇവികൾക്കും നല്കിവന്നിരുന്ന FAME II സബ്‌സിഡികൾ കുറച്ചതോടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ഉയർത്തി.

ആളുകൾ വിലക്കൂടുതൽ കാരണം വാഹനങ്ങൾ വാങ്ങാൻ വരാതായതോടെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കൾ കൂടുതൽ താങ്ങാനാവുന്ന സ്‌കൂട്ടറുകൾ വിപണിയിൽ അവതരിപ്പിക്കാൻ തീരുമാനമെടുത്തു. ഇതിനായി ചെറിയ ബാറ്ററി പായ്ക്കുകൾ ഘടിപ്പിച്ച് ഫീച്ചറുകൾ വെട്ടിക്കുറച്ച് താങ്ങാവുന്ന വിലയിൽ ഇവികൾ ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. വിപണിയിലെത്തിയ ഏഥർ 450S, ഓല S1X എന്നിവ ഇതിന് ഉദാഹരണമാണ്.

സ്റ്റാർട്ടപ്പുകൾക്കൊപ്പം കൂടാതെ ഹോണ്ട, സുസുക്കി തുടങ്ങിയ ചില പ്രമുഖ പരമ്പരാഗത ടൂവീലർ നിർമാതാക്കളും കുറഞ്ഞ വിലയിൽ ഇവികൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിൽ വരാനിരിക്കുന്ന താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഏതൊക്കെയെന്ന് നോക്കാം.

ഏഥർ

ബെംഗളൂരു ആസ്ഥാനമായുള്ള അറിയപ്പെടുന്ന ഇവി സ്റ്റാർട്ടപ്പാണ് ഏഥർ. ഏഥറിൽ നിന്ന് പുതിയതായി ഒരു ഫാമിലി ഇ-സ്‌കൂട്ടർ വരാൻ പോകുന്നുവെന്ന കാര്യം ഈയിടെ പുറത്തറിഞ്ഞിരുന്നു. ഇതിന്റെ പരീക്ഷണയോട്ടം ചില ക്യാമറകളിൽ പതിയുകയും ചെയ്തിരുന്നു. ഇത് നിലവിലെ 450 റേഞ്ചിനെക്കാൾ വലുതും കൂടുതൽ ഇടം വാഗ്ദാനം ചെയ്യുന്നതുമാണ്.

2024 ന്റെ ആദ്യ പകുതിയിൽ ഈ വാഹനം പുറത്തിറക്കും എന്നാണ് ആതർ എനർജിയുടെ സഹസ്ഥാപകനായ തരുൺ മേത്തയുടെ ട്വീറ്റ് നൽകുന്ന സൂചന. ലോഞ്ച് ചെയ്യുമ്പോൾ ഇത് ഇന്ത്യയിലെ വരാനിരിക്കുന്ന മറ്റ് സ്‌കൂട്ടറുകൾക്കിടയിൽ TVS iQube-മായി മത്സരിക്കും. 450X, 450S എന്നിങ്ങനെ രണ്ട് മോഡലുകളാണ് നിലവിൽ ഏഥർ വിപണിയിൽ എത്തിക്കുന്നത്.

സിമ്പിൾ ഡോട്ട് വൺ

തമിഴ്‌നാട് ആസ്ഥാനമായുള്ള മറ്റൊരു സ്റ്റാർട്ടപ്പാണ് സിമ്പിൾ എനർജി. സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന് പേരുകേട്ടതാണ് കമ്പനി. ഇത് 212 കിലോമീറ്റർ IDC റേഞ്ച് അവകാശപ്പെടുന്ന വാഹനമാണിത്. ഇതിന്റെ 50 യൂണിറ്റുകൾ ഇതിനകം തന്നെ കമ്പനി വിതരണം ചെയ്തു കഴിഞ്ഞു. ഇപ്പോൾ രണ്ടാമത്തെ ഉൽപ്പന്നമായ സിമ്പിൾ ഡോട്ട് വൺ കൂടുതൽ താങ്ങാനാവുന്ന വിലയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഡിസംബർ 15 ന് സിമ്പിൾ ഡോട്ട് വണ്ണിന്റെ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓല S1X-ന്റെ പ്രധാന എതിരാളിയായിരിക്കും സിമ്പിൾ ഡോട്ട് വൺ.

ഹോണ്ട ആക്ടിവ ഇവി

ടിവിഎസും ഹീറോയും പോലുള്ള മുഖ്യധാരാ നിർമ്മാതാക്കൾ ഇവി രംഗത്ത് ഇതിനകം തന്നെ പ്രവേശിച്ചെങ്കിലും അൽപം വൈകിയാണെങ്കിലും ഹോണ്ടയും കിടിലൻ എൻട്രി നടത്താൻ ഒരുങ്ങുകയാണ്. രാജ്യത്തെ സ്കൂട്ടർ സെഗ്മെന്റിലെ രാജാവാണ് ആക്ടീവ. ആക്ടീവയെ ഇലക്ട്രിക് ആക്കാൻ പോവുകയാണ് ഹോണ്ട.

2024-ന്റെ തുടക്കത്തിൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഹോണ്ട ആക്ടിവ ഇലക്ട്രിക് മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കും. സ്കൂട്ടറിന്റെ മറ്റ് വിശദാംശങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

സുസുക്കി ബർഗ്മാൻ ഇലക്ട്രിക്

ഇവിയുമായി ഹോണ്ട വിപണിയിലേക്ക് വരാനൊരുങ്ങുന്നത് പോലെ ഇ-ബർഗ്മാൻ ഇലക്ട്രിക് സ്കൂട്ടറുമായി ഈ സെഗ്‌മെന്റിലേക്ക് വരാൻ തയ്യാറെടുക്കുകയാണ് സുസുക്കി. ഈ സ്‌കൂട്ടർ ഇതിനകം തന്നെ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തിക്കഴിഞ്ഞു. ഒക്‌ടോബറിൽ നടന്ന 2023 ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി ബർഗ്മാൻ ഇലക്ട്രിക് പ്രദർശിപ്പിച്ചിരുന്നു. 2024ന്റെ ആദ്യ പകുതിയിൽ ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷ. ഒരു ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് ഇ-ബാർഗ്മാന് പ്രതീക്ഷിക്കുന്നത്. വെറും 44 കിലോമീറ്റർ റേഞ്ച് മാത്രമായിരിക്കും ഈ ബാറ്ററി പായ്ക്ക് നൽകുകയെന്നാണ് റിപ്പോർട്ടുകൾ.